UDF

2013, ഏപ്രിൽ 9, ചൊവ്വാഴ്ച

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഷാര്‍ജയില്‍ വ്യാഴാഴ്ച

ഷാര്‍ജ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷാര്‍ജയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നു. വ്യാഴാഴ്ച വൈകീട്ട് ആറ് മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലാണ് മുഖ്യമന്ത്രിയുടെ ഗള്‍ഫിലെ ആദ്യ ജനസമ്പര്‍ക്ക പരിപാടി. നാട്ടില്‍ 14 ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയുടെ വിജയമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഗള്‍ഫ് രാജ്യങ്ങളിലും ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ പ്രേരിപ്പിച്ചത്. 

വര്‍ഷങ്ങളായി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന അനേകം പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മികച്ച നേട്ടമായിരുന്നു. നിസ്സഹായരായ ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമെത്തിക്കാനും ജനസമ്പര്‍ക്ക പരിപാടിക്ക് കഴിഞ്ഞിരുന്നു. ഗള്‍ഫിലെ ഭരണപക്ഷ അനുകൂല സാംസ്‌കാരിക സംഘടനകളുടെ നിരന്തര അഭ്യര്‍ത്ഥനയും മുഖ്യമന്ത്രിയെ ഗള്‍ഫ് രാജ്യങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതിലേക്കെത്തിച്ചു. ഷാര്‍ജയില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കാം.

ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി യു.എ.ഇയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. രണ്ടാം തവണ മുഖ്യമന്ത്രി ആയ ശേഷമുള്ള ഉമ്മന്‍ചാണ്ടിയുടെ ആദ്യ യു.എ.ഇ സന്ദര്‍ശനം കൂടിയാണിത്. മുഖ്യമന്ത്രിയെ പരാതി ബോധിപ്പിക്കാനുള്ളവര്‍ മുന്‍കൂട്ടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.