UDF

2015, ജൂലൈ 16, വ്യാഴാഴ്‌ച

ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍ക്കാര്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കും


 വിമാനക്കമ്പനികള്‍ അമിതമായ യാത്രാനിരക്ക് ഈടാക്കുന്നത് മൂലം നാട്ടിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്കായി സംസ്ഥാനസര്‍ക്കാറിന്റെ കീഴില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രത്യേക കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

വിമാനക്കൂലി വര്‍ധനവിന് എതിരെ നിരന്തരം കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്വന്തം നിലക്കുള്ള നടപടികളിലേക്ക് കടക്കുന്നത്. കപ്പല്‍ യാത്രക്ക് ദിവസങ്ങളെടുക്കുമെന്നതാണ് യാത്രക്കാരുടെ താല്‍പര്യക്കുറവിന് കാരണമെന്നും പാലോട് രവിയുടെ സബ്മിഷന് മറുപടിയായി അദ്ദേഹം അറിയിച്ചു.

സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടും വെച്ചിട്ടുള്ള എയര്‍കേരള വിമാനസര്‍വീസിന്  കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി തന്നിട്ടില്ല. എയര്‍ ഇന്ത്യയുടെ ഇടപെടല്‍ കാരണമാണ് പദ്ധതിക്ക് അംഗീകാരം കിട്ടാത്തത്. അവര്‍ മുന്നോട്ടു വെച്ചിട്ടുള്ള നിബന്ധന നമുക്ക് ഒരിക്കലും നടപ്പാക്കാനാകില്ല. അന്തര്‍ദേശീയ സര്‍വീസിന് അനുമതി കിട്ടണമെങ്കില്‍ അഞ്ചു കൊല്ലം ആഭ്യന്തരവിമാനസര്‍വീസ് നടത്തി പരിചയവും 20 വിമാനങ്ങളെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം വേണം. അഞ്ച് വര്‍ഷം ആഭ്യന്തരമേഖലയില്‍ സര്‍വീസ് നടത്തിയാല്‍ 150 കോടി നഷ്ടമുണ്ടാകും.

അഞ്ച് വിമാനങ്ങളെ ഉള്‍പ്പെടുത്തി എയര്‍ കേരള തുടങ്ങുന്നതിനുള്ള പദ്ധതിയാണ് കേരളം മുന്‍ യു.പി.എ സര്‍ക്കാറിന് സമര്‍പ്പിച്ചത്. പരിശോധിക്കാമെന്ന് പറഞ്ഞതല്ലാതെ ഇതു വരെ തീരുമാനമുണ്ടായിട്ടില്ല. മോദി സര്‍ക്കാരും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. തിരക്കേറിയ സമയത്ത് വിമാനനിരക്ക് കുത്തനെ കൂട്ടുന്ന എയര്‍ ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികളുടെത് മര്യാദകെട്ട നിലപാടാണ്.

കുറഞ്ഞ നിരക്കിലെ സര്‍വീസുമായി തുടങ്ങിയ എയര്‍ഇന്ത്യ എക്‌സ്പ്രസിനെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കണ്ടതെങ്കിലും പിന്നീട് നിരാശയായിരുന്നു ഫലം. അവരും സീസണില്‍ നിരക്ക് വര്‍ധിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ പലതവണ അറിയിച്ചിട്ടും ഫലമുണ്ടായില്ല.എന്നാലും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമം തുടരരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.