UDF

2014, ജൂലൈ 25, വെള്ളിയാഴ്‌ച

മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ അതിവേഗത്തിന്‍റെ ദിനം

 
 
 
 
 

 


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ഡല്‍ഹിയില്‍ അതിവേഗത്തിന്‍റെ മറ്റൊരു ദിനം. രാവിലെ ഒന്‍പതിനു തുടങ്ങി വൈകുന്നേരം അഞ്ചര വരെ നീണ്ട ഓട്ടത്തിനിടയില്‍ അഞ്ചു കേന്ദ്രമന്ത്രിമാരെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ്പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി, എ.കെ. ആന്‍റണി തുടങ്ങിയവരെയുമാണു മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.


കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവധേക്കര്‍, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി എന്നിവരെയാണ് മുഖ്യമന്ത്രി കണ്ടത്. കേന്ദ്ര മാനവശേഷി വികസനവകുപ്പുമന്ത്രി സ്മൃതി ഇറാനിയെ കണ്ട് കേരളത്തിന് ഐഐടി അനുവദിച്ചതിനു നന്ദി പറഞ്ഞു. പത്തനംതിട്ടയില്‍ കേന്ദ്രീയ വിദ്യാലയം അനുവദിച്ചതാണ്. സംസ്ഥാന സര്‍ക്കാര്‍ 6.5 ഏക്കര്‍ വിട്ടുകൊടുത്തിട്ടുമുണ്ട്. എത്രയും വേഗം അതിന്‍റെ പണിപൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായി കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്നതു രണ്ടാം തലമുറ പ്രശ്നങ്ങളാണ്. കേരളത്തില്‍ നടപ്പാക്കിയ വിദ്യാര്‍ഥി സംരംഭക പരിപാടിയെ മന്ത്രി അഭിനന്ദിച്ചു. വിദ്യാര്‍ഥി സംരംഭകരുടെ ആശയങ്ങള്‍ കേന്ദ്രതലത്തില്‍ പരിഗണിക്കുമെന്ന് സ്മൃതി ഇറാനി മുഖ്യമന്ത്രിയോടു പറഞ്ഞു.


തീരദേശ പരിപാലന നിയമത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറെ കണ്ടത്. സംസ്ഥാനത്ത് തീരമേഖലയില്‍ ഇതുമൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കത്ത് കൊടുത്തു. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു വീട് വയ്ക്കാനോ, വീടിന്‍റെ അറ്റകുറ്റപ്പണി നടത്താനോ അനുമതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടാണ് കേന്ദ്രമന്ത്രി കൈക്കൊണ്ടത്.


ശാസ്താംകോട്ട കായല്‍ നവീകരണ പദ്ധതിക്കു വകുപ്പിന്‍റെ അംഗീകാരം തേടുകയും വനത്തില്‍ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ പുറത്ത് അധിവസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര സഹായം തേടുകയും ചെയ്തു. 800 കുടുംബങ്ങളാണ് ഇത്തരത്തില്‍ കാട്ടിനുള്ളില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും വനസംരക്ഷണത്തിനുമാണു സഹായം ആവശ്യപ്പെട്ടത്.
കേരളത്തിന്‍റെ ധനക്കമ്മി മറികടക്കാനുള്ള പാക്കെജ് നടപ്പാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സഹായം ഉണ്ടാകുമെന്ന് നേരത്തേതന്നെ അംഗീകരിച്ചിട്ടുള്ളതാണെന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സഹകരണമേഖലയിലെ നിക്ഷേപത്തിനു വരുമാന നികുതി ഏര്‍പ്പെടുത്തുന്ന നടപടി കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുമെന്നതിനാല്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതിക്കു ബന്ധപ്പെട്ട വയബിലിറ്റി ഗ്യാപ് ഫണ്ടിന് സഹായം തേടി.


കൊച്ചി മെട്രൊ റെയ്ലിന് കേന്ദ്ര വിഹിതം 879 കോടി രൂപയാണ്. എന്നാല്‍, ബജറ്റില്‍ 462 കോടി രൂപയേ വകകൊളളിച്ചിട്ടുള്ളൂ. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നതിനാല്‍ അവശേഷിച്ച 417 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കണമെന്നും ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
വിദേശരാജ്യങ്ങളില്‍ ബുദ്ധിമുട്ടില്‍ കഴിയുന്നവരുടെ പ്രശ്നങ്ങളാണു വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ മുഖ്യമന്ത്രി ധരിപ്പിച്ചത്. മൂന്ന് കേരളീയര്‍ അടക്കം ഒന്‍പതുപേര്‍ സൊമാലിയയില്‍ തടവില്‍ കഴിയുകയാണ്. അവരെ തിരിച്ചുകൊണ്ടുവരുന്നതിനു കഴിഞ്ഞ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. അതുപോലെ ദുബായില്‍ തടഞ്ഞിട്ട കപ്പലിലെ ജീവനക്കാര്‍ മാസങ്ങളായി കപ്പലില്‍ തങ്ങുകയാണ്. മൂന്ന് മലയാളികള്‍ ഇക്കൂട്ടത്തിലുണ്ട്.


അവരെയെല്ലാം തിരിച്ചുകൊണ്ടുവരുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എറണാകുളത്തെ ഷിജു എന്ന യുവാവ് അച്ഛന്‍റെ മരണത്തെ തുടര്‍ന്നു നാട്ടില്‍ വന്നിട്ടു തിരികെ പോയപ്പോള്‍ സുഹൃത്തുക്കള്‍ ഒരു പാഴ്സല്‍ കൊടുത്തുവിട്ടു. അതില്‍ മയക്കുമരുന്നു കണ്ടെത്തിയതിനാല്‍ അയാള്‍ ഇപ്പോള്‍ മയക്കുമരുന്നു കടത്തിന് അബുദാബി ജയിലിലാണ്. ഇത് കേരള പൊലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തി. ഇക്കാര്യങ്ങള്‍ അബുദാബി സര്‍ക്കാരിനെ അറിയിക്കുവാനായി പൊലീസ് റിപ്പോര്‍ട്ട് സഹിതം മുഴുവന്‍ കാര്യങ്ങളും വിദേശകാര്യമന്ത്രിക്കു നല്‍കി.


അഫ്ഗാനിസ്ഥാനില്‍ മരിച്ച രണ്ടു മലയാളികളുടെയും മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാനും ഉക്രൈനില്‍ ആഭ്യന്തര കലാപം മൂലം തിരിച്ചുവരേണ്ടിവന്ന 408 വിദ്യാര്‍ഥികള്‍ക്ക് മടങ്ങിപ്പോയി വിദ്യാഭ്യാസം തുടരാനും വേണ്ട സഹായം ചെയ്യണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.