UDF

2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

യെമനില്‍ നിന്നു വന്ന കുഞ്ഞിന്റെ ചികില്‍സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും

യെമനിലെ സനയില്‍ നിന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിച്ച പാര്‍വതിയെന്ന ഒന്‍പതു ദിവസം പ്രായമായ കുഞ്ഞ് കൊച്ചി അമൃത ആശുപത്രിയിലെ ശിശുക്കള്‍ക്കായുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തില്‍. അമ്മ രാജി സമീപം.

സംഘര്‍ഷഭരിതമായ യെമനില്‍ നിന്നു നാട്ടിലെത്തി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന 10 ദിവസം പ്രായമുള്ള പാര്‍വതിയുടെ ചികില്‍സാച്ചെലവു മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. 

പാര്‍വതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ച കൂടി കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സിക്കേണ്ടതുണ്ടെന്ന് ആശുപത്രി അധികൃതര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുമായും മുഖ്യമന്ത്രി സംസാരിച്ചു.  

കൊല്ലം ഓച്ചിറ മഠത്തില്‍കാരായ്മ അയോധ്യയില്‍ സഷ് കുമാറിന്റേയും രാജിയുടേയും മകളായ പാര്‍വതിയെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യെമനില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്ഷിതാക്കള്‍ കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ സഹായഹസ്തം നീട്ടുന്നത്.