UDF

2015, ജൂലൈ 3, വെള്ളിയാഴ്‌ച

കാലവര്‍ഷക്കെടുതി നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കും


 കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കിവരുന്ന നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിന് കൃഷിവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

കുലച്ചവാഴയ്ക്ക് 100 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 3 രൂപയായും, റബ്ബറിന് 300 രൂപയുടെ സ്ഥാനത്ത് 40 രൂപയും, കമുകിന് 150 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 20 രൂപയായും കുറച്ച് ഉത്തരവിറങ്ങി. ഇത് കര്‍ഷകര്‍ക്ക് വളരെ വലിയ ആഘാതമാണ് നല്‍കിയിട്ടുള്ളത്.

ഒരു നല്ലയിനം വാഴവിത്ത് വാങ്ങണമെങ്കില്‍ 20 രൂപയെങ്കിലും ചെലവാകും അത് കൃഷി ചെയ്ത് വിളവെടുപ്പിന്റെ സമയമാകുമ്പോഴേക്കും കുറഞ്ഞത് 150 രൂപയെങ്കിലും കര്‍ഷകന് ചെലവുവരും ഈ സാഹചര്യം നിലനില്‍ക്കെയാണ് നാമമാത്രമായ നഷ്ടം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. ഇത് കര്‍ഷകരോടുള്ള വിവേചനമാണെന്നും, സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് വിളനഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ. സബ്മിഷനില്‍ ആവശ്യപ്പെട്ടു. 

2005-ലെ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ദേശീയ ദുരന്ത പ്രതികരണനിധി മാനുവല്‍ പ്രകാരം പ്രകൃതിക്ഷോപത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ക്ക് റവന്യൂവകുപ്പിന്റെ 2012-ലെ ഉത്തരവ് പ്രകാരം നല്‍കിവന്നിരുന്ന നഷ്ടപരിഹാരതുക 2015-ല്‍ കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കിയ പുതിയ മാനദണ്ഡപ്രകാരം വെട്ടിച്ചുരുക്കുകയും നഷ്ടപരിഹാരത്തിന് പകരം അടിയന്തിര ആശ്വാസധനസഹായമാക്കി മാറ്റുകയും ചെയ്തിരുന്നു. 

കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന നിരക്കുകള്‍ പ്രകാരമുള്ള തുകയുടെ 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാനവിഹിതവുമായാണ് കാലവര്‍ഷക്കെടുതിക്ക് നല്‍കിവരുന്നത്. എന്നാല്‍ മാനദണ്ഡനിരക്കുകള്‍ക്ക് എതിരായി ധനസഹായം നല്‍കേണ്ടിവരുമ്പോള്‍ അധികതുക സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് വഹിക്കേണ്ടിവരുന്നത്. 

ഇതിനായി കൃഷിവകുപ്പിന്റെ തനത് ഫണ്ട് വിനിയോഗിക്കുന്നതിന് കൃഷിവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും വരുംകാലങ്ങളില്‍ കാര്‍ഷികവിളകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി കാര്‍ഷികവിള ഇന്‍ഷ്യുറന്‍സ് പദ്ധതി വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.