UDF

2014, ജൂലൈ 30, ബുധനാഴ്‌ച

മാര്‍ട്ടിനെ കേരളത്തിന് പുറത്ത് തന്നെ നിര്‍ത്തുമെന്ന് മുഖ്യമന്ത്രി

മാര്‍ട്ടിനെ കേരളത്തിന് പുറത്ത് തന്നെ നിര്‍ത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ കേരളത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ പേപ്പര്‍ലോട്ടറി നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സിക്കിം ലോട്ടറിയുടെ വില്‍പ്പന വിലക്കരുതെന്ന സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

 

കഴിഞ്ഞ മൂന്നു വര്‍ഷം അതിര്‍ത്തിക്ക് പുറത്ത് നിര്‍ത്തിയ മാര്‍ട്ടിനെ പുറത്തു തന്നെ നിര്‍ത്തുന്ന തരത്തിലുള്ള നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഇപ്പോഴത്തെ സുപ്രീം കോടതി വിധി കേന്ദ്ര നിയമത്തിന്റെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയുള്ളതാണ്. വിധി കൂടുതല്‍ പഠിച്ച ശേഷം നിയമപരമായ ഇടപെടലുകളും അതിന് ശേഷം കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഭരണപരമായ നിലപാടും സര്‍ക്കാര്‍ എടുക്കും. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം വ്യക്തമാക്കി. 

 

പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ച തീരുമാനവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വന്നതുകൊണ്ടാണ് ഇതുവരെ ഉത്തരവ് ഇറക്കാത്തത്. പ്ലസ് ടു വിഷയത്തില്‍ അഴിമതി ആരോപിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും അഴിമതിയുണ്ടെങ്കില്‍ ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. 

 

ദേശീയ ചുഴലിക്കാറ്റ് ദുരന്ത പ്രതിരോധ പദ്ധതി സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളില്‍ക്കൂടി നടപ്പിലാക്കാനും, സര്‍ക്കാര്‍ കോളേജുകളില്ലാത്ത നിയോജക മണ്ഡലങ്ങളില്‍ കോളേജ് തുടങ്ങുക എന്ന പദ്ധതി പ്രകാരം ഒല്ലൂരില്‍ സര്‍ക്കാര്‍ കോളേജ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.