UDF

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

മലയാളി തടവുകാര്‍ക്ക് സൗജന്യ നിയമ സഹായവുമായി സര്‍ക്കാര്‍ പദ്ധതികള്‍

മലയാളി തടവുകാര്‍ക്ക് സൗജന്യ നിയമ സഹായവുമായി സര്‍ക്കാര്‍ പദ്ധതികള്‍

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കാനായി കേരള സര്‍ക്കാര്‍ പദ്ധതികളാവിഷ്കരിച്ചു. പ്രവാസികാര്യ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന്‍്റെ പ്രവാസി കേരളീയകാര്യ വകുപ്പ് (നോര്‍ക്ക) ആണ് നിയമ സഹായം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എത്തിക്കാന്‍ നടപടികള്‍ തുടങ്ങിയത്.

‘സ്വപ്ന സാഫല്യം’, ‘പ്രവാസി നിയമ സഹായ സെല്‍’ എന്നീ പേരുകളിലുള്ള രണ്ട് പദ്ധതികളുമായാണ് സര്‍ക്കാര്‍ സഹായങ്ങള്‍ വരുന്നത്. 

തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് അതാത് രാജ്യങ്ങളിലെ എംബസികളുടെ സഹായത്തോടെ നിയമ സഹായം നല്‍കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ‘പ്രവാസി നിയമ സഹായ സെല്‍. സര്‍ക്കാര്‍ സഹായം വഴി ജയില്‍ മോചിതരാകുന്നവര്‍ക്ക് സൗജന്യവിമാന ടിക്കറ്റ് അടക്കമുള്ള ചെലവുകള്‍ വഹിക്കുന്ന മറ്റൊരു പദ്ധതി യാണ് 'സ്വപ്ന സാഫല്യം'.
കൂടാതെ വിവിധ രാജ്യങ്ങളിലെ എംബസികളില്‍ പല കാരണങ്ങളാല്‍ അഭയം തേടി വരുന്ന മലയാളി സ്ത്രീകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും അവരുടെ യാത്ര അടക്കമുള്ള ചെലവുകള്‍ വഹിക്കാനും പദ്ധതിയില്‍ പരിപാടിയുണ്ട്. ഇതിന് ചില നിബന്ധനകളുണ്ട്. ജയിലില്‍ കഴിയുന്ന പ്രവാസിയുടെ കുടുംബത്തിന്‍്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. ഇത് തെളിയിക്കാന്‍ ബന്ധപെട്ട വില്ളേജ് ഓഫീസറുടെ സാക്ഷ്യപത്രം കുടുംബം ഹാജരാക്കണം. തൊഴില്‍ വിസയില്‍ പോയവര്‍ക്ക് മാത്രമാണ് സഹായത്തിന് അര്‍ഹത. സന്ദര്‍ശക,ഹജ്ജ് ,ഉംറ വിസകളില്‍ പോയി ജയിലില്‍ അകപ്പെട്ടവര്‍ സഹായം ലഭിക്കില്ല. കുറ്റകൃത്യങ്ങളില്‍ പെട്ട് വിദേശ രാജ്യങ്ങളില്‍ മുമ്പ് ജയില്‍ വാസം അനുഭവിച്ചവരും സഹായത്തിന് അര്‍ഹരല്ല. വിദേശ കോടതികള്‍ വിധിക്കുന്ന ദിയ മണി, കണ്ടുകെട്ടല്‍, റിക്കവറി തുടങ്ങിയ സാമ്പത്തിക ബാധ്യതകള്‍ക്കും ഈ പദ്ധതി വഴി സഹായം ലഭിക്കില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
ബന്ധുക്കള്‍ക്കു പുറമെ നോര്‍ക്ക അംഗീകാരമുള്ള മലയാളി സംഘടനകള്‍ക്കോ സാമൂഹിക പ്രവര്‍ത്തകര്‍ക്കോ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്കോ ഗുണഭോക്താവിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഗുണഭോക്താവിന്‍റെ പാസ്പോര്‍ട്ട് പകര്‍പ്പും, കോടതി വിധിയുടെ പകര്‍പ്പും,കുറ്റ കൃത്യത്തിന്‍്റെ സ്വഭാവം, തുടങ്ങിയ കാര്യങ്ങള്‍ വെച്ച് നോര്‍ക്കയുടെ വിവിധ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. 

നിയമസഹായം ലഭിക്കാതെ ദീര്‍ഘകാലമായി ജയില്‍ക്കഴിയുന്ന നൂറുകണക്കിന് മലയാളികള്‍ക്ക് പദ്ധതി സ്വാതന്ത്ര്യത്തിലേക്കുള്ള വഴിതുറക്കും. വിദേശതൊഴില്‍ തേടുന്നവര്‍ക്ക് അതതുരാജ്യത്തെ നിയമവ്യവസ്ഥയില്‍ അവബോധമുണ്ടാക്കാനും പ്രവാസികള്‍ക്കാവശ്യമായ നിയമോപദേശം നല്‍കാനും പദ്ധതിയില്‍ ഉദ്ദേശമുണ്ട്.