UDF

2014, ഏപ്രിൽ 23, ബുധനാഴ്‌ച

ഉമ്മന്‍ ചാണ്ടിയുടെ തമിഴ്‌ 'സിംപ്ലിസിറ്റി!

ഉമ്മന്‍ ചാണ്ടിയുടെ തമിഴ്‌ 'സിംപ്ലിസിറ്റി!

കെട്ടുകാഴ്‌ചകളുടേയും പ്രഭാപൂരങ്ങളുടേയും അകമ്പടിയില്ലെങ്കില്‍ തമിഴകത്തെ തെരഞ്ഞെടുപ്പുപ്രചാരണങ്ങള്‍ക്ക്‌ കൊഴുപ്പുണ്ടാവില്ല. പ്രകടനപരതയാണ്‌ ഇവിടത്തെ രാഷ്‌ട്രീയക്കാരന്റെ അസ്ഥിത്വത്തിന്റെ മാറ്റുരയ്‌ക്കുന്നത്‌. സാധാരണക്കാരനു കയറിച്ചെല്ലാന്‍ കഴിയാത്ത മേഖലയാണ്‌ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയം. ഗ്ലാമറിന്റെ കത്തിവേഷങ്ങളാണ്‌ സര്‍വത്ര. അതുകൊണ്ടാണ്‌ സിനിയുടെ മടിത്തട്ടില്‍ രാഷ്‌ട്രീയം പടര്‍ന്നുപന്തലിച്ചത്‌. എന്നാല്‍ രാഷ്‌ട്രീയത്തിലെ ഗ്ലാമര്‍ കണ്ടു പകച്ചുനില്‍ക്കുന്ന തമിഴ്‌ജനതയുടെ മുന്നില്‍ സാധാരണക്കാരനായ ഒരു മുഖ്യമന്ത്രി എത്തിയപ്പോള്‍ അത്ഭുതങ്ങളുടെ കുത്തൊഴുക്കായി.

ആര്‍ഭാടങ്ങളില്ലാതെ, കൊടിതോരണങ്ങളും കൊട്ടുവാദ്യങ്ങളുമില്ലാതെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കന്യാകുമാരിയിലും കോയമ്പത്തൂരിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോള്‍ ജനം അന്തംവിട്ടുപോയത്‌ അവര്‍ തമിഴകത്തെ താരപരിവേഷം കണ്ടുമടുത്തതിനാലാണ്‌. ഡിഎംകെക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നടി കുശ്‌ബുവിനുപോലും ആയിരക്കണക്കിനു പൊലീസ്‌അകമ്പടിയാണെന്നോര്‍ക്കണം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസ്‌ ബന്തവസ്‌ ഏതാനും പൊലീസുകാരില്‍ ഒതുങ്ങി. ഇതു കണ്ടിട്ടാണ്‌ തമിഴിലെ ഒരു പ്രമുഖപത്രം എഴുതിയത്‌- ആശ്ചര്യം, ആനാല്‍ ഉണ്മൈ! (ആശ്ചര്യം, എന്നാല്‍ സത്യം!) ഇതൊക്കെ തമിഴകത്തെ രാഷ്‌ട്രീയക്കാര്‍ കണ്ടു പഠിക്കേണ്ടതാണെന്നും ആ പത്രം തട്ടിവിട്ടു. ചായക്കടയുടെ മുന്നിലിരുന്നു പത്രംവായിച്ച ഒരു തമിഴ്‌ കണ്‍സ്‌ട്രക്ഷന്‍തൊഴിലാളി പറഞ്ഞു, 'പാരുങ്കെ, എന്നാ സിംപ്ലിസിറ്റി!'

ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരെന്ന്‌ അഭിമാനിക്കുന്ന ജയലളിതക്കും കരുണാനിധിക്കും വമ്പിച്ച സുരക്ഷയാണ്‌ ഏര്‍പ്പാടാക്കിയിരിക്കുന്നത്‌. ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങളിലാണ്‌ പുരട്‌ശ്ചിത്തലൈവി (വിപ്ലവനായിക) ജയലളിതയുടെ തെരഞ്ഞെടുപ്പുപ്രചാരണ 'പയനം'. കരിമ്പൂച്ചകളുടെ വലയമില്ലെങ്കില്‍ ഒരിഞ്ചുനീങ്ങാനാവില്ല. പക്ഷേ സാധാരണക്കാരില്‍ സാധാരണക്കാരനായി ഉമ്മന്‍ചാണ്ടി കന്യാകുമാരിയില്‍ വന്നിറങ്ങിയപ്പോള്‍ ചിലര്‍ രഹസ്യം പറഞ്ഞു, 'ഇത്‌ കേരളാ മുതല്‍ അമൈച്ചറല്ലൈ. അവരുടെ ഡ്യൂപ്പുതാന്‍.' (ഇതു കേരളാമുഖ്യമന്ത്രിയല്ല, അങ്ങോരുടെ ഡ്യൂപ്പാണ്‌ കേട്ടാ!). വമ്പന്‍ സ്റ്റേജുകളോ സന്നാഹങ്ങളോ ഇല്ല. കരിമ്പൂച്ചകളില്ല. പതാകയുമായി നില്‍ക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍മാത്രം. പലസ്ഥലങ്ങളിലും ജനം അദ്ദേഹത്തെ സാകൂതം നോക്കിനില്‍ക്കുന്നു.

കോയമ്പത്തൂരില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഉമ്മന്‍ചാണ്ടി എത്തിയതും ഇതേ രീതിയിലായിരുന്നു. മാത്രമല്ല മലയാളത്തില്‍ 'പേശി' വോട്ടുചോദിക്കുകയും ചെയ്‌തു. (അടുത്തകാലത്ത്‌ ഔദ്യോഗികവാഹനം താമസിച്ചപ്പോള്‍ തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍നിന്ന്‌ ടാക്സി കാറിൽ സെക്രട്ടേറിയേറ്റിലേക്ക്‌പോയ മുഖ്യമന്തിയുടെ നടപടി തമിഴ്‌ജനതക്ക്‌ അവിശ്വസനീയമായിരിക്കാം!)

എന്തായാലും പലരിലും ഉമ്മന്‍ചാണ്ടിയുടെ പ്രാചരണരീതി അത്ഭുതങ്ങള്‍ വാരിക്കോരിയിട്ടു. പ്രാചരണം ബഹളമയമായില്ലെങ്കില്‍ വോട്ടുകിട്ടില്ല എന്ന ദ്രാവിഡനേതാക്കന്മാരുടെ അഹന്തക്ക്‌ സ്വന്തം പ്രവര്‍ത്തനത്തിലൂടെ പ്രഹരമേല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു. ആര്‍ഭാടം സൃഷ്‌ടിച്ച്‌ പ്രചാരണം നടത്തുന്ന തമിഴകത്തെ നേതാക്കള്‍ ഇതു കണ്ടുപഠിക്കണമെന്ന്‌ തമിഴ്‌ പത്രം എഴുതിയത്‌ അതിനാലാണ്‌.