UDF

2015, ജൂലൈ 16, വ്യാഴാഴ്‌ച

വികസന പദ്ധതികളില്‍ സര്‍ക്കാരിന് വിവേചനമില്ല


 വികസന പദ്ധതികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഭരണ-പ്രതിപക്ഷ വിവേചനം കാട്ടാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലങ്ങളില്‍ വികസന പദ്ധതികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇങ്ങനെയൊരു പരാതി പ്രതിപക്ഷത്ത് നിന്ന് ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു പരാതി ഉണ്ടാകാതിരിക്കാനാണ് എല്ലാ പദ്ധതികളിലും പൊതുമാനദണ്ഡം വെച്ചത്. പുതിയ കോളേജുകള്‍ അനുവദിക്കുന്ന പ്രശ്‌നത്തില്‍ കോളേജ് ഇല്ലാത്തയിടങ്ങളില്‍ പരിഗണന നല്‍കണമെന്ന മാനദണ്ഡത്തിനോടാണ് എല്ലാവരും  യോജിച്ചത്. അതില്‍ ഭരണപക്ഷമെന്നോ  പ്രതിപക്ഷമെന്നോ നോക്കിയില്ല.

ഭൂരിപക്ഷം സര്‍ക്കാര്‍ കോളേജുകളും അനുവദിച്ചത് പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലങ്ങളിലാണ്. വികസന പദ്ധതികള്‍ ആരുടെയും ഔദാര്യമല്ല, അവകാശമാണ്. സര്‍ക്കാര്‍ ഔദാര്യം കാണിച്ചുവെന്നല്ല, ഒരു പദ്ധതിയിലും പക്ഷഭേദം കാട്ടിയിട്ടില്ലെന്നാണ് താന്‍ പറയുന്നത്. 77 ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ അനുവദിച്ചതിലും ഭൂരിപക്ഷം പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലങ്ങളിലാണ്.

കാരുണ്യാ ഫാര്‍മസികള്‍ 16 എണ്ണമാണ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് അനുവദിച്ചത്. 110 ഹോമിയോ ഡിസ്പന്‍സറികളുടെ കാര്യത്തിലും ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് അനുവദിക്കുക എന്നത് തന്നെയായിരുന്നു മാനദണ്ഡം.

25 പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ അനുവദിച്ചപ്പോള്‍ ആദ്യം നല്‍കിയത് പ്രതിപക്ഷ അംഗങ്ങള്‍ക്കാണ്. നാലാംവര്‍ഷം ഏറ്റവും ഒടുവിലത്തേതാണ് തന്റെ പഞ്ചായത്തായ പുതുപ്പള്ളിയില്‍ അനുവദിച്ചതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. 
കാരുണ്യാ ബെനവലന്റ് ഫണ്ട് 742 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. ഇതില്‍ സര്‍ക്കാര്‍ എന്തെങ്കിലും വിവേചനം കാട്ടിയെന്ന പരാതി പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. വികസനവും കരുതലും എല്ലാവര്‍ക്കും ഒരുപോലെ നീതിപൂര്‍വം നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം.

ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിച്ചപ്പോഴും മാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയില്ല. ആസ്തി വികസന ഫണ്ട് അഞ്ചുകോടി രൂപ വീതം പ്രതിപക്ഷ അംഗങ്ങള്‍ക്കും നല്‍കിയത് മറന്നുപോകരുതെന്നും ഭരണത്തിന്റെ അഞ്ചാംവര്‍ഷം ഇത്തരമൊരു അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത് ശരിയാണോ എന്നാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.