UDF

2012, ജനുവരി 27, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ സത്യാഗ്രഹം സാമൂഹ്യമാറ്റത്തിനു വഴിതെളിച്ചു - മുഖ്യമന്ത്രി


തിരുവനന്തപുരം: സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ സാമൂഹ്യമാറ്റങ്ങള്‍ക്ക് വഴിതെളിച്ച മഹത്തായ പ്രവര്‍ത്തനമാണ് ഗുരുവായൂര്‍ സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് സംഘടിപ്പിച്ച ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളീയ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സംഭവമാണ് ഗുരുവായൂര്‍ സത്യാഗ്രഹം. അവര്‍ണരെയുള്‍പ്പെടെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാനും എല്ലാവിഭാഗം ജനങ്ങളെയും ഒന്നിച്ചു ചേര്‍ക്കാനുമുള്ള സാമൂഹ്യപ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങള്‍ക്ക് കഴിഞ്ഞു.

രാജ്യത്തിനു വേണ്ടി എല്ലാം ത്യജിച്ച് പ്രവര്‍ത്തിക്കുകയും അതുവഴി സ്വാതന്ത്ര്യം നേടിത്തരികയും ചെയ്ത തലമുറയില്‍ ഇന്ന് അവശേഷിക്കുന്നവര്‍ വിരളമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി അത്തരത്തില്‍ പ്രവര്‍ത്തിച്ച തലമുറയെ ആദരിക്കുന്നതു തന്നെ വിലപ്പെട്ടതാണ്. അത്തരം ആളുകളില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്നും ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ തന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്ന കെ.മാധവനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയ കേളപ്പജിക്കു സ്ഥലത്ത് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്നഭ്യര്‍ഥിച്ച് കെ.മാധവന്‍ നല്‍കിയിരുന്ന അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേളപ്പജിക്ക് ഗുരുവായൂരില്‍ സ്മാരകമാണോ പ്രതിമയാണോ വേണ്ടതെന്നത് പരിശോധിക്കുമെന്നും അതിനു സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്‍ക്കൊത്ത നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ.എന്‍.ആര്‍.മാധവമേനോന്‍ അധ്യക്ഷനായിരുന്നു.