UDF

2014, ഏപ്രിൽ 6, ഞായറാഴ്‌ച

തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ കൂടുതല്‍ ഉത്തരവാദിത്വം തനിക്ക്

തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ കൂടുതല്‍ ഉത്തരവാദിത്വം തനിക്ക് -ഉമ്മന്‍ചാണ്ടി


തൃശ്ശൂര്‍: കോണ്‍ഗ്രസ്സും യു.ഡി.എഫും ഒരു ടീം ആയി പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ അതിന്റെ കൂടുതല്‍ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും പാര്‍ട്ടികളിലെയും മുന്നണിയിലെയും ഐക്യവും തിരഞ്ഞെടുപ്പിലെ ജയസാധ്യതയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരഞ്ഞെടുപ്പുഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാവുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷം അത് സ്വാഗതംചെയ്യാന്‍ ഇതുവരെ തയ്യാറായില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പിണറായി വിജയന്‍ ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണിത്. സരിത, സലിംരാജ് തുടങ്ങിയ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലേ എന്ന ചോദ്യത്തിന്, ജനങ്ങളാണ് അന്തിമവിധി പറയേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജൂണ്‍ മുതല്‍ ചര്‍ച്ചചെയ്യുന്ന പ്രശ്‌നമാണിത്. നിയമസഭയ്ക്കകത്തും പുറത്തും എന്റെ വാദങ്ങള്‍ക്ക് ഒരാള്‍പോലും മറുപടി പറഞ്ഞില്ല. സര്‍ക്കാരിന്റെ ഖജനാവിന് 379 കോടി നഷ്ടമുണ്ടാക്കിയ ലാവലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്നാണ് നിലപാട്. ഏത് ആരോപണത്തിനും മറുപടി പറയാന്‍ എനിക്ക് മടിയില്ല. ഏതന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സര്‍വ്വെഫലം ഒരു ചൂണ്ടുപലകയാണ്. ആര്‍.എസ്.പി. നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയത് മുന്നണി വിട്ടതിനുശേഷമാണ്. തൃശ്ശൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ വച്ചുമാറ്റിയത് ദോഷം ചെയ്യില്ല.

കോടതി വിധി അനുകൂലമാകുമ്പോള്‍ ആഹ്ലാദിക്കുകയും വിധി എതിരാകുമ്പോള്‍ പ്രതിഷേധിക്കുകയും ചെയ്യുന്ന നയം കോണ്‍ഗ്രസ്സിനില്ല. നീതിപീഠത്തിന്റെ വിശ്വാസ്യത ജനാധിപത്യസംവിധാനത്തില്‍ സുപ്രധാനമാണ്. അത് കളയുന്നത് ശരിയല്ല. അത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി, അഡ്വ. വി. ബാലറാം എന്നിവരും പങ്കെടുത്തു.