UDF

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

തിരഞ്ഞെടുപ്പ് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവണം

തിരഞ്ഞെടുപ്പ് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവണം


പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തും കൂടിയാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

തിങ്കളാഴ്ച ജില്ലയില്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത മുഖ്യമന്ത്രി പുതുശ്ശേരി കൊയ്യാമരക്കാട്ട് നടന്ന യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു.

തിരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ സര്‍ക്കാരിനെ വിലയിരുത്തണമെന്ന ആവശ്യം മുഖ്യമന്ത്രിതന്നെ ഉന്നയിക്കുമ്പോള്‍ സാധാരണനിലയില്‍ പ്രതിപക്ഷം അത് സ്വാഗതംചെയ്യേണ്ടതാണ്. പക്ഷേ, എന്റെ നിര്‍ദേശം സി.പി.എം. എതിര്‍ക്കുകയാണ്-മുഖ്യമന്ത്രി പറഞ്ഞു.

അതിനുകാരണം സര്‍ക്കാരിന്റേതിനോടൊപ്പം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും എന്നതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സി.പി.എമ്മിന് തിരിച്ചടി നേരിട്ടു. അവര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ സമരങ്ങളെല്ലാം പൊളിഞ്ഞു. കേന്ദ്രത്തില്‍ മൂന്നാംമുന്നണിയുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ജനങ്ങളുടെ വിശ്വാസവും പിന്തുണയും നഷ്ടപ്പെട്ടതുകൊണ്ടാണ് അത് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ തൊഴിലുറപ്പുപദ്ധതിപോലും സി.പി.എം. രാഷ്ട്രീയവത്കരിക്കുന്നതായി ആരോപണമുയരുന്നു. അതേസമയം, യു.ഡി.എഫിനെതിരെ സി.പി.എം. കള്ളപ്രചാരണങ്ങള്‍ നടത്തുന്നുമുണ്ട്. കര്‍ഷകര്‍ക്കുള്ള വൈദ്യുതി സബ്‌സിഡി സര്‍ക്കാര്‍ പിന്‍വലിച്ചെന്ന പ്രചാരണം തെറ്റാണെന്നും കര്‍ഷകദ്രോഹപരമായ ഒരുനടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

സി.പി.എമ്മിന്റെ കൊലപാതകരാഷ്ട്രീയമാണ് ജനങ്ങളില്‍ ഏറെ മടുപ്പും വെറുപ്പും ഉണ്ടാക്കിയിരിക്കുന്നത്. ടി.പി. വധം ഉയര്‍ത്തിയ വിവാദങ്ങള്‍ കെട്ടടങ്ങുംമുമ്പ് തൃശ്ശൂര്‍ പെരിഞ്ഞനത്തും പാര്‍ട്ടിയുടെ രാഷ്ട്രീയവൈരം നിഷ്‌കളങ്കമായ ഒരു ജീവനെടുത്തു. അക്രമങ്ങളെ എതിര്‍ത്ത് വി.എസ്. അച്യുതാനന്ദന്‍ ചിലതൊക്കെ പറഞ്ഞു. അതില്‍നിന്ന് ശരി പഠിക്കാതെ തിരുത്താന്‍ ശ്രമിച്ച തങ്ങളുടെ നേതാവിനെത്തന്നെ സി.പി.എം. തിരുത്തുന്നതാണ് നമ്മള്‍ കണ്ടത്. വി.എസ്. സ്വയം തിരുത്തിയാലും പറഞ്ഞതൊന്നും ജനങ്ങള്‍ മറക്കില്ല. കേരളീയര്‍ സ്വൈരജീവിതം ആഗ്രഹിക്കുന്നവരാണ്. സി.പി.എം. ജനങ്ങളുടെ പ്രതിക്കൂട്ടിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയതലത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് ദോഷംചെയ്യും. ബി.ജെ.പി.യിലെ മുതിര്‍ന്ന നേതാക്കളും മോദി അനുകൂലികളും ഇപ്പോള്‍തന്നെ തമ്മിലടി തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിക്ക് മത്സരിക്കാന്‍ ഒരു സീറ്റ് കൊടുക്കാന്‍പോലും ഒരാഴ്ച സമയമെടുത്തു.

സ്ഥിരതയുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറണം. മതേതരസ്വഭാവവും വികസന ആശയങ്ങളുമുള്ള യു.പി.എ. സര്‍ക്കാരിനുമാത്രമേ രാജ്യത്തെ നേരായ ദിശയില്‍ നയിക്കാന്‍ കഴിയൂ. പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എം.പി. വീരേന്ദ്രകുമാറിനെ കേരളത്തിന് പരിചയപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയം, സാഹിത്യം, പത്രപ്രവര്‍ത്തനം, ഭരണം, പൊതുപ്രവര്‍ത്തനം എന്നിങ്ങനെ വിവിധമേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള വീരേന്ദ്രകുമാറിനെ യു.ഡി.എഫ്. അഭിമാനത്തോടെയാണ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്.

പാലക്കാട് മണ്ഡലത്തില്‍ എം.പി. വീരേന്ദ്രകുമാറും ആലത്തൂര്‍ മണ്ഡലത്തില്‍ കെ.എ. ഷീബയും തിരഞ്ഞെടുക്കപ്പെട്ടാല്‍ പാലക്കാടിന് വികസനകാര്യങ്ങളില്‍ വന്‍കുതിപ്പ് കൈവരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെന്മാറ, കോഴിപ്പാറ, കുഴല്‍മന്ദം, കോങ്ങാട്, പത്തിരിപ്പാല, മണ്ണാര്‍ക്കാട്, ഷൊറണൂര്‍, കൊപ്പം, തൃത്താല എന്നിവിടങ്ങളിലും മുഖ്യമന്ത്രി പ്രചാരണയോഗങ്ങളില്‍ പ്രസംഗിച്ചു.