UDF

2015, നവംബർ 21, ശനിയാഴ്‌ച

സബര്‍ബന്‍ തീവണ്ടിക്ക് ഉടന്‍ ധാരണാപത്രം


പുതിയ റെയില്‍പ്പാതയ്ക്കായി സമ്മര്‍ദ്ദം വേണം


തിരുവനന്തപുരം: തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ തീവണ്ടി നടപ്പാക്കുന്നതിന്‌ 
റെയില്‍വേ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ധാരണാപത്രം ഒപ്പിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന് മുന്നോടിയായുള്ള എം.പി.മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് അടുത്ത 10ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

നിലമ്പൂര്‍-സുല്‍ത്താന്‍ബത്തേരി-ബെംഗളൂരു 
റെയില്‍പ്പാതയ്ക്കുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് അദ്ദേഹം എം.പി.മാരോട് ആവശ്യപ്പെട്ടു. ബംഗളൂരുവിലേക്ക് പുതിയ തീവണ്ടി സര്‍വീസ് വേണം. ശബരി റെയില്‍പ്പാത നിര്‍മാണത്തിന് പൂര്‍ണ കേന്ദ്രപങ്കാളിത്തം വേണം.

വൈദ്യുതീകരണവും പാതയിരട്ടിപ്പിക്കലും പൂര്‍ത്തിയാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കേന്ദ്രസര്‍ക്കാരിനുമുന്നില്‍ ഉന്നയിക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാനായി 9ന് ഡല്‍ഹിയില്‍ കേരളത്തില്‍നിന്നുള്ള എം.പി.മാരുടെ പ്രത്യേക യോഗം വിളിക്കാനും യോഗം തീരുമാനിച്ചു. 

റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിലസ്ഥിരതാഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് എം.പി.മാര്‍ ഇരു സഭകളിലും ആവശ്യപ്പെടും. റബ്ബര്‍ബോര്‍ഡ് ചെയര്‍മാനെ ഉടന്‍ നിയമിക്കണം.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖം, എല്‍.എന്‍.ജി. ടെര്‍മിനല്‍ തുടങ്ങിയവയ്ക്കുള്ള കേന്ദ്രസഹായം നേടിയെടുക്കുന്നതിലും എം.പി.മാരുടെ സഹകരണം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ നഷ്ടം നികത്താന്‍ 168 കോടിയുടെ ബജറ്റ് സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. വല്ലാര്‍പാടം ടെര്‍മിനലിന്റെയും എല്‍.എന്‍.ജി. ടെര്‍മിനലിന്റെയും കഴിഞ്ഞ എട്ടുവര്‍ഷമായുള്ള സഞ്ചിത നഷ്ടം 478.77 കോടിയാണ്. തുറമുഖനിര്‍മാണത്തിന് 2010 വരെ 258.14 കോടി രൂപയാണ് കേന്ദ്രത്തില്‍നിന്ന് ലഭിച്ചത്. 

ഇതിന്റെ പലിശയായി 263.53 കോടിയും പിഴപ്പലിശയായി 715.34 കോടിയും തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. തുറമുഖത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിഴപ്പലിശ തടസ്സമായതിനാല്‍ ഇത് 14.5 കോടിയാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.