UDF

2014, ജൂലൈ 22, ചൊവ്വാഴ്ച

മാലിന്യ സംസ്‌കരണത്തില്‍ സമ്പൂര്‍ണ പരാജയം

മാലിന്യ സംസ്‌കരണത്തില്‍ സമ്പൂര്‍ണ പരാജയം

തിരുവനന്തപുരം: മാലിന്യ സംസ്‌കരണ കാര്യത്തില്‍ നാം സമ്പൂര്‍ണ പരാജയമാണെന്ന് മുഖ്യമന്ത്രി. നമുക്ക് എടുത്തുകാട്ടാന്‍ വിജയകരമായ മാതൃകകളില്ലാത്തതാണ് കാരണം. അതുകൊണ്ടുതന്നെ സര്‍ക്കാരുകള്‍ പറയുന്നത് ജനങ്ങള്‍ വിശ്വസിക്കുന്നുമില്ല. എവിടെയെങ്കിലും ജനങ്ങള്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവിടെ അവര്‍ കുടുങ്ങിയിട്ടുമുണ്ട്. വിളപ്പില്‍ശാലയും ബ്രഹ്മപുരവും ഞെളിയന്‍പറമ്പുമൊക്കെ ഇതിന് ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് ഇന്‍ കേരള വിദ്യാര്‍ത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ ഒരു ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

സര്‍ക്കാരുകള്‍ മാറിമാറി വരുമ്പോള്‍ പരിപാടികള്‍ മാറുന്നത് സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റാണെങ്കില്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്തിവേണം പിന്‍മാറാന്‍. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഒഴിവാക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതിയും ജനമൈത്രി പദ്ധതിയും കഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിച്ച നല്ല കാര്യങ്ങളായിരുന്നു. സര്‍ക്കാര്‍ എന്നത് ഒരു തുടര്‍ച്ചയാണ്- അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് ധാരാളം അവസരങ്ങളുണ്ടെന്നും അത് പ്രയോജനപ്പെടുത്താന്‍ നമുക്കാവുന്നില്ലെന്നും മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഈ സര്‍ക്കാരിന് ഏറ്റും സംതൃപ്തി നല്‍കിയ പരിപാടി യുവസംരംഭകത്വ പരിപാടിയാണ്. രണ്ടുകൊല്ലംകൊണ്ട് മികച്ച അംഗീകാരമാണ് ഇതിന് ലഭിച്ചത്. മുന്നൂറോളം കമ്പനികള്‍ ആരംഭിച്ചു-മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളോട് കൂടുതല്‍ ഇടപെടുന്നതിനാലാണ് അവരുടെ കാഴ്ചപ്പാടുകള്‍ വ്യക്തമായി മനസ്സിലാക്കാനാകുന്നത്. തന്റെ പുസ്തകം ജനങ്ങളാണെന്നും മുഖ്യമന്ത്രി മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളോടായി പറഞ്ഞു. ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ചും മിഷന്‍ 676 സംബന്ധിച്ചുമുള്ള നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിക്ക് വിദ്യാര്‍ത്ഥികള്‍ 'എക്‌സലന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് കേരള' പുരസ്‌കാരം നല്‍കി ആദരിച്ചു.