UDF

2015, ജൂലൈ 29, ബുധനാഴ്‌ച

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കര്‍ഷകരെ വഴിയിലേക്ക് വലിച്ചെറിയില്ല


 പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല നിര്‍ണ്ണയം സംബന്ധിച്ച് ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ കഴിഞ്ഞ രണ്ട് കൊല്ലം സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ എന്തുകൊണ്ട് ആക്ഷേപം പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  മുന്‍ കേന്ദ്രസര്‍ക്കാറും ഇപ്പോഴത്തെ സര്‍ക്കാരും അംഗീകരിച്ച നിലപാടാണിതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നശേഷം 123 വില്ലേജുകളിലെ വനഭൂമി മാത്രം വേര്‍തിരിച്ചെടുത്ത് ഉമ്മന്‍ വി ഉമ്മന്‍ സമിതി തയാറാക്കിയ കഡസ്ട്രല്‍മാപ്പ് രണ്ട് വര്‍ഷം മുമ്പ് അംഗീകരിച്ച് കേന്ദ്രത്തിന് നല്‍കിയതാണ്. ആ മാപ്പിനെതിരെ ഒരു പരാതിയും എവിടെയുമുണ്ടായിട്ടില്ല.

വനംവകുപ്പും അത് അംഗീകരിച്ചതാണ്. കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകരെ വഴിയിലേക്ക് വലിച്ചെറിയുന്ന സമീപനം ഒരിക്കലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ ഒറ്റ അഭിപ്രായമേയുള്ളൂ. അത് കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കുകയാണ്.

വനംവകുപ്പ് ഇപ്പോള്‍ സംരക്ഷിച്ചുവരുന്ന വനഭൂമി മാത്രമേ പരിസ്ഥിതിലോല പരിധിയില്‍പെടൂ എന്ന നിലപാട് വനംവകുപ്പിന്റെ നിലവിലുള്ള വനംകേസുകളെ ദുര്‍ബലമാക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയെന്തെങ്കിലും നിയമപ്രശ്‌നം വന്നാല്‍ അവസരത്തിനൊത്ത് തീരുമാനമുണ്ടാകുമെന്നായിരുന്നു മറുപടി.

ഗ്രോ മോര്‍ ഫുഡ് പദ്ധതിയുടെ ഭാഗമായി മലയോരങ്ങളില്‍ പോയി കൃഷിചെയ്ത് ജീവിച്ചുതുടങ്ങിയ കര്‍ഷകരാണ് ഇപ്പോഴും അവിടെയുള്ളത്. 1977 ജനുവരി ഒന്നിന് മുമ്പുള്ള കൈയേറ്റങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. അതിന് ശേഷം കൈയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കര്‍ശനമായി തടയാന്‍ നടപടിയെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.