UDF

2015, നവംബർ 27, വെള്ളിയാഴ്‌ച

വെള്ളാപ്പള്ളിയുടെ വിമര്‍ശനം വാസ്തവവിരുദ്ധം


 സമത്വമുന്നേറ്റ യാത്രയ്ക്കിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി. കേരളീയ സമൂഹത്തില്‍ വിഭാഗീയതയും വിദ്വേഷവും സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വികസനം നടന്നത് മലപ്പുറം, കോട്ടയം ജില്ലകളില്‍ മാത്രമാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം വസ്തുതാപരമല്ല. ആര്‍.എസ്.എസ് നടത്തിവന്ന ആരോപണത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഒന്നായി കണ്ട് പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നത് അഭിമാനത്തോടെ പറയാനാകുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്തിന്റെ സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഏതെങ്കിലും പ്രദേശങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചിട്ടില്ല. ജില്ലകളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് പദ്ധതികള്‍ നടപ്പാക്കിയത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സഹായം എത്തിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുണ്ട്. 

ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് കാസര്‍കോടാണെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ജില്ലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. അതുകഴിഞ്ഞാല്‍ തലസ്ഥാന നഗരിയുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാധാന്യം നല്‍കിയത്. സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന എറണാകുളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും കുടിവെള്ള പ്രശ്‌നത്തിനും ശാശ്വതപരിഹാരം കാണുന്നതിനും നടപടിയെടുത്തു. 

അടുത്ത വര്‍ഷത്തോടെ മുഴുവന്‍ പഞ്ചായത്തുകളിലും ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഹയര്‍സെക്കന്ററി സ്‌കൂളുകളില്ലാത്ത 146 പഞ്ചായത്തുകളില്‍ 136 ഇടത്തും സ്‌കൂളുകള്‍ അനുവദിച്ചു. ഇതൊന്നും പ്രാദേശികമായ പരിഗണനയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് ജനങ്ങള്‍ക്ക് മനസിലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.