UDF

Tuesday, May 26, 2015

ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിറ്റിയൂട്ട്; കോട്ടയത്തിന്റെ വികസനത്തിനായി 15 പദ്ധതികള്‍


കോട്ടയത്ത് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി ‘കരുതൽ 2015’ ലെ കനത്ത തിരക്കിനിടയിൽ അപേക്ഷ നൽകിയ യുവതിയോട് വിവരങ്ങൾ ചോദിച്ചു മനസിലാക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 

ജില്ലയുടെ സമഗ്രവികസനത്തിനായി 15 ഇന പദ്ധതികള്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയാക്കുന്ന ശുചിത്വ കോട്ടയം പദ്ധതി, തരിശു ഭൂമിരഹിത കോട്ടയം പദ്ധതി, സമഗ്ര ടൂറിസം വികസനം ലക്ഷ്യമാക്കുന്ന ഡിസ്‌കവര്‍ കോട്ടയം, ചിങ്ങവനത്ത് ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിറ്റിയൂട്ട് എന്നിവ ഇതില്‍പ്പെടും.

ജനസമ്പര്‍ക്ക പരിപാടി കരുതല്‍ 2015- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മുഖ്യമന്ത്രി. നെല്‍കര്‍ഷകര്‍ക്ക് കുടിശ്ശികയായി നല്‍കാനുള്ള തുകയില്‍ 50 കോടി രൂപ അനുവദിച്ചതായും തുക സപ്ലൈകോ എം.ഡിക്ക് കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു. 

ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാകും ശുചിത്വ കോട്ടയം പദ്ധതി നടപ്പിലാക്കുക. വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ജൂലൈ നാലിന്  ശുചിത്വദീപം തെളിയിച്ച് പദ്ധതിക്ക്് തുടക്കംകുറിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തീര്‍ത്ഥാടക രംഗത്തുള്‍പ്പെടെ ടൂറിസം വികസനം ലക്ഷ്യമാക്കി ഡിസ്‌കവര്‍ കോട്ടയം എന്ന പുതിയ പദ്ധതിക്കു തുടക്കംകുറിക്കും. തീര്‍ഥാടക, പൈതൃക, അഗ്രിഫാം, അഡ്വഞ്ചര്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കും. വൈക്കത്തെ പുതിയ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കല്‍ തുടങ്ങി തദ്ദേശവാസികളുടെ ഉന്നമനത്തിന് മുന്‍തൂക്കം നല്‍കുന്ന സമഗ്ര ടൂറിസം വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

കൃഷിവകുപ്പ്, തദ്ദേശ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ചാണ്  തരിശുരഹിത ഭൂമി  കോട്ടയം പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ്, ആര്‍.കെ.വി.വൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തരിശുനിലം കൃഷിയോഗ്യമാക്കും. ഈ മൂന്നു പദ്ധതികളും ജില്ലാ കളക്ടര്‍ ഏകോപിപ്പിക്കും. ശുചിത്വ കോട്ടയം പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയാറാക്കാനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അിറയിച്ചു.

ചിങ്ങവനത്ത് ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങും. ട്രാവന്‍കൂര്‍ ഇലക്‌ട്രോ കെമിക്കല്‍സ് (ടെസില്‍) പ്രവര്‍ത്തിച്ചിരുന്ന 11.25 ഏക്കര്‍ സ്ഥലമുള്‍പ്പെടെ 15.75 ഏക്കര്‍ സ്ഥലത്തായിരിക്കും ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുക.

ദേശീയ ഗെയിംസിലൂടെ രാജ്യത്തിനു മാതൃകയായ കേരളത്തിനു മുതല്‍ക്കൂട്ടാകുന്ന ഇന്‍സ്റ്റിറ്റിയൂട്ട് അഞ്ചു വര്‍ഷത്തിനകം പൂര്‍ണസജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ആദ്യമായി കോട്ടയം നഗരത്തില്‍ ശീമാട്ടി റൗണ്ടാനയില്‍ നടപ്പാക്കുന്ന ആകാശപ്പാതയുടെ  നിര്‍മാണം ജൂലൈയില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന കുടിവെള്ള പൈപ്പുപൊട്ടല്‍ പ്രശ്‌നം പരിഹരിക്കാന്‍ 24 ത 7 പദ്ധതി തുടങ്ങും. ജല അതോറിട്ടിയില്‍ ഇതിനായി ആവശ്യമായ മുഴുവന്‍ സമയ സൗകര്യമൊരുക്കും.  

മീനച്ചില്‍ ളാലത്ത് 8.3 ഏക്കര്‍ സ്ഥലത്ത് വ്യവസായ എസ്റ്റേറ്റ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളില്‍ വെറ്ററിനറി പോളി ക്ലിനിക്കുകളും ചങ്ങനാശേരിയില്‍ കേരള സാഹിത്യ സാംസ്‌കാരിക കേന്ദ്രവും പൈതൃകമ്യൂസിയവും സ്ഥാപിക്കാന്‍ നടപടിയായതായി മുഖ്യമന്ത്രി അറിയിച്ചു. കാഞ്ഞിരപ്പള്ളിയില്‍ പ്രൊഫ. കെ. നാരായണക്കുറുപ്പിന് സ്മാരകമായി സ്‌പോര്‍ട്‌സ് സ്‌കൂളും കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഭരണ ബ്ലോക്കും പേവാര്‍ഡും ഫാമിലി വെല്‍ഫെയര്‍ സ്റ്റോറും ഉടന്‍ തുടങ്ങും.

മണിമല, മീനച്ചില്‍, മൂവാറ്റുപുഴ ആറുകളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ആരംഭിക്കും. ഇതിനുള്ള വിശദമായ രൂപരേഖ തയാറാക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. കോട്ടയം- കഞ്ഞിക്കുഴി റോഡിനെ നാലുവരിപ്പാതയായി വികസിപ്പിക്കും. ചങ്ങനാശേരി ബൈപാസില്‍ റെയില്‍വേ ജംഗ്ഷില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കാന്‍ പഠനത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വനംവകുപ്പുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ത്ത് പമ്പാവാലി- എരുമേലി മേഖലയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ഉടന്‍ നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.