UDF

2014, ഏപ്രിൽ 15, ചൊവ്വാഴ്ച

തിരഞ്ഞെടുപ്പ് ഫലം കേരള സര്‍ക്കാറിന്റെ വിലയിരുത്തലാകും

തിരഞ്ഞെടുപ്പ് ഫലം കേരള സര്‍ക്കാറിന്റെ വിലയിരുത്തലാകും - ഉമ്മന്‍ ചാണ്ടി


ബാംഗ്ലൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദേശീയ പ്രശ്‌നങ്ങളോടൊപ്പം കേരളാ ഭരണത്തിന്റെ കൂടി വിലയിരുത്തലാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാറിന്റേത് കൂട്ടായ തീരുമാനമാണെങ്കിലും ഭരണത്തിന് നേതൃത്വം നല്‍കുന്ന വ്യക്തി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം കൂടുതലായി തനിക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണനേതൃത്വത്തില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തോട് ബാംഗ്ലൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. 

പത്തനംതിട്ടയില്‍ പോളിങ് കുറഞ്ഞുവെന്നത് ശരിയല്ല. എല്ലാകാലത്തും പത്തനംതിട്ടയില്‍ പോളിങ് കുറവാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ ദശാംശം എട്ട് ശതമാനം വോട്ട് കൂടുകയാണ് ചെയ്തത്. പ്രചാരണം കുറഞ്ഞെന്നതും അംഗീകരിക്കാനാവില്ല. ഇതുസംബന്ധിച്ച ജോര്‍ജിന്റെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. ഇതിനെക്കുറിച്ച് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും മണ്ഡലത്തില്‍ യു.ഡി. എഫ്. വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കേരളത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ യു.ഡി.എഫ്. നേട്ടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോയെന്നതിന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മറുപടി. 

സലീംരാജ് ഉള്‍പ്പെട്ട ഭൂമിവിവാദത്തില്‍ ഹൈക്കോടതി ഉത്തരവ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല. ഇടതുപക്ഷംപോലും ഈ വിഷയം പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് നേരത്തേതന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 

ബി.ജെ.പി. മോദികേന്ദ്രീകൃത പ്രചാരണമാണ് നടത്തുന്നതെന്നും കേരളത്തിലും കര്‍ണാടകത്തിലും മോദി ബി.ജെ.പി. തരംഗമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ ഇക്കുറി ബി.ജെ.പി. അക്കൗണ്ട് തുറക്കുമോയെന്ന ചോദ്യത്തിന് അതിന് ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു മറുപടി. രാജ്യത്ത് മോദി തരംഗമില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് മുരളി മനോഹര്‍ ജോഷി തന്നെ സമ്മതിച്ചതാണ്. മോദിയെ ഉയര്‍ത്തിക്കാട്ടിയ പ്രചാരണമാണ് ബി. ജെ.പി.യുടേത്. മറ്റ് വിഷയങ്ങളൊന്നും മുന്നോട്ടുവെക്കാന്‍ ബി.ജെ.പി.ക്കില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേരളത്തിനോടൊപ്പം കര്‍ണാടകത്തിലും കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കും. സ്ഥിരതയും മതേതരത്വ സ്വഭാവവുമുള്ള സര്‍ക്കാറിനായിരിക്കണം ജനങ്ങള്‍ വോട്ടുചെയ്യേണ്ടത്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് തൃപ്തിയുണ്ട്. കേന്ദ്രത്തില്‍ മുന്നണി ഭരണം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് തെളിയിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.