UDF

2015, ജൂലൈ 2, വ്യാഴാഴ്‌ച

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ ഏകോപനം ഉറപ്പുവരുത്തണം


തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധ-നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, എം.കെ.മുനീര്‍, മഞ്ഞളാംകുഴി അലി എന്നിവരുടെ സാന്നിധ്യത്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചുചേര്‍ത്ത അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. 

പകര്‍ച്ചവ്യാധികള്‍ കൂടുതലായുണ്ടാകുന്നത് നഗരപ്രദേശങ്ങളിലായതിനാല്‍ മുനിസിപ്പാലിറ്റികളും നഗരസഭകളും മാലിന്യനിര്‍മാര്‍ജനത്തിനായി സത്വരനടപടികള്‍ സ്വീകരിക്കണം. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ജില്ലാതലങ്ങളിലും എം.എല്‍.എ.മാര്‍ മണ്ഡലതലത്തിലും അവലോകനയോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും മേയര്‍മാരുടെയും യോഗം ഈ മാസം 7ന് തിരുവനന്തപുരത്ത് ചേരും. ചീഫ് സെക്രട്ടറി എല്ലാ ആഴ്ചകളിലും സംസ്ഥാനത്തെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.