UDF

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

മാണിക്കെതിരായ കേസ് രാഷ്ട്രീയതീരുമാനമല്ല


തിരുവനന്തപുരം: ബിജു രമേശിന്റെ ആരോപണത്തിന്റെ പേരില്‍, തനിക്കെതിരെ കേസെടുക്കേണ്ടിയിരുന്നില്ലെന്ന മന്ത്രി കെ.എം.മാണിയുടെ അഭിപ്രായം സംബന്ധിച്ച ചോദ്യത്തിന്, അങ്ങനെയൊരു അഭിപ്രായം രാഷ്ട്രീയകേന്ദ്രങ്ങളില്‍ മാത്രമല്ല, നിയമവൃത്തങ്ങളിലുമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.

എന്നാല്‍, ഇക്കാര്യത്തിലുണ്ടായ തീരുമാനം രാഷ്ട്രീയതീരുമാനമായിരുന്നില്ല; ഉദ്യോഗസ്ഥരുടെ തീരുമാനമായിരുന്നു. അന്വേഷണസംഘത്തിന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. അന്വേഷണസംഘത്തിന്റെ നിഷ്പക്ഷതയാണ് ഇവിടെ വ്യക്തമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടന്നതായി മന്ത്രി കെ.എം.മാണി പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു മറുപടി.

ബാര്‍കോഴ േകസുമായി ബന്ധപ്പെട്ട് രണ്ടുതരം നീതി നടപ്പാക്കിയെന്ന് കേരള കോണ്‍ഗ്രസ്(എം) ആരോപിച്ചതു സംബന്ധിച്ച ചോദ്യത്തിന് രണ്ടുനീതിയെന്ന സാഹചര്യം ഒരിക്കലുമുണ്ടാകില്ലെന്നായിരുന്നു മറുപടി. കെ.എം.മാണി സീനിയര്‍ മന്ത്രിയാണ്. യു.ഡി.എഫ്. ഒറ്റക്കെട്ടായി മാണിക്കൊപ്പം നില്‍ക്കുന്നുണ്ട്. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. 

മന്ത്രി മാണിക്കെതിരെ ആരോപണമുന്നയിച്ചിട്ട് അഞ്ചു മാസമായി. ഒരു തെളിവും ഹാജരാക്കാനായില്ല. ഇപ്പോള്‍ മറ്റു മന്ത്രിമാര്‍ക്കെതിരെ ആരോപണം കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.