UDF

2015, ജൂലൈ 8, ബുധനാഴ്‌ച

വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ല


വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഹൈക്കമാൻഡിന് എതിർപ്പുണ്ടെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം പദ്ധതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ.ബാബു വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പദ്ധതിക്കായുള്ള അനുമതിപത്രം വൈകുന്നത് സാങ്കേതികംമാത്രമെന്നാണ് സർക്കാർ വിശദീകരണം. നടപടികൾ പുരോഗമിക്കുകയാണെന്ന് തുറമുഖ മന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
കരാർ സുതാര്യമായിരിക്കണമെന്ന സമീപനമാണു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുള്ളത്. അദാനിയുടെ ബിജെപി ബന്ധത്തെക്കുറിച്ചു ചില വിയോജിപ്പുകൾ അദ്ദേഹത്തിനുണ്ടെങ്കിലും പദ്ധതിയെ എതിർക്കുന്ന സമീപനം സുധീരൻ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അരുവിക്കര തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അദ്ദേഹവും ഇതിന്റെ പേരിൽ സർക്കാരിനെ ശ്ലാഘിച്ചിരുന്നു. അദാനി കൂടി പിന്മാറിയാൽ വിഴിഞ്ഞത്തെക്കുറിച്ച് ഇനി പ്രതീക്ഷ വേണ്ട എന്ന വിശ്വാസത്തിലാണു മുഖ്യമന്ത്രി.

ഈ സമയത്തു പദ്ധതിക്കു കുരുക്കാവുന്ന ഒന്നും തന്നെ അനുവദിക്കാനാവില്ലെന്നു നേതാക്കൾ പറയുന്നു. സർക്കാരിന്റെ വികസന അജൻഡയ്ക്കു തെളിവായി വിഴിഞ്ഞത്തെ മുന്നോട്ടുവച്ചാണ് അരുവിക്കരയിൽ വോട്ടു തേടിയത്. ജയിച്ചശേഷം അതിൽനിന്നു പിന്നോട്ടുപോകുന്നത് അചിന്തനീയമാണ്. പ്രതിപക്ഷത്തിന്റെ മുന പോയ ആയുധത്തിനു കോൺഗ്രസ് തന്നെ മൂർച്ചയുണ്ടാക്കിക്കൊടുക്കരുതെന്നും നേതാക്കൾ വാദിക്കുന്നു.

ഗൗതം അദാനിയുമായുള്ള കരാർ മന്ത്രിസഭായോഗം അംഗീകരിക്കുന്നതിനു മുമ്പായി ഡൽഹി സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടു കേരളത്തിന്റെ ഈ വികസന ആവശ്യത്തെക്കുറിച്ചു വിശദീകരിച്ചിരുന്നു. സംസ്ഥാന താൽപര്യത്തിന് അവർ എതിരല്ലെന്ന സൂചനയാണു ലഭിച്ചത്. കോൺഗ്രസിലെ എ–ഐ വിഭാഗങ്ങൾ പദ്ധതിയെ പിന്തുണയ്ക്കുന്നു.
പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞതായി ബിജെപി നേതാവ് ഒ.രാജഗോപാലും നേരത്തെ അറിയിച്ചിരുന്നു.