UDF

2015, മേയ് 4, തിങ്കളാഴ്‌ച

ജനതാദള്‍-യുവിന്റെ ആവശ്യം ന്യായം, പ്രശ്‌നം പരിഹരിക്കും


 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റിലെ തോല്‍വിയെക്കുറിച്ചന്വേഷിച്ച യു.ഡി.എഫ്. സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നതുള്‍പ്പെടെ ജനതാദള്‍-യു ഉന്നയിച്ച ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തുടര്‍ചര്‍ച്ചകളിലൂടെ അത് അനുഭാവപൂര്‍വം പരിഹരിക്കും. ജനതാദള്‍-യു സംസ്ഥാന പ്രസിഡന്‍റ് എം.പി.വീരേന്ദ്രകുമാറിന്റെ വസതിയിലെത്തി, 45മിനുട്ടുനീണ്ട ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വീരേന്ദ്രകുമാറുമായി സംസാരിക്കും. ജനതാദളുന്നയിച്ച എല്ലാ ആവശ്യങ്ങളും തുടര്‍ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ എന്തെങ്കിലും സ്ഥാനത്തെച്ചൊല്ലിയാണു തര്‍ക്കങ്ങളുണ്ടാവുക. ഇവിടെ പ്രശ്‌നം തീര്‍ത്തും രാഷ്ട്രീയമാണ്. എല്‍.ഡി.എഫ്. വിട്ട് 2009-ല്‍ വന്നപ്പോള്‍ പാര്‍ലമെന്റ് സീറ്റ് നല്‍കാമെന്ന് യു.ഡി.എഫ്. സമ്മതിച്ചതാണ്. എന്നാല്‍, രാഷ്ട്രീയമായ നിലപാടെടുത്ത് വന്ന തങ്ങള്‍ക്കു സീറ്റ് വേണ്ടെന്നുപറഞ്ഞ് അതു സ്വീകരിക്കാന്‍ ജനതാദള്‍-യു തയ്യാറായില്ല.

പാലക്കാട് തോല്‍വി സംബന്ധിച്ച യു.ഡി.എഫ്. റിപ്പോര്‍ട്ട് ഇതുവരെ തനിക്കു കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിന്‍റ വിശദാംശങ്ങളെക്കുറിച്ചറിയില്ല. എന്തായാലും റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി വേഗത്തിലുണ്ടാവും. ജനതാദള്‍-യു ഐക്യമുന്നണിയില്‍ വന്നശേഷം മുന്നണിഘടനയില്‍ മാറ്റംവരുത്തിയിട്ടില്ല. സംസ്ഥാനതലത്തില്‍ പ്രാതിനിധ്യം നല്‍കിയെങ്കിലും താഴെത്തട്ടിലതുണ്ടായില്ല. അതേസമയം, യു.ഡി.എഫില്‍ ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മേധാവിത്വമില്ല. വീരേന്ദ്രകുമാര്‍ ഉന്നയിച്ച എല്ലാ പരാതികളും പൂര്‍ണമായുമുള്‍ക്കൊണ്ട് ആവശ്യമായ പരിഹാരനടപടികള്‍ താമസിയാതെയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എം.കെ.രാഘവന്‍ എം.പി., കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്, ഡി.സി.സി. പ്രസിഡന്‍റ് കെ.സി.അബു എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.