UDF

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

ലൈറ്റ് മെട്രോ: റോഡുകളുടെ വികസനത്തിന്‌ 850 കോടി


തിരുവനന്തപുരത്ത് കഴക്കൂട്ടം-കേശവദാസപുരം റോഡിന്റെ(8 കിലോമീറ്റര്‍) വീതി കൂട്ടാന്‍ 500 കോടി രൂപ അനുവദിച്ചു. കോഴിക്കോട് മാനാഞ്ചിറ-മീഞ്ചന്ത റോഡിന്റെ (ആറ് കിലോമീറ്റര്‍) വീതി കൂട്ടാന്‍ 350 കോടി രൂപയാണ് വിനിയോഗിക്കുന്നത്.

മരാമത്തുപണിക്ക് പുറമേ ഭൂമിയേറ്റെടുക്കാനുള്ള ചെലവുകള്‍ക്കുമായാണ് 850 കോടി രൂപ വിനിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലതാമസം ഒഴിവാക്കാനാണ് മരാമത്തുപണി നേരത്തെ തുടങ്ങുന്നത്. കൊച്ചി മെട്രോയുടെ കാര്യത്തിലും ഇങ്ങനെ ചെയ്തിരുന്നു. അവിടെ നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിന്റെ വീതികൂട്ടല്‍ മൂലമുള്ള കാലതാമസം ഇതുമൂലം ഒഴിവാക്കാനായി. ലൈറ്റ് മെട്രോ സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. 

ശ്രീധരനില്‍ പൂര്‍ണ വിശ്വാസം:

ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇ.ശ്രീധരനില്‍ പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ശ്രീധരന്റെ അഭിപ്രായമറിയും. ഡല്‍ഹിയിലായതിനാല്‍ ബുധനാഴ്ചത്തെ യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. 28ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തും. അന്ന് സംസാരിക്കും. ഇക്കാര്യത്തില്‍  നേരത്തെ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. അത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ദുഃഖമുണ്ട്.