UDF

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

രണ്ടു നീതിയുണ്ടാവില്ല; രാഷ്ട്രീയ തന്ത്രത്തെ ഒറ്റക്കെട്ടായി നേരിടും


തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ രണ്ട് നീതി എന്ന സാഹചര്യം ഉണ്ടാകില്ലെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി കെ..എം മാണിയോടൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ കോഴ വിഷയത്തില്‍ കെ.എം മാണിക്കെതിരെ കേസെടുക്കേണ്ടായിരുന്നു എന്ന അഭിപ്രായം നിയമവൃത്തങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലുമുണ്ട്. സര്‍ക്കാര്‍ അക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. അന്വേ,ഷണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിയാണ് കെ.എം മാണി. അദ്ദേഹത്തിന്റെ എല്ലാ കാര്യത്തിലും യു.ഡി.എഫ് ഒറ്റക്കെട്ടാണ്. അന്വേഷണത്തിലുള്ള കാര്യമായതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല- ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബിജു രമേശിന് രാഷ്ട്രീയ ലക്ഷ്യമാണെന്നും പുതിയ ആരോപണങ്ങളുന്നയിക്കുന്നത് അതു കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇടയ്ക്കിടയ്ക്ക് ഓരോന്നു പറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പ് വരെ ഇത് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമം. ഈ രാഷ്ട്രീയ തന്ത്രത്തെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. 

കെ.എം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ഒരാളും ഇതുവരെ ഒരു തെളിവും കൊടുത്തിട്ടില്ല. ആരോപണം ഉന്നയിച്ചെങ്കില്‍ തെളിവ് നല്‍കണം. അഞ്ച് മാസമായി അന്വേഷണം തുടങ്ങിയിട്ട്. ഇതുവരെ ഒരു തെളിവും കൊടുത്തിട്ടില്ല. അഴിമതി ആരോപണം ഉന്നയിച്ച്‌ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാണ് ശ്രമം. ഇക്കാര്യത്തില്‍ യുഡിഎഫിന് ഒറ്റ നിലാപാടെയുള്ളു. ആരോപണം ഉന്നയിച്ചാല്‍ രാജിവെക്കേണ്ടതില്ല, ഉന്നയിച്ചവരാണ് ആരോപണം തെളിയിക്കേണ്ടത്.കെ.എം മാണിക്കെതിരെ ഒന്നും പറയാനില്ലെന്ന് വരുമ്ബോള്‍ അതിനെ മറികടക്കാനാണ് മറ്റ് മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അദ്ദേഹത്തിനെതിരെ നല്‍കിയ ഓഡിയോ സിഡിയില്‍ ഒന്നും ഇല്ല. ഈ നാഥനില്ലാത്ത് ആരോപണങ്ങളുടെ പിന്നാലെ പോകേണ്ട ഗതികേടിലാണ് പ്രതിപക്ഷം. 

ഇതിന് മുമ്ബ് സോളാര്‍ കേസിലും ഒരു തെളിവും കൊടുക്കാന്‍ ആര്‍ക്കും സാധിച്ചില്ല. അന്വേഷണ കമ്മീഷനെ വെച്ചപ്പോള്‍ ബഹിഷ്‌ക്കരിച്ചു. ആരും തെളിവ് കൊടുക്കാന്‍ പോയില്ല. അതിന് ശേഷം ദേശീയ ഗെയിംസ് വന്നപ്പോള്‍ എന്തൊക്കെ ആരോപണങ്ങളായിരുന്നു. ഇപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ല. ദേശീയ ഗെയിംസ് ഏറ്റവും മാതൃകാപരമായാണ് നടത്തിയത്. അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തോട് പ്രതിഷേധം പ്രകടിപ്പിച്ചവരുടെ എല്ലാ വാദഗതികളും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇല്ലാതായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടു വന്ന് മദ്യനിരോധനം നടപ്പിലാക്കുക എന്ന യു.ഡി.എഫിന്റെ നയത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്ന വിധിയാണ് വന്നത്. കേസ് ഏറ്റവും നല്ല രീതിയിലാണ് കോടതിയില്‍ നടത്തിയത്. പുതിയ ഉത്തരവ് വന്നതോടെ ബാര്‍ നയത്തില്‍ സര്‍ക്കാരിനെ എതിര്‍ത്തവരുടെ വാദം പൊളിഞ്ഞു. പി.സി ജോര്‍ജ് വിഷയത്തില്‍ പാര്‍ട്ടി കത്ത് തന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.