UDF

2015, നവംബർ 20, വെള്ളിയാഴ്‌ച

കേരളത്തിലെ റെയില്‍വേ വികസനം; എം.പിമാരുടെ ഇടപെടല്‍ അനിവാര്യം


കേരളത്തിന്റെ റെയില്‍ വികസനത്തിന് ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എം.പിമാരുടെ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലുള്ള വികസന പദ്ധതികള്‍ക്കൊപ്പം പുതിയ പാതകളെ സംബന്ധിച്ചുള്ള ആവശ്യവും ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തുനിന്നുള്ള എം.പിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി റെയില്‍പാത ഇതില്‍ പ്രധാനമാണ്. നിലമ്പൂര്‍-ബാംഗ്ലൂര്‍ പുതിയ പാതയും പ്രത്യേക പരിഗണന ആവശ്യപ്പെടുന്നതാണ്. ഇതിന് പുറമെ കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കേണ്ടതും ആവശ്യമാണ്. കൂട്ടായ ശ്രമത്തിലൂടെ ഇത് നേടിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ പദ്ധതികള്‍ക്കായി 2016-17ല്‍ 602 കോടി രൂപ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. 

റെയില്‍ ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ക്രോഡീകരിച്ച് റെയില്‍വേ മന്ത്രിക്ക സമര്‍പ്പിക്കും. ഇതിനായി ഡിസംബര്‍ ഒന്‍പതിന് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എം.പിമാരുടെ യോഗം ചേരും. തുടര്‍ന്ന് പത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ നേരില്‍കണ്ട് മുഖ്യമന്ത്രിയും എം.പിമാരുമടങ്ങുന്ന സംഘം കേരളത്തിന്റെ ആവശ്യങ്ങളുന്നയിക്കുന്നതിനും ഇന്നലെ നടന്ന എം.പിമാരുടെ യോഗം തീരുമാനിച്ചു. 
സംസ്ഥാനത്ത് ഏറെ പ്രതിസന്ധിയുള്ള വൈദ്യുതി വകുപ്പ് നിരവധി പദ്ധതികളാണ് കേന്ദ്രത്തിന്റെ സഹായത്തിനായി തയ്യാറാക്കിയിട്ടുള്ളത്. 

വാതകാധിഷ്ഠിതമായ വൈദ്യുത നിലയങ്ങള്‍ക്ക് ആഭ്യന്തര പ്രകൃതി വാതകം അനുവദിക്കുക എന്നതാണ് ഈ ആവശ്യങ്ങളില്‍ പ്രധാനം. ബ്രഹ്മപുരം ഡീസല്‍ നിലയത്തിലെ 18 എം.ഡബ്ല്യൂ ശേഷിയുള്ള യൂണിറ്റിന്റെ പാരിസ്ഥിക അനുമതി വേഗത്തിലാക്കുക, കായംകുളം വൈദ്യുതനിലയത്തിന്റെ നിലവിലുള്ള 360 എം.ഡബ്ല്യു ശേഷി നാഫ്തയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റുക, ബി.എസ്.ഇ.എസിന്റെ കൊച്ചിയിലെ നാഫ്ത വൈദ്യുതനിലയം വാതകാധിഷ്ഠിത നിലയമാക്കി മാറ്റുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. 

കൂടംകുളത്ത് നിന്നും അധിക വൈദ്യുതി അനുവദിക്കുക എന്ന ആവശ്യവും ഇത്തവണ ഊര്‍ജ്ജ വകുപ്പ് ഉന്നയിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം കൂടുതല്‍ ക്ലാസുകളിലേക്ക് വാപിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രധാനമായും മുമ്പോട്ടുവച്ചിട്ടുള്ളത്. ഇതിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ വകയിരുത്തണം. ഇക്കാര്യത്തില്‍ കേന്ദ്ര ബജറ്റില്‍ അര്‍ഹമായ തുക വകയിരുത്തുന്നതിന് നടപടിയുണ്ടാകണം.

ഇതിനുപുറമെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കല്‍, നാഷണല്‍ മീന്‍സ്-കം സ്‌കോളര്‍ഷിപ്പിന്റെ ഫണ്ട് ലഭ്യമാക്കല്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് സൗകര്യം മെച്ചപ്പെടുത്താന്‍ 1000 കോടി, സാക്ഷരതാ മിഷന് കൂടുതല്‍ സഹായം, എസ്.എസ്.എ ഫണ്ട് വര്‍ധിപ്പിക്കല്‍ എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍.

ഇതിന് പുറമെ നിരവധി പദ്ധതികള്‍ വിവിധ വകുപ്പുകള്‍ എം.പിമാര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രബജറ്റിന് മുന്നോടിയായി ശീതകാല സമ്മേളനത്തില്‍തന്നെ പല പദ്ധതികളും നേടിയെടുക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ പുതുക്കണമെന്നും സംസ്ഥാനം ശക്തമായി ആവശ്യമുന്നയിച്ചിട്ടുണ്ട്.