UDF

2012, ജനുവരി 2, തിങ്കളാഴ്‌ച

തദ്ദേശസ്ഥാപനങ്ങളുടെ മദ്യശാല നിയന്ത്രണാധികാരം: ഓര്‍ഡിനന്‍സിറക്കുമെന്ന് മുഖ്യമന്ത്രി

തദ്ദേശസ്ഥാപനങ്ങളുടെ മദ്യശാല നിയന്ത്രണാധികാരം: ഓര്‍ഡിനന്‍സിറക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യശാലകള്‍ സംബന്ധിച്ച പഞ്ചായത്തീരാജ് നഗരപാലികാ നിയമത്തിലെ 232, 447 വകുപ്പുകളുടെ നിര്‍വഹണാധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാന്‍ ഓര്‍ഡിനന്‍സിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായി മദ്യനിരോധന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എക്സൈസ് മന്ത്രി കെ. ബാബുവിന്‍െറ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഈ വാഗ്ദാനം നല്‍കിയത്.

അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും അതിന് ആവശ്യമായ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിയുടെ ദോഷഫലങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന മൂന്ന് പുസ്തകം മദ്യനിരോധന സമിതി അംഗങ്ങള്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും നല്‍കിയിരുന്നു.

മദ്യനിരോധന സമിതിയുടെ നിവേദനത്തിലെ ആവശ്യ പ്രകാരം അഞ്ച് അംഗീകൃത തൊഴിലാളികളും ചെത്താന്‍ 50 തെങ്ങുകളും ഉണ്ടെങ്കിലേ കള്ള്ഷാപ്പുകള്‍ക്ക് ലൈസന്‍സ് കൊടുക്കാവൂ എന്ന നിബന്ധന കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി എക്സൈസ് മന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യശാലകള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം അവധി നല്‍കുന്ന കാര്യം പരിഗണിക്കും. മദ്യശാലകളുടെ എണ്ണം ക്രമാനുഗതമായി കുറക്കാനുള്ള നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിവേദക സംഘത്തെ അറിയിച്ചു.