UDF

2014, ഏപ്രിൽ 23, ബുധനാഴ്‌ച

കേരള മുതല്‍ അമൈച്ചര്‍ ഉമ്മന്‍ ചാണ്ടി വാഴ്‌ക...

കോയമ്പത്തൂര്‍: ഓരോ പ്രധാന ജങ്ഷനിലും പോലീസിന്റെ റോഡ് ബ്ലോക്ക്. ഒരു ഡിവൈ.എസ്.പി.യുടെയും അഞ്ച് ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ 80ഓളം വരുന്ന പോലീസ്സുരക്ഷ. പൈലറ്റിനും അകമ്പടിക്കും വാഹനങ്ങളുടെ നിര. കോയമ്പത്തൂരിലെ വഴിയോരത്ത് ചോദ്യങ്ങളത്രയും ആരാണീ വി.ഐ.പി. എന്നുമാത്രമായിരുന്നു. കേരള മുതല്‍ അമൈച്ചര്‍ ഉമ്മന്‍ ചാണ്ടിയെന്ന് മറുപടി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. പ്രഭുവിനുവേണ്ടിയുള്ള പ്രചാരണത്തിനായാണ് ഉമ്മന്‍ചാണ്ടി ശനിയാഴ്ച കോയമ്പത്തൂരിലെത്തിയത്. അഞ്ചുലക്ഷത്തോളം മലയാളികളുള്ള നഗരത്തില്‍ പൊരിഞ്ഞ ഉച്ചവെയിലത്ത് മൂന്നിടത്ത് പൊതുയോഗങ്ങള്‍. ഗണപതിയിലും കവുംപാളയത്തും ഉക്കടത്തും. എല്ലായിടത്തും കേരള മുഖ്യമന്ത്രിയെ കാത്ത് വന്‍ജനക്കൂട്ടം. മലയാളത്തില്‍ കാര്യങ്ങളെല്ലാം വിശദീകരിച്ച് പൊടുന്നനെ അദ്ദേഹം കൈയടിവാങ്ങി. കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ പതാകകളും ചിഹ്നവുമേന്തിയ പ്രവര്‍ത്തകര്‍ വന്‍ ആരവത്തോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ശ്രവിച്ചത്. ആട്ടവും പാട്ടുമായി വനിതാപ്രവര്‍ത്തകരും പ്രചാരണത്തിന് കൊഴുപ്പേകി.

രാവിലെ 8.30ഓടെ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ ഉമ്മന്‍ചാണ്ടി നേരെ വിശ്രമസ്ഥലത്തേക്ക്. പ്രഭാതഭക്ഷണശേഷം രാമനാഥപുരം രൂപതാധ്യക്ഷനെ നേരില്‍ക്കാണാന്‍ പുറപ്പെട്ടു. രാമനാഥപുരം ഹോളി ട്രിനിറ്റി പള്ളിയില്‍ ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട് അദ്ദേഹത്തെ സ്വീകരിച്ചു. പള്ളിയോട് തൊട്ടുചേര്‍ന്നുള്ള ബിഷപ്‌സ് ഹൗസില്‍ പത്തുമിനിറ്റ് സംഭാഷണം.

നേരെ സിദ്ധാപുതൂര്‍ അയ്യപ്പക്ഷേത്രത്തിലേക്ക്. അവിടെ ക്ഷേത്രം പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് വി.പി. പ്രഭാകരന്‍, സെക്രട്ടറി കെ. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സിദ്ധാപുതൂര്‍ ക്ഷേത്രത്തില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ തിരുപ്പൂര്‍ കേരളസമാജം ഭാരവാഹികള്‍ കാണാന്‍നില്‍ക്കുന്നു. കഴിഞ്ഞവര്‍ഷം തിരുപ്പൂരിലെ കോയമ്പാളയത്ത് പീഡനത്തിനിരയായ ബാലികയുടെ കുടുംബവുമുണ്ട്. കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. ഇനി അവിടെ നില്‍ക്കാന്‍ ഭയമാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായം ചെയ്യണം...

തിരഞ്ഞെടുപ്പ് കഴിയട്ടെ, വിഷയത്തില്‍ ഇടപെടാമെന്ന് ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ്. വാഹനവ്യൂഹം ഗണപതിയിലേക്ക്.
ഗണപതി ബസ്സ്റ്റാന്‍ഡില്‍ പ്രചാരണവാഹനത്തില്‍ ഏണസ്റ്റ് പോള്‍ കത്തിക്കയറുന്നു. സ്ഥാനാര്‍ഥി ആര്‍. പ്രഭുവും ഇവിടെ അദ്ദേഹത്തെ കാത്തുനില്‍ക്കുന്നു. ഉമ്മന്‍ചാണ്ടിയെപ്പോലെ ജനക്കൂട്ടത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാള്‍ വരുന്നത് തനിക്ക് ഗുണകരമാണെന്ന് പ്രഭു പ്രത്യാശിച്ചു. കേരള മുതല്‍അമൈച്ചര്‍ നിങ്ങളെ നേരില്‍ക്കാണാന്‍ ഉടനെത്തുമെന്ന് അറിയിപ്പ്. തൊട്ടുപിന്നാലെ പോലീസ്വാഹനങ്ങള്‍ ജങ്ഷനിലേക്ക് ഇരമ്പി. വാഹനത്തില്‍നിന്ന് തിരക്കിനിടയിലൂടെ ഉമ്മന്‍ചാണ്ടിയെ പ്രചാരണജീപ്പിലേക്ക് കയറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാടുപെട്ടു. ഷാള്‍ അണിയിക്കലിന്റെ ബഹളം. തുടര്‍ന്ന്, രണ്ട് മൈക്രോഫോണ്‍ കൈയിലെടുത്ത് ഉമ്മന്‍ചാണ്ടി സംസാരിക്കുന്നു. ആദ്യം പതിഞ്ഞ താളത്തില്‍. പ്രഭുവിന്റെ സ്ഥാനാര്‍ഥിത്വം എന്തുകൊണ്ട് എന്നുള്ള വിശദീകരണം, പിന്നാലെ മോദിക്കും ബി.ജെ.പി.ക്കുമെതിരായ കടന്നാക്രമണം.

15 മിനിറ്റിനുള്ളില്‍ ഗണപതിയിലെ യോഗം അവസാനിച്ചു. നേരെ കവുണ്ടംപാളയത്തേക്ക്. അവിടെയും റോഡിനിരുവശവും വന്‍ ജനക്കൂട്ടം. ഉമ്മന്‍ചാണ്ടിയെത്തിയതോടെ ഗതാഗതം സ്തംഭിച്ച അവസ്ഥ. പ്രസംഗത്തില്‍ പറയുന്നത് ഏതാണ്ട് ഒരേകാര്യങ്ങള്‍. കവുണ്ടംപാളയത്തുനിന്ന് കോവില്‍മേട്ടില്‍ അനൂപ് ആന്റണിയുടെ വീട്ടിലേക്ക്. കോയമ്പത്തൂരില്‍ ശനിയാഴ്ച ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനത്തിന്റെ സാരഥിയായിരുന്നു യൂത്ത്‌കോണ്‍ഗ്രസ്സുകാരനായ അനൂപ്. ചെറിയ റിഫ്രഷ്‌മെന്റ്. ഇവിടെ കുടുംബാംഗങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമെല്ലാം ഒപ്പംനിന്ന് ഫോട്ടോ.


ബ്രൂക്ക്‌ബോണ്ട് റോഡിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലേക്കാണ് ഇനി യാത്ര. അവിടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. പെരുമാറ്റച്ചട്ടമുള്ളതിനാല്‍ പ്രഭാഷണത്തിനില്ലെന്ന് മുഖ്യമന്ത്രി. ഇവിടെയും ഇത്തിരിനേരം കുശലാന്വേഷണം. പള്ളിയില്‍നിന്ന് ഗാന്ധിപുരം നൂറടി റോഡിലെ സി.എം.എസ്. ഹാള്‍. അവിടെ എഫ്.സി.എം.എ.യുടെ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി ദീപംതെളിച്ചു. പ്രസിഡന്റ് എം.സി. ജോസഫിന്റെയും സെക്രട്ടറി എം.ആര്‍. ദാസിന്റെയും നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇവിടെ കേരള മുഖ്യമന്ത്രിയെ ഷാളണിയിച്ച് ആദരിക്കാന്‍ നീണ്ട ക്യൂ. സ്ഥാനാര്‍ഥിയുടെ മകന്‍ വിക്രമും അവരിലൊരാളായി. ഷാളണിയിക്കല്‍ 20 മിനിറ്റിലേറെ നീണ്ടു.

ഉച്ചവെയിലത്തും ഉക്കടത്ത് ബസ്സ്റ്റാന്‍ഡിന് മുന്നില്‍ ഉമ്മന്‍ചാണ്ടിയെ കാത്ത് വലിയ ജനക്കൂട്ടം. പാട്ടും നൃത്തവുമൊക്കെയുണ്ട്. നേതാവെത്തിയപ്പോള്‍ അണികളുടെ ആവേശം അണപൊട്ടി. പ്രചാരണവാഹനത്തിലേക്ക് കയറാന്‍ തിക്കും തിരക്കും.

ഒരുകണക്കിനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ഇവിടെയും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി എടുത്തുപറഞ്ഞാണ് പ്രസംഗം. ബി.ജെ.പി.യെയും മോദിയെയും കണക്കിന് പ്രഹരിക്കുന്നുമുണ്ട്. ഓരോവാക്കിനും ജനം കൈയടിക്കുന്നു. 

ഉക്കടത്തെ യോഗം അവസാനിപ്പിച്ചശേഷം ബൈപ്പാസ്വഴി റേസ്‌കോഴ്‌സില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഓഫീസിലേക്ക്. അവിടെ തമിഴ്ചാനലുകളടക്കം വന്‍ മാധ്യമപ്പട കേരള മുഖ്യമന്ത്രിയെ കാത്തിരിക്കുന്നു. തിരഞ്ഞെടുപ്പും രാഷ്ട്രീയവുംവിട്ട് മുല്ലപ്പെരിയാറും നദീജലവും കേരളത്തില്‍ ക്രിമിനലുകള്‍ വര്‍ധിക്കുന്നതായുള്ള എന്‍.ഐ.എ. റിപ്പോര്‍ട്ടും ഒക്കെ ചോദ്യങ്ങളായി വന്നു. എല്ലാറ്റിനും ശാന്തമായി ഇംഗ്ലീഷില്‍ത്തന്നെ മറുപടി. കേരളത്തില്‍ യു.ഡി.എഫ്. മികച്ചവിജയം നേടുമെന്ന് ആത്മവിശ്വാസത്തോടെയുള്ള പറച്ചില്‍. തമിഴ്‌നാടുമായി എക്കാലത്തും കേരളം നല്ലബന്ധത്തിലാണെന്ന് ആവര്‍ത്തിക്കല്‍.

പത്രസമ്മേളനം കഴിഞ്ഞ് സ്ഥാനാര്‍ഥിക്കൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ ഉച്ചഭക്ഷണം. വിശ്രമിക്കാന്‍പോലും നേരമില്ലാതെ നേരെ എയര്‍പോര്‍ട്ടിലേക്ക്. അവിടെനിന്ന് തിരുവനന്തപുരം ഫ്ലൈറ്റ് പിടിക്കണം. എന്നിട്ട് റോഡുമാര്‍ഗം വൈകീട്ട് നാഗര്‍കോവിലില്‍ എത്തണം. ഉമ്മന്‍ചാണ്ടിയെന്ന കോണ്‍ഗ്രസ്സുകാരന് വിശ്രമമില്ല...