UDF

2015, ജൂലൈ 14, ചൊവ്വാഴ്ച

സര്‍ക്കാരിന്റെ ലക്ഷ്യം യുവാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം


തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിനോടൊപ്പം പുതുതലമുറയുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് വികസന രംഗത്തെ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ കേരള പരിപ്രേക്ഷ്യ പദ്ധതി 2030 -ന്റെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ദീര്‍ഘകാല വികസന ലക്ഷ്യം സംയോജിതമായി നടപ്പിലാക്കാനുള്ള, കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമുള്ള കൂട്ടായ ശ്രമം ആണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ സഹകരണത്തോടെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ കേരള പരിപ്രേക്ഷ്യ പദ്ധതി എന്ന് മുഖ്യമന്ത്രി പറഞ്ഞു.  

സംസ്ഥാന ആസൂത്രണ മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള പരിപ്രേക്ഷ്യ പദ്ധതി 2030 നീതി ആയോഗ് അംഗം ഡോ.ബിബേക് ദെബ്രോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.