UDF

2014, ജൂൺ 28, ശനിയാഴ്‌ച

ലഹരിവിരുദ്ധദിനം ഡ്രൈഡേ ആക്കുമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: അടുത്തവര്‍ഷം മുതല്‍ ലഹരിവിരുദ്ധദിനം 'ഡ്രൈഡേ' ആയി ആചരിക്കുമെന്നും ഘട്ടംഘട്ടമായി മദ്യം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലഹരിവിരുദ്ധ ദിനത്തില്‍ മദ്യവില്‍പനയുണ്ടാകില്ല. മദ്യവില്‍പന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതുതായി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങില്ല. ശക്തമായ ബോധവത്കരണ പരിപാടികളുമായി സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ ജനകീയവേദിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒരാഴ്ചക്കാലം മദ്യവില്‍പന നിര്‍ത്തലാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഈ ഒരാഴ്ചക്കാലം ലഹരിമുക്തമാക്കണം. രാഷ്ട്രീയപാര്‍ട്ടികളുടെയെല്ലാം അജണ്ടയില്‍ ലഹരിവിരുദ്ധനയം ഉണ്ടാകണമെന്നും സുധീരന്‍ പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി പുലര്‍ത്തുന്ന നിലപാട് മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്വീകരിക്കാവുന്നതാണെന്ന് കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയംഗം എ.കെ.ആന്റണി പറഞ്ഞു. ലഹരിവിരുദ്ധ പ്രതിജ്ഞ എ.കെ. ആന്റണി ചൊല്ലിക്കൊടുത്തു.