UDF

2015, ജൂലൈ 9, വ്യാഴാഴ്‌ച

വിഴിഞ്ഞം നിശ്ചയിച്ചരീതിയില്‍ നടപ്പാക്കും; സമ്മതപത്രം യഥാസമയം നല്‍കും


വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് ആര്‍ക്കും ഒരാശങ്കയും വേണ്ടെന്നും പദ്ധതിയുടെ സമ്മതപത്രം അതിന്റെ സമയത്ത് തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം 6000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചതല്ലേ. അതിനാല്‍ അക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കാന്‍ അതിന്റേതായ സമയമെടുക്കും. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഉള്ളപ്പോള്‍ ഓരോന്നിനെക്കുറിച്ചും ഇങ്ങനെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കും. ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ നാഥനില്ലാത്തതാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു.

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്ക് പോകുന്നില്ല. നീതി ആയോഗുമായി  ബന്ധപ്പെട്ട് പ്രധാനമന്ത്രി ബുധനാഴ്ച ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ആ യോഗത്തില്‍ പങ്കെടുക്കാനാകുമോ എന്നറിയില്ല. ഡല്‍ഹിയില്‍ പോകുമ്പോള്‍ സമയമുണ്ടെങ്കില്‍ കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ സാധാരണ നിലയില്‍ കാണാറുണ്ട്. ഏതായാലും വിഴിഞ്ഞം പദ്ധതിയുടെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി നടപ്പാക്കും. അതിലൊരു ആശങ്കയും വേണ്ട. ഇതിന്റെ പേരില്‍ ആരാണ് തര്‍ക്കമുണ്ടാക്കിയത്. നിങ്ങള്‍ (മാധ്യമങ്ങള്‍) ഉണ്ടാക്കുന്ന തര്‍ക്കമല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിന് തന്നെയാണോ പദ്ധതി നടത്തിപ്പ് നല്‍കുന്നതെന്ന ചോദ്യത്തിന്, അദാനി ഗ്രൂപ്പ് മാത്രമാണ് ടെണ്ടര്‍ സമര്‍പ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.