UDF

2015, നവംബർ 11, ബുധനാഴ്‌ച

മാണിയുടെ രാജി ജനാധിപത്യമൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്നത്


തിരുവനന്തപുരം∙ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള കെ.എം. മാണിയുടെ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫോ താനോ കോൺഗ്രസ് ഹൈക്കമാൻഡോ കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി വയ്ക്കാനുള്ള തീരുമാനം അദ്ദേഹം സ്വയം കൈക്കൊണ്ടതാണ്. ബാർകോഴ കേസിൽ മാണി കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ.എം. മാണി രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയും യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനും മാധ്യമങ്ങളെ കണ്ടത്.

കേസ് വന്ന അന്നുമുതൽ മാണി കുറ്റവാളിയാണെന്ന് യുഡിഎഫ് വിശ്വസിച്ചിരുന്നില്ല. ആ നിലപാട് തന്നെയാണ് യുഡിഎഫിന് ഇപ്പോഴുമുള്ളത്. മാണി തെറ്റുചെയ്തെന്ന് വിശ്വസിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ട് ചില ഹൈക്കോടതി പരാമർശങ്ങൾ വന്നിരുന്നു. സ്വന്തമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അദേഹം രാജിവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ താനോ യുഡിഎഫോ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡ് രാജി ആവശ്യപ്പെടാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം കൊടുത്തുവെന്ന വാർത്തയും തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാണി പറയുന്നതിനനുസരിച്ച് പുതിയ മന്ത്രിയുടെ കാര്യവും അദേഹത്തിന് നൽകുന്ന വകുപ്പിന്റെ കാര്യവും തീരുമാനിക്കും. മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് തുനിഞ്ഞ കോൺഗ്രസ് നേതാക്കളുടെ രീതിയോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.