UDF

2015, ജനുവരി 5, തിങ്കളാഴ്‌ച

ഭിന്നശേഷിയുള്ളവര്‍ക്കു കേരളസര്‍ക്കാരിന്‍റെ സമ്മാനം

ഭിന്നശേഷിയുള്ളവര്‍ക്കു കേരളസര്‍ക്കാരിന്‍റെ സമ്മാനം



സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭിന്നശേഷിയുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനു പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. 

ഇനി മുതല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, കമ്പനികള്‍ എന്നിവിടങ്ങളില്‍ ഭിന്നശേഷിയുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനു പ്രത്യേക സൗകര്യമുണ്ടായിരിക്കണം. രാജ്യത്ത് ആദ്യമായിട്ടാണു ഭിന്നശേഷിയുള്ളവര്‍ക്കു പ്രത്യേക പാര്‍ക്കിംഗ് വേണമെന്ന ആവശ്യം അംഗീകരിക്കപ്പെടുന്നത്.

ഭിന്ന ശേഷിയുള്ളവര്‍ക്കായി കേരള സര്‍ക്കാരിന്‍റെ ന്യൂ ഇയര്‍ സമ്മാനം പ്രശംസനീയമാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടവും ഭിന്നശേഷിയുള്ളവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക സ്ഥലം അനുവദിക്കാനാണ്, ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. വളരെയപൂര്‍വ്വം ഹോട്ടലുകളിലൊക്കെ മാത്രമാണ്, ഇപ്പോള്‍ ഇത്തരത്തില്‍ ഭിന്നശേഷിയുള്ളവരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുള്ളത്, എന്നാല്‍ അത് നിയമമാക്കിയിരുന്നില്ല താനും. റെയില്‍വേ സ്റ്റേഷനുകളിലൊക്കെ പ്രത്യേക പാര്‍ക്കിങ് സൌകര്യം ഉണ്ടെങ്കില്‍ പോലും മിക്കവര്‍ക്കും അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യം ലഭിക്കാറില്ല. മിക്കപ്പോഴും വഴി നിറച്ച് ഓട്ടോറിക്ഷകളോ ബൈക്കുകളോ തന്നെയാകും അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടാവുക.

ഭിന്നശേഷിയുള്ളവരുടെ പാര്‍ക്കിങ് നീല നിറത്തില്‍ പ്രത്യേകം ഡിസൈന്‍ ചെയ്യുവാനാണ്, തീരുമാനം. കോട്ടയം ആര്‍പ്പൂക്കര സ്വദേശി അനീഷ് മോഹന്‍ നല്‍കിയ പരാതി പരിഗണിച്ചാണ്, ഈ പുതിയ നടപടികള്‍ കേരള സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ ഈ ആവശ്യം പ്രകടമാണെങ്കിലും നിയമം വഴി പൂര്‍ണമായ തോതില്‍ നടപ്പാക്കപ്പെട്ടിട്ടില്ല. നിയമം കൊണ്ടുവന്ന ഡല്‍ഹി തന്നെ ഉദാഹരണം.  അങ്ങനെ വരുമ്പോള്‍ കേരള സര്‍ക്കാര്‍ ധൈര്യ സമേതം ഈ തീരുമാനം നടപ്പാക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അത് അഭിനന്ദനാര്‍ഹമാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ പോലും  നടപ്പാവാത്ത നമ്മുടെ  നാട്ടില്‍ ഈ നിയമം നടപ്പാക്കാന്‍ എത്രത്തോളം അധികാരികളും  പബ്ലിക്കും മുനകൈയ്യെടുക്കും എന്ന് കാത്തിരിന്നു കാണണം.