UDF

2015, നവംബർ 8, ഞായറാഴ്‌ച

ശബരിമല റോഡ് പണികള്‍ക്ക് കലണ്ടര്‍ സമ്പ്രദായം ഏര്‍പ്പെടുത്തും


പമ്പ: ശബരിമല റോഡുകളുടെ പണി കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ കലണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പമ്പയില്‍ ശബരിമല തീര്‍ഥാടന അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തീര്‍ഥാടന കാലത്തേക്കുള്ള കലണ്ടര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി ഉത്തരവായി.

ശബരിമല റോഡ് കലണ്ടറില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏതൊക്കെ റോഡാണ് പണിയേണ്ടത്, ഹൈക്കോടതി നിര്‍ദ്ദേശിച്ച റോഡുകള്‍, പണിക്കുവേണ്ട തുക, എന്നത്തേക്ക് ഭരണാനുമതി, എപ്പോള്‍ ടെന്‍ഡര്‍, പണി തുടങ്ങുന്ന തിയ്യതി എന്നിവ കലണ്ടറില്‍ ഉണ്ടാകണം.


കലണ്ടറില്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍ നിശ്ചിതസമയത്ത് പൂര്‍ത്തീകരിക്കണം. ശബരിമല ഫണ്ട് തീര്‍ഥാടനകാലം കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യസമയത്ത് വിനിയോഗം ഉറപ്പുവരുത്താനാണ് ഈ നിബന്ധനവയ്ക്കുന്നത്.

ഇക്കൊല്ലം ശബരിമല റോഡുകളുടെ പണി വൈകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഏതുകാരണം കൊണ്ടാണെങ്കിലും ആവര്‍ത്തിക്കരുത്. പണിയുടെ മേല്‍നോട്ടം എല്ലാ ദിവസവും നടത്താന്‍ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

പമ്പയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ശേഷികൂട്ടുന്ന ജോലി ഈ തീര്‍ഥാടനകാലം കഴിഞ്ഞാലുടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെലുങ്കാന സംസ്ഥാനം നിലയ്ക്കലില്‍ ഏറ്റെടുക്കുന്ന ഇടത്ത് തീര്‍ഥാടക സഹായകേന്ദ്രം ഉടന്‍ തുടങ്ങുമെന്ന് അവിടത്തെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഉടന്‍ അദ്ദേഹം എത്തി തറക്കല്ലിടും.

സന്നിധാനത്ത് പുതിയ സര്‍ക്കാര്‍ ആസ്​പത്രി നിര്‍മ്മാണം ഈ സീസണ്‍ കഴിഞ്ഞാലുടന്‍ തുടങ്ങുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. തീര്‍ഥാടന പാതയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ പാര്‍ലറുകള്‍ തുടങ്ങും. ഇവിടെ താല്‍ക്കാലിക ഷെഡ് നിര്‍മ്മാണത്തിന് വനംവകുപ്പ് അനുമതി നല്‍കും. സീസണ്‍ കഴിഞ്ഞാല്‍ ഇത് പൊളിച്ചുനീക്കും. ഇവിടെ ഹൃദയപുനരുജ്ജീവന യന്ത്രവും സ്ഥാപിക്കും.