UDF

2014, ജൂലൈ 24, വ്യാഴാഴ്‌ച

മുന്നണിയും പാര്‍ട്ടിയും ഒറ്റക്കെട്ട്

മുന്നണിയും പാര്‍ട്ടിയും ഒറ്റക്കെട്ട്: മുഖ്യമന്ത്രി

 

ഡല്‍ഹി യാത്ര പുനഃസംഘടനാ ചര്‍ച്ചയ്ക്കല്ല

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെപ്പറ്റി വരുന്ന വാര്‍ത്തകള്‍ സര്‍ക്കാരിന്റേയോ കോണ്‍ഗ്രസ്സിന്റേയോ കെട്ടുറപ്പിനെ ഒരുരീതിയിലും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മുന്നണി ഒറ്റക്കെട്ടാണ്. പാര്‍ട്ടിക്കകത്തും ഐക്യമുണ്ട്. തന്റെ ഡല്‍ഹിയാത്ര പുനഃസംഘടനാ ചര്‍ച്ചയ്ക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാ േയാഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

''നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും ആഘോഷിക്കാം. പക്ഷേ, ഇവിടെ ഒരു അപശബ്ദവും ഉണ്ടാകാന്‍ പോകുന്നില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മൂന്നുമാസം അല്ലെങ്കില്‍ ആറുമാസത്തിനപ്പുറം ഇല്ലെന്നാണ് പറഞ്ഞിരുന്നത്. ഇവിടെ മലമറിയുമെന്നൊക്കെ പിന്നീട് പറഞ്ഞു. പക്ഷേ, ഒന്നും ഉണ്ടായില്ല. ഒരാളുടെ കഴിവുകൊണ്ടല്ല ഇത്. എല്ലാവരും ഐക്യത്തോടെ നില്‍ക്കുന്നു'' -ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഡല്‍ഹിയില്‍ പോകുന്നത് കേന്ദ്രമന്ത്രിമാരെ കണ്ട് ചര്‍ച്ച നടത്താനാണ്. എല്ലാ യാത്രയിലും പാര്‍ട്ടി നേതാക്കളെ കാണാനും ശ്രമിക്കാറുണ്ട്. അവര്‍ക്ക് മറ്റുതിരക്കില്ലെങ്കില്‍ ഇത്തവണയും അതുണ്ടാകും.

തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്ന് മുമ്പ് താന്‍ പറഞ്ഞത് ശരിയാണ്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അത്തരം ചര്‍ച്ചകള്‍ ആദ്യം പാര്‍ട്ടിയിലും മുന്നണിയിലുമാണ് നടക്കേണ്ടത്. സമയമാകുമ്പോള്‍ അതിനെപ്പറ്റി ആലോചിക്കും.

എന്തായാലും ഇതിനുള്ള അജണ്ട തങ്ങള്‍ തന്നെയായിരിക്കും തീരുമാനിക്കുന്നതെന്ന് ഇതുസംബന്ധിച്ച് മാധ്യമ വാര്‍ത്തകളുടെ പ്രതികരണമായി അദ്ദേഹം പഞ്ഞു.

നെയ്മര്‍ വന്നപോലെ വാര്‍ത്തകള്‍

തെറ്റായ 'ബ്രേക്കിങ് ന്യൂസ്' നല്‍കിയശേഷം അതിന്റെ ഉത്തരവാദിത്തവും തന്നില്‍ കെട്ടിവെയ്ക്കുന്ന രീതിയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറെ ചികിത്സിക്കാന്‍ തീരുമാനമൊന്നുമെടുത്തിരുന്നില്ല. ഇങ്ങനെ ആരോടും പറഞ്ഞിട്ടുമില്ല. അങ്ങനെ ഒരന്വേഷണം ബ്രസീലില്‍ നിന്ന് വന്നാല്‍ സംസ്ഥാന ആയുര്‍വേദ വകുപ്പ് സഹകരിക്കുമോയെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ചിലര്‍ ചോദിച്ചു. അത്തരമൊരു അന്വേഷണം വന്നാല്‍ സഹകരിക്കാമെന്ന് പറഞ്ഞു.

പക്ഷേ, 'നെയ്മര്‍ കേരളത്തിലേക്ക് ' എന്നാണ് ബ്രേക്കിങ് ന്യൂസ് വന്നത്. ഇതൊക്കെ ചെയ്തിട്ട് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് ചില മാധ്യമങ്ങള്‍ പരാതിപ്പെടുകയും ചെയ്തു -അദ്ദേഹം പറഞ്ഞു.