UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

കുപ്പിവെള്ളരംഗത്തെ ചൂഷണം അവസാനിപ്പിക്കും


തൊടുപുഴ മലങ്കരയില്‍ ജലവിഭവ വകുപ്പ് തുടങ്ങിയ ഹില്ലി അക്വാ 
കുപ്പിവെള്ള ഫാക്ടറിയുടെ ഉദ്ഘാടനത്തിനെത്തിയ
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളം എടുത്തുനോക്കുന്നു. മന്ത്രി പി.ജെ.ജോസഫ് സമീപം

തൊടുപുഴ: കുപ്പിവെള്ള വിതരണരംഗത്ത് നടത്തുന്ന ചൂഷണം അവസാനിപ്പിക്കുമെന്നും ന്യായവിലയ്ക്ക് സുരക്ഷിത കുപ്പിവെള്ളം ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ ഹില്ലി അക്വാ കുപ്പിവെള്ളത്തിന്റെ വിപണനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ശുദ്ധമായ വെള്ളമെടുക്കാന്‍ കഴിയുന്ന ഏതാനും സ്ഥലങ്ങളില്‍ കൂടി കുപ്പിവെള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കും. ഹില്ലി അക്വാ വിപണിയിലെത്തിയതോടെ ഇതിന്റെ ഡിമാന്റും കുതിച്ചുകയറും. ശബരിമല സീസണിലും മറ്റും ദാഹജലം കൂടിയ വിലയ്ക്ക് വില്‍ക്കുന്നു എന്ന പരാതിയുണ്ട്. ഹില്ലി അക്വാ പ്ലാന്റ് കൂടുതല്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നതിന് നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ െഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി.) ആണ് കുപ്പിവെള്ളം വിപണിയിലെത്തിച്ചിട്ടുള്ളത്.  ഏതാനും മാസമായി തൊടുപുഴയിലെ പ്ലാന്റില്‍നിന്ന് കുപ്പിവെള്ളം പുറത്തിറക്കുന്നുണ്ട്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് തിങ്കളാഴ്ച നടന്നത്.

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

സർക്കാരിന്റെ മുൻഗണന ആദിവാസികളുടെ ക്ഷേമത്തിനു

വയനാടിന് ഏഴ് വികസനപദ്ധതികള്‍

കല്‍പ്പറ്റ: വയനാട്ടില്‍ ഏഴ് വികസനപദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മാനന്തവാടി കുഞ്ഞോത്തെ മാതൃകാ കോളനി, നടവയല്‍ നീന്തല്‍ കുളം, പൂതാടി ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, ചെതലയം ട്രൈബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പ്ലാനിംഗ് ഭവന്‍, ഗോത്ര ശ്രീ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം,  അമൃതംഗമയ പദ്ധതി എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ ആദിവാസി മേഖലയെ പുരോഗതിയിലേക്ക് കൈപിടിച്ച് നടത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുഞ്ഞോത്ത് പട്ടികവര്‍ഗ വികസനവകുപ്പ് ആദിവാസികള്‍ക്കായി നിര്‍മ്മിച്ച മാതൃകാ കോളനിയുടെയും സുഭിക്ഷ ഓണക്കിറ്റ് വിതരണത്തിന്റെയും  സംസ്ഥാനതല  ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ആദിവാസികളുടെ ക്ഷേമത്തിനാണ്. പിന്നാക്ക വിഭാഗമായ ഇവരുടെ ഉന്നമനത്തിന് പണം മാത്രം പോര. അനുവദിക്കുന്ന ധനസഹായങ്ങള്‍ ഇവരുടെ കൈയ്യില്‍ തന്നെ എത്തണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്.  പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയുമെല്ലാം പിന്തുണ ഇതിനായി വേണം.  എങ്കില്‍ മാത്രമാണ് ആദിവാസി ജനവിഭാഗത്തിന്റെ പുരോഗതി ലക്ഷ്യത്തിലെത്തുകയുള്ളൂ.

ആദിവാസി വിഭാഗത്തില്‍ നിന്നും  പ്രതിനിധിയായി മന്ത്രി സഭയിലെത്തിയ പി.കെ.ജയലക്ഷ്മി ഏറ്റെടുത്തു നടത്തുന്ന പദ്ധതികള്‍ മാതൃകാപരമാണ്.  അട്ടപ്പാടിയില്‍ ഭൂമിക്കായി അപേക്ഷ നല്‍കിയ മുഴുവന്‍ ആദിവാസികള്‍ക്കും വരുന്ന നവംബര്‍ ഒന്നിനുള്ളില്‍ ഭൂമി വിതരണം ചെയ്യും. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.


അപ്പീലിനില്ല; തിരഞ്ഞെടുപ്പ് സമയത്തുനടത്തും


മലപ്പുറം: പഞ്ചായത്തുവിഭജനം സംബന്ധിച്ച ഹൈക്കോടതിവിധിയിന്മേല്‍ സര്‍ക്കാര്‍ അപ്പീലിന് പോകുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അദ്ഭുതപ്പെടുത്തി. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ സമയത്തുതന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ നടപടിസ്വീകരിക്കും. മുന്നണിയില്‍ ഇതുസംബന്ധിച്ച് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അരീക്കോട് പെരിങ്കടവ് പാലത്തിന്റെ ശിലാസ്ഥാപനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരുമായി തിങ്കളാഴ്ച ചര്‍ച്ചനടത്തും. എല്ലാവര്‍ക്കും വിധി ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഹനീഫയുടെ കുടുംബത്തെ സംരക്ഷിക്കും


ചാവക്കാട്ട് കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് എ സി ഹനീഫയുടെ കുടുംബത്തിന് എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.  ഹനീഫയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  കെപിസിസിയുമായി ആലോചിച്ച് എല്ലാ വിധ സഹായവും നല്‍കും. 

ഗ്രൂപ്പ് നോക്കിയല്ല കേസ്സ് അന്വേഷണമെന്ന് മുഖ്യമന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു.അന്വേഷണത്തില്‍ ഒരു വിധ ഇടപെടലുകളുമില്ല. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി വേണ്ട നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.കെ.പി.സി.സി. സെക്രട്ടറി എന്‍ കെ സുധീര്‍, ഡി.സി.സി. പ്രസിഡന്റ് ഒ അബ്ദു റഹിമാന്‍ കുട്ടി, എം.എല്‍.എമാരായ ടി എന്‍ പ്രതാപന്‍, പി എ മാധവന്‍ ഒപ്പമുണ്ടായി



മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹനീഫയുടെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു


2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

അദാനിക്ക് എല്ലാ പിന്തുണയും നല്‍കും


 വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പിന് അദാനിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. വിമര്‍ശനം ഉന്നയിച്ചവരുമായും പ്രദേശത്തെ എല്ലാവിഭാഗം ജനങ്ങളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ്. കരാര്‍ ഒപ്പിടല്‍ കേരളത്തിന്റെ വികസനരംഗത്തെ ചരിത്ര മുഹൂര്‍ത്തമാണ്.

25 വര്‍ഷം മുമ്പ് ഉദിച്ച ആശയമാണിത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത പ്രയോജനമാണ് വിഴിഞ്ഞം പദ്ധതിക്ക് ലഭിക്കുന്നത്. പ്രാദേശിക സന്തുലിതാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം പദ്ധതിക്ക് ഗുണകരമാകും. പദ്ധതി സംബന്ധിച്ച് മല്‍സ്യ തൊഴിലാളികള്‍ അടക്കമുള്ളവര്‍ ചില ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്. പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങളാണ് അവരുടെ ആശങ്കയെങ്കില്‍ അത്തരം പ്രശ്‌നങ്ങളുണ്ടാവില്ല.

എങ്കിലും ആശങ്ക ദുരീകരിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തും. ഏറ്റവും വേഗത്തില്‍ പദ്ധതി നടപ്പാക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. അതിനായി പ്രയത്‌നിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍, സാമുദായിക-സാമൂഹിക രംഗത്തെ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. 


സിയാല്‍: ഊര്‍ജ സ്വയംപര്യാപ്തിയിലും അഭിമാനകരമായ നേട്ടം കൈവരിക്കുന്നു


നെടുമ്പാശ്ശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന പെരുമ ഇനി കൊച്ചി വിമാനത്താവളത്തിന് സ്വന്തം. വിമാനത്താവളത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ മുഴുവനും നിര്‍വഹിക്കാന്‍ ഉതകുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുള്ള 12 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. 

രാജ്യത്താദ്യമായി ജനകീയ പങ്കാളിത്തത്തോടെ വിമാനത്താവളം നിര്‍മിച്ച് മാതൃക കാണിച്ച സിയാല്‍, ഊര്‍ജ സ്വയംപര്യാപ്തിയിലും അഭിമാനകരമായ നേട്ടം കൈവരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സിയാലിന് അനുമതി നല്‍കിയ എട്ട് മിനി ജലവൈദ്യുത പദ്ധതികളില്‍ ആദ്യത്തേത് കോഴിക്കോട് അരിപ്പാറയില്‍ രണ്ട് മാസത്തിനകം നിര്‍മാണം തുടങ്ങും. 8 പദ്ധതികള്‍ വഴി 50 മെഗാവാട്ട്്് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 8 പദ്ധതികളുടെയും നിര്‍മാണം തുടങ്ങും.

കാര്‍ഗോ കോംപ്ലക്‌സിന് സമീപം 45 ഏക്കറില്‍ വിന്യസിച്ചിട്ടുള്ള 46,150 സോളാര്‍ പാനലുകളിലൂടെയാണ് കൊച്ചി വിമാനത്താവളത്തിന് ഇനി വൈദ്യുതി ലഭിക്കുക. വിമാനത്താവളത്തിന്റെ ഒരു ദിവസ ഉപയോഗത്തിന് അരലക്ഷം യൂണിറ്റോളം വൈദ്യുതി ആവശ്യമാണ്. 12 മെഗാവാട്ട് വൈദ്യുതി പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ പ്രതിദിനം 52,000 യൂണിറ്റ് വൈദ്യുതി സിയാലിന് ലഭ്യമാകും. ഈ വൈദ്യുതി കെ.എസ്.ഇ.ബി.യുടെ ഗ്രിഡ്ഡിന് നല്‍കുകയും അതത് സമയങ്ങളില്‍ ആവശ്യമുള്ളത്ര വൈദ്യുതി കെ.എസ്.ഇ.ബി.യില്‍ നിന്ന് ലഭ്യമാക്കുകുയും ചെയ്യുന്ന പവര്‍ ബാങ്കിങ് പദ്ധതിക്കാണ് സിയാല്‍ തുടക്കമിട്ടിരിക്കുന്നത്.

സിയാലിന്റെ ഉപ കമ്പനിയായ സിയാല്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. 62 കോടിയാണ് മൊത്തം പദ്ധതിത്തുക. ബോഷ് ലിമിറ്റഡാണ് കരാറുകാര്‍.


2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

സ്ഥലമുള്ളവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ഭവനപദ്ധതി

 

സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് സൗജന്യമായി വീടു വച്ചു നല്കാനുള്ള സമഗ്ര പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സാമ്പത്തിക വര്‍ഷം ഒരുലക്ഷം വീടുകള്‍ നിര്‍മിക്കുവാനാണ് ഉദ്ദേശിക്കുന്നത്. എം.എന്‍ ലക്ഷംവീട് പദ്ധതിയിലെ നാശോന്മുഖമായ വീടുകളും ഈ പദ്ധതിയിലൂടെ പുതുക്കിപ്പണിയും. ഒരു വീടിന് രണ്ടരലക്ഷം രൂപ വച്ച് 2,500 കോടി രൂപയാണ് ഇതിനു വേണ്ടിവരുന്നത്. ദേശസാത്കൃത ബാങ്കുകളില്‍ നിന്നും ഇതിനുള്ള വായ്പ ലഭ്യമാക്കി "എല്ലാവര്‍ക്കും വീട്" എന്ന കേന്ദ്രപദ്ധതി പ്രകാരം പലിശ സബ്‌സിഡി നല്‍കും. പെട്രോള്‍-ഡീസല്‍ അധിക വില്‍പ്പനനികുതിയില്‍ നിന്നു ലഭിക്കുന്ന 50 ശതമാനം വിഹിതം ഉപയോഗിച്ച് 20 വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാരിന് ഈ വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

14 ജില്ലകളില്‍ 3,771 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ  21 മെഗാവര്‍ക്കുകള്‍ ഉടനെ ആരംഭിക്കുന്നതാണ്. 14 പ്രവൃത്തികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് അടുത്ത മാസം പൂര്‍ത്തിയാകും. ടോളില്ലാതെയാണ്  ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്. പെട്രോള്‍-ഡീസല്‍ അധിക വില്പന നികുതിയില്‍ നിന്നു ലഭിക്കുന്ന വിഹിതത്തിന്റെ 50 ശതമാനം ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രകൃതി സമ്പത്തിന്റെ അമിതവും അശാസ്ത്രീയവുമായ ചൂഷണം തടയുന്നതിനായി ഒരു സുസ്ഥിര വികസന കൗണ്‍സില്‍ രൂപീകരിക്കും.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 36,491 പേര്‍ക്ക് മൂന്നു സെന്റുവീതം സ്ഥലം നല്‍കുകയും ബാക്കിയുള്ളവര്‍ക്ക് സ്ഥലം നല്‍കാനുള്ള തീവ്രശ്രമം നടത്തിവരുകയുമാണ്. കേരളത്തെ ഒരു സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാക്കുന്നതിന്റെ അവസാനഘട്ടമെന്നോണം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍, സമ്പൂര്‍ണ മൊബൈല്‍ ഗവേര്‍ണന്‍സ്, രണ്ടാംഘട്ട ഡിജിറ്റല്‍ സാക്ഷരത എന്നിവ നടപ്പാക്കും.

അഴിമതിക്കെതിരെ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വിജിലന്റ് കേരളയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. അതതു പ്രദേശത്തെ ജനങ്ങളുടെ സജീവമായ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ അഴിമതി വിമുക്തമാക്കുക എന്നതാണ് ഈ സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. അഴിമതിക്കെതിരേയുള്ള സര്‍ക്കാര്‍ നടപടികള്‍ സുതാര്യമാക്കുകയും സേവനാവകാശ നിയമം എല്ലാ വകുപ്പുകളിലും നിര്‍ബന്ധമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വിഴിഞ്ഞം: പദ്ധതിക്കും പുനരധിവാസത്തിനും പണം പ്രശ്‌നമല്ല


   
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പദ്ധതിക്ക് പണം ഒരു പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്നപദ്ധതിയാണ്, പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ എത്രപണം വേണമെങ്കിലും മുടക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.  പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം മാത്രമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതി സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ട,  മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്നതിന് ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. 

അദാനി ഗ്രൂപ്പുമായി പരസ്​പരവിശ്വാസത്തിലാകും സര്‍ക്കാര്‍ പോകുക. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ന്യായമായ ചില ആശങ്കകള്‍ പങ്കുവെക്കുന്നവരുണ്ട്. ഇത്തരം കാര്യങ്ങളില്‍ എല്ലാവരുമായും ചര്‍ച്ചനടത്തി പരിഹാരം കാണും. ഇപ്പോള്‍ മാത്രമല്ല, നിര്‍മാണം തുടങ്ങിക്കഴിഞ്ഞ് ഉണ്ടാകാവുന്ന പ്രശ്‌നങ്ങളിലും ഇതായിരിക്കും സമീപനം. ഒരാള്‍ക്കും പദ്ധതികൊണ്ട് ബുദ്ധിമുട്ടുണ്ടാകരുത്. പുനരധിവാസത്തിന് കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ നല്‍കും- കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ മുഖ്യമന്ത്രിയെ ഗൗതം അദാനി സന്ദര്‍ശിച്ചു. പദ്ധതി പറഞ്ഞ സമയത്തിന് മുന്പ് പൂര്‍ത്തിയാക്കുമെന്ന് പദ്ധതി നടത്തിപ്പുകാരായ അദാനി പോര്‍ട്‌സ് ഉടമ ഗൗതം അദാനി പറഞ്ഞു. വിഴിഞ്ഞം പദ്ധതി തങ്ങളുടെ അഭിമാന പദ്ധതികളില്‍ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

മതനിരപേക്ഷതയും വികസനവും സംരക്ഷിക്കുന്നത് കോൺഗ്രസ് മാത്രം



കോട്ടയം: കേരളത്തിന്റെ തനതു മാതൃകകളായ മതനിരപേക്ഷതയും വികസനവും ഒരുപോലെ സംരക്ഷിച്ചു മുന്നോട്ടുപോകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ സാധിക്കുവെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജൈവകൃഷിവ്യാപിപ്പിക്കുക, ജല സ്രോതസ്സുകളെ സംരക്ഷിക്കുക, അഴിമതിരഹിത വികസനം സാധ്യമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പദയാത്ര.


വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും


കൊച്ചി: വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2015-16 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും കെ.എം.എ. - നാസ്‌കോം ലീഡര്‍ഷിപ്പ് അവാര്‍ഡ് ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോകും. 

വിഴിഞ്ഞം കേരളത്തിലല്ലായിരുന്നെങ്കില്‍ 25 വര്‍ഷം മുന്‍പ് തന്നെ നടപ്പിലാകുമായിരുന്നു. വിവാദം ഭയന്ന് ഇനി ഒരു പദ്ധതിയും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. അവസരം പ്രയോജനപ്പെടുത്താത്തതിന്റെ പേരില്‍ സുപ്രീംകോടതി പോലും കേരളത്തെ വിമര്‍ശിക്കുന്നു. വിവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും പിന്നാലെ പോകുന്ന സമീപനം ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.എ. - നാസ്‌കോം ഐ.ടി. ലീഡര്‍ഷിപ് അവാര്‍ഡ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് മുഖ്യമന്ത്രി സമ്മാനിച്ചു.