UDF

2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

ഗള്‍ഫില്‍ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയും

ഗള്‍ഫില്‍ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയും -മുഖ്യമന്ത്രി


ഗള്‍ഫില്‍ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയും -മുഖ്യമന്ത്രി

അബൂദബി: നല്ല ജോലിയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്ത് കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആളുകളെ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിരവധി പേര്‍ ഇങ്ങനെ പലതരം തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഇതില്‍ പലരും ജയിലില്‍ അകപ്പെടുന്നു. അതിനാല്‍ ഇത്തരം തട്ടിപ്പ് തടയാന്‍ നടപടിയുണ്ടാകും. കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ വിഷയം അവതരിപ്പിക്കുമെന്നും അബൂദബിയില്‍ ഒ.ഐ.സി.സി ഗ്ളോബല്‍ മീറ്റ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം അറിയിച്ചു.


നല്ല ജോലിയും ശമ്പളവും പ്രതീക്ഷിച്ച് നാട്ടില്‍നിന്ന് നിരവധി പേര്‍ ഗള്‍ഫിലെത്തുന്നു. പക്ഷേ, ഇതില്‍ പലരെയും ചില സംഘങ്ങള്‍ വഞ്ചിക്കുന്നതാണ്. ഇവിടെ എത്തിയ ശേഷമാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായെന്ന് അവര്‍ക്ക് മനസ്സിലാവുക. അതേസമയം, പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി മറ്റൊരു ജോലിയോ താമസ സൗകര്യമോ ലഭിക്കാതെ ദുരിതത്തിലാകും. നമ്മുടെ നാട്ടുകാര്‍ തന്നെയാണ് ഇത്തരം വ്യക്തികളെ ഗള്‍ഫിലെത്തിച്ച ശേഷം വഞ്ചിക്കുന്നത്.


പലതരം തട്ടിപ്പിന് ഇരയായ നിരവധി പേര്‍ ജയിലിലുണ്ട്. നിസ്സാര കേസുകളില്‍ കുടുങ്ങിയാണ് ഇവര്‍ ജയിലില്‍ കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. അതേസമയം, വഞ്ചിക്കപ്പെട്ട പലരും ജോലിയോ താമസ സൗകര്യമോ ഭക്ഷണമോ ഇല്ലാതെ നട്ടംതിരിയുകയാണ്. ഇത്തരം ഒരു പരാതിയാണ് ഷാര്‍ജയില്‍ തന്‍െറ മുന്നിലെത്തിയത്.


ഈ അവസ്ഥ ഒഴിവാക്കാന്‍ കര്‍ശന നിയമം നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാന്‍ വിമാന ടിക്കറ്റ് നല്‍കാന്‍ സംസ്ഥന സര്‍ക്കാര്‍ തയാറാണ്.


യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം യു.എ.ഇയിലെ മലയാളികളെ പ്രശംസിച്ചപ്പോള്‍ ഏറെ അഭിമാനം തോന്നി. കഠിനാധ്വാനവും വിശ്വാസ്യതയും സംരംഭ താല്‍പര്യവുമാണ് മലയാളികളുടെ പ്രധാന ഗുണങ്ങളായി ശൈഖ് മുഹമ്മദ് എടുത്തുപറഞ്ഞത്. ഈ ഗുണങ്ങളും പ്രശംസയും എന്നും കാത്തുസൂക്ഷിക്കാന്‍ സാധിക്കണം-ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അധ്യക്ഷതവഹിച്ചു. കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍, പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്, ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍, എന്‍.എം.സി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ഡോ. ബി.ആര്‍. ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. മനോജ് പുഷ്കര്‍ സ്വാഗതവും കെ.എച്ച്. താഹിര്‍ നന്ദിയും പറഞ്ഞു.