UDF

2015, മേയ് 19, ചൊവ്വാഴ്ച

ഈ സര്‍ക്കാര്‍ കൂടെയുണ്ട് എപ്പോഴും


 ഏറ്റവും പ്രയാസമേറിയ സന്ദര്‍ഭങ്ങള്‍  നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ജീവന്‍പോലും തുലാസില്‍ നില്‍ക്കുന്ന നിമിഷങ്ങള്‍.  അപ്പോഴൊക്കെ നാം സഹായത്തിനുവേണ്ടി ചുറ്റും നോക്കും. അഞ്ചാം വയസിലേക്കു കടക്കുന്ന ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കാണാവുന്നത്, ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ സര്‍ക്കാര്‍ താങ്ങും തണലുമായി അവിടെ ഉണ്ടായിരുന്നു എന്നതാണ്. ജനങ്ങള്‍ എപ്പോഴൊക്കെ ഒരു സര്‍ക്കാരിന്റെ സാമിപ്യം ആഗ്രഹിച്ചുവോ, അപ്പോഴൊക്കെ അവിടെ എത്താന്‍  സാധിച്ചു. വിദേശത്ത് യുദ്ധത്തിനിടയിലും ആഭ്യന്തര പ്രശ്‌നങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും അകപ്പെട്ട മലയാളികളുടെ ജീവനുപോലും വെല്ലുവിളി ഉയര്‍ന്ന സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരെത്തി. ഇറാക്ക്, ലിബിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധം ഉണ്ടായപ്പോഴും സൗദി അറേബ്യയില്‍ നിതാഖാത്ത് ഏര്‍പ്പെടുത്തിയപ്പോഴും നേപ്പാളില്‍ ഭൂമി കുലുക്കം ഉണ്ടായപ്പോഴും ഈ സര്‍ക്കാരിന്റെ സഹായഹസ്തം നീണ്ടു. 

പാവങ്ങളിലേക്ക്

ഒരു തുറന്ന പ്രദേശത്തു നില്ക്കുന്ന ഒറ്റയാന്‍ മരംപോലെയാണ് സമൂഹത്തിലെ പാവപ്പെട്ടവരുടെ ജീവിതം. കാറ്റോ, മഴയോ, മിന്നലോ ഉണ്ടായാല്‍ മരംനിലംപൊത്തും. എന്നാല്‍  ഈ വിഭാഗത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ട്.  ജനസമ്പര്‍ക്ക പരിപാടി, കാരുണ്യ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയ നിരവധി പരിപാടികളിലൂടെ പാവപ്പെട്ടവരുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കൂടെ നിന്നു. മേയ് 15 വരെ 86,876 പേര്‍ക്ക് 701 കോടി രൂപയുടെ കാരുണ്യ ഫണ്ടും   മേയ് രണ്ടു വരെ  452 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും വിതരണം ചെയ്തു. നേരത്ത നടന്ന രണ്ടു ജനസമ്പര്‍ക്ക പരിപാടികളില്‍ 76 കോടി രൂപ നല്കി. ഈ മൂന്നിനങ്ങളില്‍ മാത്രം 1229 കോടി രൂപ പാവപ്പെട്ടവരിലെത്തി.  മൂന്നാമത്തെ ജനസമ്പര്‍ക്ക പരിപാടി എട്ടു ജില്ലകളില്‍ പൂര്‍ത്തിയായി. ഒരു രൂപ അരിക്ക് ഒരു വര്‍ഷം 700 കോടി രൂപ സബ്‌സിഡി നല്കുന്നു. ഒരു രൂപയ്ക്ക് അരി നല്കുമെന്നു പറഞ്ഞ് യുഡിഎഫ് അധികാരത്തിലേറി നൂറു ദിവസത്തിനുള്ളില്‍ അതു നടപ്പാക്കി. ഇടതുസര്‍ക്കാര്‍ രണ്ടു രൂപയ്ക്ക് അരി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയിട്ട് നാലു വര്‍ഷം കഴിഞ്ഞ് നടപ്പാക്കി.  ലോട്ടറി മാഫിയ മുമ്പ് കടത്തിക്കൊണ്ടു പോയ  കോടികളാണ് ഇപ്പോള്‍  പാവപ്പെട്ടവരിലേക്ക് എത്തിയത്.  നമ്മുടെ സമ്പത്തിന്റെ ഒരംശം അവര്‍ക്കു നല്കുന്നതില്‍  എന്താണു തെറ്റ്?

പദ്ധതികള്‍ നടക്കും

ക്ഷേമപ്രവര്‍ത്തനങ്ങളോട് കിടപിടിക്കുന്നു വികസനപ്രവര്‍ത്തനങ്ങളും. നമ്മുടെ നാടിനെക്കുറിച്ച് പൊതുവെ പറഞ്ഞു കേള്‍ക്കാറുള്ള ഒരു ആക്ഷേപം കേരളത്തില്‍ ഒരു കാര്യവും നടക്കില്ല എന്നാണ്. ഇടുക്കി അണക്കെട്ടിനും (1973) നെടുമ്പാശേരി വിമാനത്താവളത്തിനും (1999) ശേഷം കേരളത്തില്‍ വന്‍കിട പദ്ധതികള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ കുരുക്കുകള്‍ ഓരോന്നോരോന്ന് അഴിച്ചുമാറ്റി, പ്രതിസന്ധികളെ ഒന്നൊന്നായി മറികടന്ന്  ഏറെ നാളായി കാത്തിരിക്കുന്ന സ്വപ്‌നപദ്ധതികളെല്ലാം കരയ്ക്കടുപ്പിച്ചു. കൊച്ചി മെട്രോ 2016 ജൂണിലും സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം ഈ വരുന്ന ജൂണിലും നടപ്പാകും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം ഈ ഡിസംബര്‍ 31നു പറന്നിറങ്ങും.  വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ കഴിയുന്ന ഘട്ടമെത്തിയിരിക്കുന്നു. മൂന്നു പതിറ്റാണ്ടിനുശേഷം  തിരുവനന്തപുരം ബൈപാസിലെ  കരമന- കളയിക്കാവിള റോഡിന്റെ വീതി കൂട്ടുന്നു.    കൊല്ലം, ആലപ്പുഴ, കോഴിക്കോട് ബൈപാസുകള്‍, കഴക്കൂട്ടം- മുക്കോല  ബൈപാസ് എന്നിവയും പതിറ്റാണ്ടുകള്‍ക്കുശേഷം നടപ്പാകുന്നു. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് ഇനിയാരും പറയില്ല. 

യുവശാക്തീകരണം

യുവാക്കളെ നാടിന്റെ വികസനപ്രക്രിയയില്‍ പങ്കാളികളാക്കി എന്നതാണ് എനിക്ക് തൃപ്തി നല്കിയ മറ്റൊരു കാര്യം. വിദ്യാര്‍ത്ഥി സംരംഭകത്വ നയത്തിനും  തുടര്‍ന്ന് സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കും രൂപം കൊടുത്തു. സ്റ്റാര്‍ട്ടപ്പിലേക്ക്  മൂവായിരത്തോളം ആശയങ്ങളുമായി കുട്ടികള്‍ രംഗത്തുവന്നു. ഇവരില്‍  900 പേര്‍ സംരംഭങ്ങള്‍ ആരംഭിച്ചു. ഈ നൂതനപദ്ധതി ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ടു. യുവസംരംഭകര്‍ക്ക് 20 ലക്ഷം രൂപ പലിശരഹിത വായ്പ നല്കുന്ന പദ്ധതിയും വന്‍വിജയമായി. സര്‍ക്കാര്‍ ജോലിക്കും വിദേശജോലിക്കും അപ്പുറത്ത് പുതിയൊരു ആകാശമുണ്ടെന്ന് യുവാക്കള്‍ കണ്ടെത്തി. കര്‍ഷകര്‍ ഏറെക്കാലമായി കാത്തിരുന്ന നീര ഉല്പന്നം വിപണിയില്‍ ഇറങ്ങിയത് വലിയൊരു കാല്‍വയ്പാണ്. നീരയിലൂടെ ഒരു തെങ്ങില്‍ നിന്ന് 900 രൂപ മുതല്‍ 3000 രൂപവരെ പ്രതിമാസം ആദായം വര്‍ധിക്കും.  മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാം 2005ല്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച വിഷന്‍ 2010ലെ ഒരു പദ്ധതിയായിരുന്നു ഇത്.  നീര ചെത്തുന്നതിന് 112 വര്‍ഷം പഴക്കമുള്ള അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.  കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ ആദ്യമായി 2012-13ല്‍ 5.62[%] വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു.  അതേസമയം, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളില്‍ രാജ്യത്ത് കേരളം റിക്കാര്‍ഡിട്ടു. വ്യവസായ മേഖലയില്‍ ഇത്തരം സംരംഭങ്ങള്‍ക്കാണ് കേരളത്തില്‍ സാധ്യത കൂടുതല്‍ എന്നു കണ്ടെത്തി പ്രാധാന്യം കൊടുത്തപ്പോഴാണ് ഈ നേട്ടം കൈവരിക്കാനായത്. 

ഡിജിറ്റല്‍ കേരള

കംപ്യൂട്ടര്‍ അടിച്ചുപൊളിച്ചതിനു പിന്നാലെയാണ് രാജ്യത്തെ ആദ്യത്തെ ഐടി പാര്‍ക്ക് എന്നറിയപ്പെടുന്ന ടെക്‌നോപാര്‍ക്ക് സ്ഥാപിച്ചത്. ഒരു സ്മാട്ട് സിറ്റി സ്ഥാപിക്കാന്‍ ഒരു പതിറ്റാണ്ടിന്റെ യുദ്ധംതന്നെ വേണ്ടിവന്നു. ടെക്‌നോപാര്‍ക്ക് സ്ഥാപിച്ച്  25 വര്‍ഷം കഴിഞ്ഞപ്പോഴാണ്  കേരളം ഐടിയില്‍  ഉയര്‍ത്തെഴുന്നേല്ക്കുന്നത്. ടിസിഎസിന്റെ ഗ്ലോബല്‍ ട്രെയിനിംഗ് സെന്ററിന്റെ പണി 3,600 കോടി രൂപ ചെലവില്‍ ആരംഭിച്ചു.  ഇന്‍ഫോസിസിന്റെ രണ്ടാം കാമ്പസ്,  ഒറാക്കിള്‍, ടോറസ്, സണ്‍ടെക്, ട്രിപ്പിള്‍ ഐടിഎംകെ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ടെക്‌നോപാര്‍ക്കില്‍ എത്തിയിരിക്കുന്നു. കോഗ്നിസന്റ്, യുഎസ് ടെക്‌നോളജീസ്, ട്രാന്‍സ് ഏഷ്യ തുടങ്ങിയ പ്രമുഖ കമ്പനികളുമായി ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ടവും ആരംഭിച്ചു. കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഉള്‍പ്പെടെ വെറേയും സ്ഥാപങ്ങള്‍.  ജൂണില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ടം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളും ഇ ഡിസ്ട്രിക്ട് ആയി. റവന്യൂ വകുപ്പില്‍ മാത്രം 24 ഇനം സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. മെയ് 11 വരെ ലഭിച്ച 1.29കോടി അപേക്ഷകളില്‍ 1.14 കോടി സര്‍ട്ടിഫിക്കറ്റുകള്‍  ഓണ്‍ലൈനില്‍ നല്കി. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു ജിഗാ ബൈറ്റ് കണക്ടിവിറ്റി ഉടനേ ലഭിക്കും. അക്ഷയകേന്ദ്രങ്ങള്‍ മുതല്‍ ഭരണസിരാകേന്ദ്രം വരെ കടലാസുരഹിത ഓഫീസുകളായി മാറുന്നു. 
35 വര്‍ഷത്തിനു ശേഷമാണ് കേരളത്തില്‍ പുതിയ നാലു മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നത്. രാജ്യത്ത് ഇതാദ്യമായി പട്ടികജാതി വിഭാഗത്തിന് പാലക്കാട്ട്  മെഡിക്കല്‍ കോളജ് ആരംഭിച്ചു. ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തമുള്ള പുതിയ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടു. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് എന്നതാണ് ലക്ഷ്യം. കൂടാതെ 711 ഇനം മരുന്നുകള്‍  സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നു.  കാരുണ്യ ഫാര്‍മസികള്‍ വ്യാപകമായി തുറന്നു. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതി, പാവപ്പെട്ട മുഴുവന്‍  കാന്‍സര്‍ രോഗികള്‍ക്കും മാസം 1000 രൂപ പെന്‍ഷന്‍, സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ തുടങ്ങിയ നിരവധി പദ്ധതികളാണ്  നടപ്പാക്കിയത്. പാവപ്പെട്ടവരുടെ ചികിത്സ സൗജന്യമാക്കുകയാണ്  സര്‍ക്കാരിന്റെ ലക്ഷ്യം. 

സാമൂഹിക ശാക്തീകരണം

ഏറ്റവും കൂടിയ മദ്യപാനനിരക്ക്, ഏറ്റവും കൂടിയ അപകടനിരക്ക്, ഏറ്റവും കൂടിയ ആത്മഹത്യാനിരക്ക്, ഏറ്റവും കൂടിയ കുറ്റകൃത്യനിരക്ക്  തുടങ്ങിയവ ദൈവത്തിന്റെ നാടിന് നാണക്കേടായി. മിക്ക വിപത്തുകളുടെയും അടിസ്ഥാനം മദ്യമാണ്. അതുകൊണ്ടാണ് ഈ വിപത്തിന്റെ കൊമ്പിനു തന്നെ പിടിച്ചത്. 730 ബാറുകള്‍ പൂട്ടുകയും മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്ന  നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ബാറുകള്‍ പൂട്ടിയതോടെ കുറ്റകൃത്യനിരക്കിലും ഗാര്‍ഹിക പീഡനങ്ങളിലും അപകടനിരക്കിലും ആത്മഹത്യാനിരക്കിലുമൊക്കെ വലിയ കുറവുണ്ടായി. വിദേശമദ്യ ഉപഭോഗം  24 ശതമാനം കുറഞ്ഞു. 2013ല്‍ 4,258  പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചപ്പോള്‍ 2014ല്‍ അത് 4,049 പേരായി കുറഞ്ഞു. പലിശക്കാര്‍ക്കെതിരേ നടന്ന ഓപ്പറേഷന്‍ കുബേര, സ്ഥിരം കുറ്റവാളികള്‍ക്കെതിരേ നടന്ന ഓപ്പറേഷന്‍ സുരക്ഷ നടപടികളും   കുറ്റകൃത്യം കുറച്ചു. 
ഐഐടി, സാങ്കേതിക സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവ ഉന്നതവിദ്യാഭ്യാസ രംഗത്തും കുടുംബശ്രീ, ഷീ ടാക്‌സി, നിര്‍ഭയ ഷെല്‍ട്ടര്‍ തുടങ്ങിയവ സ്ത്രീശാക്തീകരണ രംഗത്തും ശ്രദ്ധേയമായി. 82 ലക്ഷം സ്ത്രീകളെ റേഷന്‍ കാര്‍ഡ് ഉടമകളാക്കി. 36,491 പേര്‍ക്ക് മൂന്നു സെന്റു വീതം ഭൂമി നല്‍കി. മൂലമ്പിള്ളി പാക്കേജ്, ആദിവാസി പാക്കേജ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ്, കെഎസ്ആര്‍ടിസി പാക്കേജ്, അധ്യാപക പാക്കേജ് എന്നിവയിലൂടെ അവരുടെ  പ്രശ്‌നങ്ങള്‍ പരിഹരിച്ചു. വയനാട് ജില്ലയില്‍ മാത്രം ആദിവാസികള്‍ക്ക് 13,662 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. 84 സമുദായങ്ങള്‍ ഉള്‍പ്പെടുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടി പിന്നാക്ക വികസന വകുപ്പ് രൂപീകരിച്ചു.  മുന്നാക്കക്കാരിലെ പിന്നാക്കവിഭാഗങ്ങള്‍ക്കുവേണ്ടി മുന്നാക്ക വികസന കമ്മീഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും നിലവില്‍ വന്നു. 

പ്രവാസികളോടൊപ്പം

ഒരു ലക്ഷം കോടി രൂപ പ്രതിവര്‍ഷം അയച്ചുതരുന്ന പ്രവാസികളാണ് കേരളത്തിന്റെ നട്ടെല്ല്. കേരളത്തെ പോസിറ്റീവായി സ്വാധീനിക്കാന്‍ അവര്‍ക്കു സാധിക്കുന്നു. പ്രവാസികള്‍ ശ്രദ്ധിക്കപ്പെടേണ്ട സമൂഹമാണെന്നു ഈ സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. നിരവധി സംഘര്‍ഷമേഖലകളില്‍ നിന്ന് മലയാളികളെ സുരക്ഷിതമായി തിരിച്ചുകൊണ്ടു വന്നു. വിദേശത്തേക്കുള്ള വ്യാജറിക്രൂട്ട്‌മെന്റ് തടഞ്ഞു. നോര്‍ക്ക മന്ത്രിയുടെ കാരുണ്യ- സാന്ത്വന സഹായ പദ്ധതിയിലൂടെ 10 കോടി രൂപ വിതരണം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചു കഴിഞ്ഞു. 

സാമ്പത്തിക വളര്‍ച്ച

സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികളുടെ പ്രതിഫലനം സാമ്പത്തികരംഗത്ത് ഉണ്ടായി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനും പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കേരളത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതോതിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 
2010-11 ല്‍ കേരളത്തിന്റെ വളര്‍ച്ചാനിരക്ക് 13.7[%] (ഇന്ത്യ: 18.66[%]), 
2011-12ല്‍ കേരളം 16.73[%] (ഇന്ത്യ: 15.7[%]) 
2012-13ല്‍ കേരളം 13.46[%] (ഇന്ത്യ: 11.88[%]), 
2013-14ല്‍ കേരളം 15.35 (ഇന്ത്യ: 11.54[%]). 

ആരോപണങ്ങള്‍

പ്രീതിയോ ഭീതിയോ ഇല്ലാതെ നിയമവാഴ്ച നടപ്പാക്കുമ്പോഴാണ്  സര്‍ക്കാര്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍പോലും ഇതില്‍ കടുകിടെ വ്യതിചലിച്ചിട്ടില്ല. സോളാര്‍, ദേശീയഗെയിംസ്, ബാര്‍ എന്നിവയാണ് സര്‍ക്കാരിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങള്‍. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തിയപ്പോള്‍ കമ്മീഷന് പലരേയും നോട്ടീസ് അയച്ച് വിളിച്ചുവരുത്തി തെളിവെടുക്കേണ്ടി വന്നു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ചവര്‍ പോലും അതു മറന്നു. ഗംഭീരമായി നടത്തിയ ദേശീയ ഗെയിംസില്‍ ചെളിയെറിഞ്ഞതു മിച്ചം. ബാര്‍ കോഴ കേസ് ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നു. ആരോപണം ഉയര്‍ന്നാല്‍ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകും. പക്ഷേ, തെളിവുകള്‍ കൂടി സര്‍ക്കാര്‍ ഉണ്ടാക്കണമെന്നു പറയുന്നതിന് ന്യായീകരണമില്ല.  അഴിമതി ആരോപണം ഉന്നയിച്ച് സര്‍ക്കാരിനെ കെട്ടിയിടാന്‍ ശ്രമിച്ചാല്‍ അതു നടക്കത്തുമില്ല. 

ഭാവിയിലേക്ക്

ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ രണ്ടംഗങ്ങളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അതേക്കുറിച്ച് ആര്‍ക്കും മിണ്ടാട്ടമില്ല. ഭൂരിപക്ഷമല്ല, ഇച്ഛാശക്തിയാണ് പ്രധാനം. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. ജനങ്ങള്‍ക്കു വേണ്ടത്  വിവാദങ്ങളല്ല, റിസള്‍ട്ടാണ്.   അതിന് ഈ സര്‍ക്കാരിനു കഴിയുമെന്നു തെളിയിച്ചു.  അത് കേരളം വിലയിരുത്തും. ജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ കൂടുതല്‍ വികസനക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് മുന്നേറുക തന്നെ ചെയ്യും.