UDF

2015, ഏപ്രിൽ 7, ചൊവ്വാഴ്ച

ജിബൂട്ടി വിമാനങ്ങള്‍ കൊച്ചിയിലേക്ക് ക്രമീകരിക്കണം


 തിരുവനന്തപുരം: െയമനില്‍നിന്നുള്ള ഇന്ത്യാക്കാരെയും വഹിച്ച് ജിബൂട്ടിയില്‍നിന്ന് യാത്രതിരിക്കുന്ന എല്ലാ വിമാനങ്ങളും കൊച്ചി വഴി യാത്ര ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. കഴിഞ്ഞദിവസം മുംബൈയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരില്‍ എഴുപത് ശതമാനം പേരും കേരളത്തിലേക്കുള്ളവരായിരുെന്നന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള 188 മലയാളികളെ പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളുമടങ്ങുന്ന യാത്രികര്‍ക്ക് ഇതുകാരണം വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു. ജിബൂട്ടിയില്‍നിന്നുള്ള വിമാനം ജിബൂട്ടി-കൊച്ചി-മുംബൈ/ജിബൂട്ടി-മുംബൈ-കൊച്ചി എന്ന് പുനഃക്രമീകരിക്കുകയാണെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവും. 
വിദൂരസ്ഥലങ്ങളില്‍നിന്നുള്ള വനിതകളായ നഴ്‌സുമാര്‍ക്ക് റോഡ് മാര്‍ഗം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ യാത്രചെയ്ത് വിമാനത്താവളത്തിലോ തുറമുഖങ്ങളിലോ എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റെഡ്‌ക്രോസ്/റെഡ് ക്രെസെന്റ് മറ്റ് മനുഷ്യാവകാശ സംഘടനകള്‍ എന്നിവയുമായി ചര്‍ച്ചചെയ്ത് ഇവര്‍ക്ക് വിമാനത്താവളത്തിലോ തുറമുഖത്തോ എത്താനുതകുന്ന ഒരു കര്‍മ്മപദ്ധതി തയ്യാറാക്കണം. 

വിസാ കാലാവധി കഴിഞ്ഞവരും ആശുപത്രി അധികൃതര്‍ അനുമതി നിഷേധിക്കുന്നവരും ഉള്‍പ്പെടെ മടങ്ങിവരാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം. പിഴയീടാക്കാതെതന്നെ ഇവര്‍ക്ക് ഔട്ട്പാസ്സ്/എക്‌സിറ്റ് പാസ് നല്‍കണം.