UDF

2012, ജനുവരി 16, തിങ്കളാഴ്‌ച

കുടിവെള്ളവും മാലിന്യ നിര്‍മാര്‍ജനവും പരമപ്രധാനം-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കടപ്ലാമറ്റം (കോട്ടയം):ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കാനും മാലിന്യപ്രശ്‌നം പരിഹരിക്കാനും കഴിയുന്നില്ലെങ്കില്‍ മറ്റെല്ലാനേട്ടങ്ങളും നിഷ്ഫലമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജലവിഭവ വകുപ്പ് ആരംഭിക്കുന്ന ജലനിധി രണ്ടാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കടപ്ലാമറ്റം മേരിമാതാ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തുടച്ചുനീക്കിയ പല പകര്‍ച്ചവ്യാധികളും തിരിച്ചുവരുന്ന അവസ്ഥയാണിപ്പോള്‍. മാലിന്യ സംസ്‌കരണത്തിലെ പോരായ്മകളും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തതുമാണ് ഇതിന് കാരണം. നമുക്ക് ലഭ്യമാകുന്ന വെള്ളം പൂര്‍ണമായി സംരക്ഷിക്കാന്‍ നമുക്ക് കഴിയുന്നില്ല. ജലസംരക്ഷണത്തില്‍ നാം വിജയിച്ചേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശുദ്ധമായ കുടിവെള്ളവും മാലിന്യമുക്തമായ പരിസരവും സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല. ത്രിതല പഞ്ചായത്തുകളും സന്നദ്ധസംഘടനകളുമെല്ലാം പരമാവധി ജനകീയ പങ്കാളിത്തത്തോടെ ശ്രമിച്ചാലേ ഇത് സാധ്യമാകൂ.

ജലനിധിയുടെ രണ്ടാംഘട്ടം ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണഭോക്തൃവിഹിതം ഒന്നാംഘട്ടത്തില്‍ 15 ശതമാനമായിരുന്നത് 10 ശതമാനമാക്കി കുറച്ചു. പിന്നാക്ക വിഭാഗക്കാര്‍ക്ക് ഈ 10 ശതമാനത്തില്‍ അഞ്ചു ശതമാനം പണമായി അടച്ചശേഷം ബാക്കി അഞ്ചുശതമാനം അധ്വാനമായി നല്‍കാനും സൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

200 ഗ്രാമപ്പഞ്ചായത്തുകളിലായി 20 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനംചെയ്യുന്നതാണ് ജലനിധി രണ്ടാംഘട്ടമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ജലവിഭവ വകുപ്പുമന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. കേരള ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വപദ്ധതി എന്ന് പേരിട്ടിട്ടുള്ള പദ്ധതിയില്‍ കുടിവെള്ള വിതരണത്തോടൊപ്പം ശുചിത്വത്തിനും തുല്യ പ്രാധാന്യമുണ്ട്. 1022 കോടിയുടെ പദ്ധതിക്ക് ലോകബാങ്കിന്റെ സഹായമുണ്ട്. ആദ്യ പടിയായി ജലദൗര്‍ലഭ്യം രൂക്ഷമായ 30 ഗ്രാമപ്പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കടപ്ലാമറ്റം പഞ്ചായത്തില്‍ ജലനിധി പദ്ധതിയുടെ നിര്‍വഹണച്ചുമതല ഏറ്റെടുത്തിട്ടുള്ളത് തിരുവല്ല രൂപതയുടെ കീഴിലുള്ള 'ബോധന' സര്‍വീസ് സൊസൈറ്റിയാണ്. 'ബോധന' രക്ഷാധികാരി ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് പദ്ധതി ഉടമ്പടിരേഖ മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി.