UDF

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

ആള്‍ത്തിരക്കില്‍ ആവേശമായി ജനകീയ നേതാവ്‌ പുലര്‍ച്ചെ അഞ്ചരയോടെ മലബാര്‍ മേഖലയിലെ പര്യടനം കഴിഞ്ഞ്‌ മലബാര്‍ എക്‌സ്‌പ്രസില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയതിനു പിന്നാലെ മൊബൈലില്‍ ദീര്‍ഘമായി സംസാരിക്കുന്ന കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയെ കണ്ട യാത്രക്കാരുടെ മുഖങ്ങളില്‍ അമ്പരപ്പ്‌. കാത്തുകിടന്ന കാറിലേക്കു കയറുന്നതിനിടയിലും തുടരെ ഫോണ്‍ കോളുകള്‍; ഉമ്മന്‍ചാണ്ടിയാണ്‌, തീര്‍ച്ചയായും വരാം, തീര്‍ച്ചയായും വരാം ഇതായിരുന്നു എല്ലാത്തിനും മറുപടി.

വലതുമുന്നണിയിലെ താരമൂല്യമുള്ള ജനകീയ നേതാവിനെ സ്വന്തം മണ്ഡലത്തിലെത്തിക്കാനുള്ള തത്രപ്പാടില്‍ വിളിക്കുന്ന സ്‌ഥാനാര്‍ഥികളോടാണ്‌ ഈ മറുപടി. വാഹനം നേരെ നാട്ടകം ഗസ്‌റ്റ്‌ ഹൗസിലേക്ക്‌. വസ്‌ത്രം മാറുന്ന താമസം മാത്രം, ആറു മിനിറ്റിനുള്ളില്‍ കേരളത്തിന്റെ എക്കാലത്തെയും ജനകീയനായ മുഖ്യമന്ത്രി ജനങ്ങളിലേക്കിറങ്ങാന്‍ റെഡി.

ഗസ്‌റ്റ്‌ ഹൗസില്‍നിന്നു സ്വന്തം വീടായ പുതുപ്പള്ളി കരോട്ടുവള്ളക്കാലിലെത്തുമ്പോള്‍ സമയം രാവിലെ 6.15. മുഖ്യനെ കാണാന്‍ കാലേകൂട്ടി കാത്തിരിക്കുന്നത്‌ അന്‍പതോളം പേര്‍. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കേണ്ടവര്‍ മുതല്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍വരെ ഇക്കൂട്ടത്തിലുണ്ട്‌, അധികം പേരും ചികിത്സാ സഹായം തേടിയെത്തിയവരാണ്‌. ആരെയും നിരാശരാക്കാതെ ആവലാതികള്‍ക്കു ചെവികൊടുത്ത്‌ നേരേ പുതുപ്പള്ളി പള്ളിയിലേക്ക്‌, പതിവു തെറ്റിക്കാതെ രാവിലത്തെ കുര്‍ബാനയില്‍ പങ്കെടുത്തു.
പള്ളിയില്‍നിന്നു മടങ്ങുംവഴി തെരഞ്ഞെടുപ്പു പ്രചാരണം കാരണം സ്‌ഥലത്തില്ലാത്തതിനാല്‍ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്ന നാലു മരണവീടുകളിലേക്കാണ്‌ ഈ ഓട്ടപ്രദക്ഷിണം. വീണ്ടും കരോട്ടുവള്ളക്കാലില്‍ വീട്ടിലേക്ക്‌. ഈ സമയം വീട്ടില്‍ ഉത്സവത്തിനുള്ള ആള്‍ത്തിരക്ക്‌. വീട്ടിനുള്ളിലേക്ക്‌ കയറാന്‍ പോലും മെനക്കെടാതെ മുക്കാല്‍ മണിക്കൂറോളം ജനക്കൂട്ടത്തിനിടയില്‍നിന്ന്‌ അവരുടെ സങ്കടങ്ങളും പരാതികളും കേട്ടു. ഇതിനിടെ, ഉമ്മന്‍ ചാണ്ടിയെ ഒന്നു കണ്ടാല്‍ മതിയെന്ന ആവശ്യവുമായി ചിലരെത്തി, അവരെയും നിരാശരാക്കിയില്ല. മുറിക്കുള്ളിലേക്ക്‌ കയറാന്‍ ശ്രമിക്കവേ അവിടെയും ജനസഞ്ചയം. എല്ലാവര്‍ക്കും പരാതി പറയാന്‍ ഉമ്മന്‍ചാണ്ടി മാത്രം. ഇതിനിടെ പ്രഭാതഭക്ഷണമെന്ന നിലയില്‍ ഒരു ഇഡലി കഷ്‌ടിച്ച്‌ കഴിച്ചെന്നു വരുത്തി. അതിനിടയിലും പരാതി കേള്‍ക്കുന്നതിലായിരുന്നു ബദ്ധശ്രദ്ധ.
ഈ സമയം പുറത്തുനിന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവിന്റെ ശബ്‌ദം, ഇന്നത്തെ ഒ.പി. കഴിയാറായി. ഇനി ആരെങ്കിലുമുണ്ടോ? (ഉമ്മന്‍ചാണ്ടിയെ കാണാന്‍ പുതുപ്പള്ളിയിലെ വീട്ടിലെത്തുന്ന രാവിലത്തെ ജനസഞ്ചയത്തെ കോണ്‍ഗ്രസുകാര്‍ തമാശരൂപേണ വിശേഷിപ്പിക്കുന്നതാണ്‌ പുതുപ്പള്ളിയിലെ ഒ.പി).

തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കലെത്തിയതോടെ ഉമ്മന്‍ ചാണ്ടിക്ക്‌ പതിവിലേറെ തിരക്ക്‌. ഒടുവില്‍ കാത്തുനിന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഴ്‌സണല്‍ അസിസ്‌റ്റന്റായ  സുരേന്ദ്രനെ ചുമതലപ്പെടുത്തി ആദ്യ പൊതുയോഗ വേദിയായ തീക്കോയിലേക്ക്‌. പത്തനംതിട്ട മണ്ഡലത്തിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ഥം തീക്കോയിയില്‍ നടക്കുന്ന പൊതുസമ്മേളനമാണ്‌ ഉമ്മന്‍ചാണ്ടിയുടെ ആദ്യ പൊതുപരിപാടി. ഉമ്മന്‍ ചാണ്ടിയും വാഹനവ്യൂഹവും തീക്കോയിയില്‍ എത്തുമ്പോള്‍ രണ്ടായിരത്തിലധികമാളുകള്‍ അദ്ദേഹത്തെ കാത്തുനില്‍പുണ്ടായിരുന്നു.
അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത കേരളത്തിന്റെ ജനകീയ സാരഥി, നേരും നെറിയുമുള്ള ജനകീയ നേതാവ്‌ ഉമ്മന്‍ചാണ്ടി... ഇതാ തീക്കോയിയിലേക്കു കടന്നുവരുന്നുവെന്ന അനൗണ്‍സ്‌മെന്റ്‌ മുഴങ്ങിയപ്പോള്‍ തന്നെ ജനസഹസ്രം ഇളകി. ഉമ്മന്‍ചാണ്ടീ നേതാവേ, ധീരതയോടെ നയിച്ചോളൂ എന്ന മുദ്രാവാക്യം ഉയരവേ ഗവ. ചീഫ്‌വിപ്പ്‌ പി.സി. ജോര്‍ജ്‌ അടക്കമുള്ള നേതാക്കള്‍ വേദിയില്‍ നിന്നിറങ്ങി ഉമ്മന്‍ചാണ്ടിയെ ആനയിച്ചു. ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. ടോമി കല്ലാനിവക ചുരുങ്ങിയ വാക്കുകളില്‍ നിറഞ്ഞ സ്വാഗതം, പിന്നാലെ പ്രസംഗിക്കാനുള്ള ക്ഷണവും.
പത്തനംതിട്ട മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാരേ എന്ന സംബോധനയോടെ തുടങ്ങിയ പ്രസംഗത്തില്‍ മണ്ഡലത്തിന്റെ വികസനവും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുമെല്ലാം വിഷയമായി. യു.ഡി.എഫ്‌. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നതിന്റെ തെളിവാണ്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടു വിജ്‌ഞാപനമിറക്കാന്‍ സാധിച്ചതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സദസില്‍നിന്നു നീണ്ട ഹര്‍ഷാരവം. കര്‍ഷകന്റെ ഒരു തരി മണ്ണുപോലും അന്യാധീനപ്പെടാന്‍ അനുവദിക്കില്ലെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോഴും സദസില്‍നിന്നുയര്‍ന്നതു വീറുറ്റ മുദ്രാവാക്യം.
തീക്കോയിയിലെ പ്രസംഗത്തിനുശേഷം എരുമേലിയിലെ എയ്‌ഞ്ചല്‍വാലിയിലേക്ക്‌. യാത്രാമധ്യേ തീക്കോയി പഞ്ചായത്ത്‌ ഓഫീസിനു മുന്നില്‍ അഞ്ഞൂറോളം പേര്‍. പണ്ഡിതര്‍ മഹാജനസഭയുടെ യോഗം നടന്ന വേദിയായിരുന്നു അത്‌. സഭ ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യം നിറവേറ്റിയതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ മുഖ്യമന്ത്രിയെ കാത്തുനില്‍ക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രി ഒരു നിമിഷം തങ്ങള്‍ക്കൊപ്പം ചെലവഴിക്കണമെന്ന്‌ അഭ്യര്‍ഥിച്ചതിനേത്തുടര്‍ന്നു വാഹനത്തില്‍നിന്നിറങ്ങി. ഇതിനിടെ ഒരു കുഞ്ഞു നല്‍കിയ ഷാള്‍ വാങ്ങി കഴുത്തിലിട്ടശേഷം അതു തിരികെ കുഞ്ഞിനെ അണിയിച്ചപ്പോള്‍ സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ആര്‍പ്പുവിളിയോടെ മുഖ്യമന്ത്രിക്കു മുദ്രാവാക്യം മുഴക്കി. അഞ്ചുമിനിട്ടിനുശേഷം എയ്‌ഞ്ചല്‍വായിലേക്കുള്ള യാത്ര തുടര്‍ന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെത്തിയിട്ടും വാഹനം നിര്‍ത്തിയില്ലെന്ന്‌ ആരോപിച്ച്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രോഷംപൂണ്ട സ്‌ഥലമാണ്‌ എയ്‌ഞ്ചല്‍വാലി. ഇതിന്റെ പേരില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ആന്റോ ആന്റണിയെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തടയുകയും ചെയ്‌തിരുന്നു. ഇതറിഞ്ഞ മുഖ്യമന്ത്രി ഇവിടെ എത്താമെന്നു പ്രവര്‍ത്തകര്‍ക്കു വാക്കു കൊടുക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി എത്തുന്നതറിഞ്ഞ്‌ ആയിരങ്ങളാണ്‌ ഇവിടെ തടിച്ചുകൂടിയത്‌.
ഉമ്മന്‍ചാണ്ടി വണ്ടിയില്‍നിന്ന്‌ ഇറങ്ങിയതോടെ കഴിഞ്ഞദിവസം വാഹനം നിര്‍ത്താതെ പോയതില്‍ പരിഭവവുമായി പലരുമെത്തി. കെ.പി.സി.സി. സെക്രട്ടറി പി.എ. സലിം പ്രസംഗിക്കാന്‍ ക്ഷണിച്ചയുടന്‍ മൈക്ക്‌ കൈയിലെടുത്ത ഉമ്മന്‍ചാണ്ടി ക്ഷമാപണത്തോടെയാണു തുടങ്ങിയത്‌. അന്ന്‌ ഇവിടെ ഇറങ്ങാന്‍ കഴിയാതെ പോയ സാഹചര്യം ശാന്തമായി വിശദീകരിച്ചു. ഇനി പരാതി ഇല്ലല്ലോ എന്ന ചോദ്യത്തിന്‌ ഒരു പരാതിയും ഇല്ലെന്നു ജനക്കൂട്ടത്തില്‍നിന്നു മറുപടി. ആനുകാലിക രാഷ്‌ട്രീയ സാഹചര്യം വിശദീകരിച്ച്‌ അരമണിക്കൂറോളം പ്രസംഗം. അടുത്ത യാത്ര പാമ്പാടിയിലേക്ക്‌.
പാമ്പാടി ലയണ്‍സ്‌ ക്ലബ്‌ ഹാളില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മണ്ഡലം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗമാണ്‌ നടക്കുന്നത്‌. പുതുപ്പള്ളിക്കാര്‍ അങ്ങനെയാണ്‌, വാര്‍ഡുതല യോഗമായാലും ഉമ്മന്‍ചാണ്ടി വരണം, ആ വാശിയുടെ പേരിലാണ്‌ അദ്ദേഹം തിരക്കിനിടയിലും പാമ്പാടിയിലെത്തിയത്‌. മണ്ഡലത്തിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ചുമതലക്കാരനും ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായ ഫില്‍സണ്‍ മാത്യൂസ്‌ വിശദീകരിച്ചു. പ്രചാരണം ഊര്‍ജിതമാക്കാനുള്ള ചില പൊടിക്കൈകള്‍ പ്രവര്‍ത്തകര്‍ക്ക്‌ മുഖ്യമന്ത്രി പറഞ്ഞു കൊടുത്തു.
യോഗശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം വെജിറ്റേറിയന്‍ ഊണു കഴിയുമ്പോള്‍ അടുത്ത പൊതുസമ്മേളന വേദിയായ വൈക്കത്തേക്കു പുറപ്പെടാനുള്ള സമയം വൈകിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു ചില ഫോണ്‍കോളുകള്‍, അത്യാവശ്യം ചില ഫയലുകളില്‍ ഒപ്പിടേണ്ടതുണ്ട്‌, എങ്കില്‍ വാഹനം ടി.ബിയിലേക്കു പോകട്ടെയെന്നു ഡ്രൈവര്‍ക്കു നിര്‍ദേശം. യാത്രയ്‌ക്കിടെ ഒരു മരണവീട്ടില്‍ സന്ദര്‍ശനം. ടി.ബിയിലെത്തി അഞ്ചു മിനിറ്റിനുള്ളില്‍ ഫയലുകള്‍ പരിശോധിച്ച്‌ ഒപ്പിട്ട്‌ വൈക്കത്തേക്ക്‌. വൈകുന്നേരം നാലുമണിയോടെ വൈക്കത്ത്‌ എത്തുമ്പോള്‍ കാഞ്ഞിരപ്പളളി എം.എല്‍.എ: എന്‍. ജയരാജ്‌ പ്രസംഗിക്കുകയാണ്‌. തുടര്‍ന്ന്‌ ജയരാജ്‌ മൈക്ക്‌ മുഖ്യമന്ത്രിക്ക്‌ കൈമാറി. നമ്മള്‍ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇടതുമുന്നണി പരാജയപ്പെട്ടു കഴിഞ്ഞു.
രാഷ്‌ട്രീയ അന്തരീക്ഷവും നമുക്ക്‌ അനുകൂലമാണ്‌. എല്ലാ സര്‍വേകളിലും യു.ഡി.എഫ്‌. ബഹുദൂരം മുന്നിലാണ്‌. എന്നാല്‍ അമിത ആത്മവിശ്വാസം പാടില്ല. നമ്മുടെ ജോലി നമ്മള്‍ ചെയ്യണം. സംസ്‌ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണ്‌ ഈ തെരഞ്ഞെടുപ്പെന്നു മുഖ്യമന്ത്രി എന്ന നിലയില്‍ ഞാന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ഇത്‌ അംഗീകരിക്കാന്‍ തയാറല്ല. ഭരണപക്ഷത്തെ വിലയിരുത്തിയാല്‍ പ്രതിപക്ഷത്തെയും വിലയിരുത്തേണ്ടി വരും. ഇതാണു പ്രതിപക്ഷം ഭയപ്പെടുന്നത്‌. സി.പി.എമ്മിന്റെ അക്രമരാഷ്‌ട്രീയം ജനം മടുത്തു. ടി.പി.യെ കൊന്നതിനുശേഷം സി.പി.എം. കൊലപാതക രാഷ്‌ട്രീയം അവസാനിപ്പിക്കുമെന്നാണു കരുതിയത്‌. എന്നാല്‍ കൊലപാതകം സി.പി.എമ്മിന്‌ ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ്‌ കഴിഞ്ഞ ദിവസം നടന്ന ഷുക്കൂര്‍ വധം. അതിനാല്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരായ വിധിയെഴുത്തുകൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്‌ ഫലം-ആറ്റിക്കുറുക്കിയ വാക്കുകള്‍ ജനം സാകൂതം കേട്ടിരുന്നു. പ്രസംഗം തുടരുന്നതിനിടെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ജോസ്‌ കെ. മാണി വേദിയിലെത്തി. ജോസ്‌ കെ. മാണിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയായിരുന്നു പിന്നീട്‌ വിശദീകരണം. ജോസ്‌ കെ. മാണിയുടെ മറുപടി പ്രസംഗവും കഴിഞ്ഞതോടെ അടുത്ത സമ്മേളനവേദിയായ കടുത്തുരുത്തിയിലേക്ക്‌.
അവിടെയെത്തുമ്പോള്‍ യു.ഡി.എഫ്‌. സര്‍ക്കാരും ജോസ്‌ കെ. മാണിയും നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തി മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. പ്രസംഗിക്കുകയാണ്‌. ഉമ്മന്‍ ചാണ്ടി എത്തിയതോടെ മാലപ്പടക്കത്തിന്റെ അകമ്പടിയോടെ സ്വീകരണം. അരമണിക്കൂറോളം ഇവിടെയും രാഷ്‌ട്രീയ വിശദീകരണം. അടുത്ത സമ്മേളനം രാമപുരത്താണ്‌. അതുകഴിഞ്ഞു നീണ്ടൂരും പരുത്തുംപാറയിലും കറുകച്ചാലിലും പ്രസംഗിച്ച്‌ കഴിഞ്ഞപ്പോഴേക്കും രാത്രി പത്തോടടുത്തു.
വീണ്ടും ജനകീയ നേതാവിനെയും വഹിച്ചുകൊണ്ട്‌ വാഹനം പ്രയാണം ആരംഭിച്ചു. തിരുവനന്തപുരത്തേക്കാണു യാത്ര. ഇന്നത്തെ പ്രചാരണം പാലക്കാട്ടാണ്‌. അതിനായി പുലര്‍ച്ചെ പുറപ്പെടണം. അതിനിടെ വീണ്ടും ഫോണെത്തി; ഹലോ ഉമ്മന്‍ ചാണ്ടിയാണ്‌, രാവിലെ പാലക്കാട്ടു കാണാം എന്നു മറുപടി.