UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, മാർച്ച് 18, ചൊവ്വാഴ്ച

അക്രമരാഷ്ട്രീയക്കാരെ ബഹിഷ്‌കരിക്കാനുള്ള അവസരം

അക്രമരാഷ്ട്രീയക്കാരെ ബഹിഷ്‌കരിക്കാനുള്ള അവസരം
-ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്നവരെ ബഹിഷ്‌കരിക്കാനും രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനുമുള്ള അവസരമാണ് വരുന്ന തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫിന്റെ തിരുവനന്തപുരം മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനഹിതത്തിന് എതിരായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന സി.പി.എം ജനങ്ങളില്‍ നിന്ന് അകന്നുകഴിഞ്ഞു. അതുകൊണ്ടാണ് അവര്‍ക്ക് സ്ഥാനാര്‍ഥിയെ കണ്ടെത്താനായി നെട്ടോട്ടമോടേണ്ടി വന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സ്ഥാനാര്‍ഥികളെ കണ്ടെത്താനായി ഇടതുമുന്നണി ഇത്രയും വിഷമിച്ച സന്ദര്‍ഭം മുമ്പ് ഉണ്ടായിട്ടില്ല. ഒട്ടേറെപ്പേരെ ഒടിച്ചിട്ടുപിടിച്ചാണ് സ്ഥാനാര്‍ഥികളാക്കിയത്. ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇതൊരു അനുഭവപാഠമാകണം. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാന്‍ തയാറായാല്‍ ജനങ്ങള്‍ ഒപ്പമുണ്ടാകില്ലെന്നറിയണം. ടി.പി. വധക്കേസിലെയും ഷുക്കൂര്‍ വധക്കേസിലെയും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നപ്പോള്‍ കരുതി സി.പി.എം തെറ്റുതിരുത്തുമെന്ന്. പക്ഷേ അതുണ്ടായില്ല. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് താത്പര്യമില്ലാത്ത സമരങ്ങള്‍ നടത്തി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അപഹാസ്യരായി. ജനപ്രിയ പരിപാടികളുമായാണ് കഴിഞ്ഞ പത്തുവര്‍ഷം യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുപോയത്. കേന്ദ്രത്തില്‍ രാഷ്ട്രീയ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ യു.പി.എക്ക് മാത്രമേ കഴിയൂ. കേന്ദ്രത്തില്‍ ഉറച്ച സര്‍ക്കാരും കേരളത്തില്‍ ജനഹിതം മാനിക്കുന്ന സര്‍ക്കാരുമാണ് വേണ്ടത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനമനഃസാക്ഷിയുടെ അംഗീകാരം കിട്ടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സര്‍ക്കാരിന്റെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തുമെന്ന് കെ.പി.സി. സി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് സി.പി.എമ്മിന് ഖദറിനോട് താത്പര്യം തോന്നിയതില്‍ സന്തോഷമുണ്ടെന്നും സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിമര്‍ശങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി

കോണ്‍ഗ്രസ് വിമര്‍ശങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി - ഉമ്മന്‍ചാണ്ടി


കോട്ടയം:കോണ്‍ഗ്രസ്സിന്റെ നയങ്ങളോട് വിയോജിക്കാനും വിമര്‍ശിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ്സിന് അതെല്ലാം ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയുണ്ട്. കോണ്‍ഗ്രസ് ആരുടെയും കുത്തകയല്ല. വിമര്‍ശം ശരിയെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താനും തയ്യാറാണ്. സഹിഷ്ണുതയില്ലാത്ത പ്രസ്ഥാനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തില്‍ നിലനില്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'നിലപാട്-2014' മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് ശകാരിച്ചതായുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡീന്‍ കുര്യാക്കോസ് അങ്ങനെ പറഞ്ഞിട്ടില്ലല്ലോയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് പരാതിയുമില്ല. സമുദായനേതാക്കള്‍ക്കും രാഷ്ട്രീയാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. അവര്‍ക്കും വോട്ടില്ലേയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് ജനാധിപത്യ ശൈലിയല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാകില്ല. സി.പി.എമ്മിന് അതിപ്പോഴും മനസ്സിലായിട്ടില്ലെന്നും ടി.പി.വധവും പെരിഞ്ഞനത്തെ കൊലപാതകവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

മുന്നണിയിലെ ഒരുകക്ഷിയോടും കോണ്‍ഗ്രസ് മേധാവിത്വ മനോഭാവം കാട്ടില്ല. സീറ്റ് ചോദിക്കാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ട്. അതില്‍ ഒരു തെറ്റും കാണുന്നില്ല. എന്നാല്‍, എല്ലാവര്‍ക്കും ചോദിക്കുന്നത്രയും കൊടുക്കാന്‍ കഴിയില്ല. ഇടുക്കിയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ്സിനെ അക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

താനുദ്ദേശിക്കാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്ന് പി.സി.ചാക്കോ പറഞ്ഞിട്ടുണ്ടെന്ന് ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു. ചാക്കോയും ധനപാലനും മണ്ഡലംമാറിയത് പരസ്​പര സമ്മതത്തോടെയാണ്. ഇക്കാര്യത്തില്‍ ചാക്കോ വാശി കാണിച്ചിട്ടില്ല.

കസ്തൂരിരംഗന്‍ വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്‌തെന്ന് സര്‍ക്കാരിന് അഭിമാനമുണ്ട്. എന്തുകൊണ്ട് കേരളത്തിനുമാത്രം ഇളവ് എന്ന് ചോദ്യമുയരുന്നത് ഫലത്തില്‍ സര്‍ക്കാരിനുള്ള അഭിനന്ദനമാണ്. ഇപ്പോഴത്തെ ആശങ്ക യഥാര്‍ഥത്തില്‍ തീരദേശ പരിപാലന നിയമത്തിന്റെ കാര്യത്തിലാണ്. അവിടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും പരമ്പരാഗത തീരദേശവാസികള്‍ക്കും നിയമത്തില്‍ ഇളവ് ലഭിച്ചേതീരൂ.

തിരഞ്ഞെടുപ്പ് സംസ്ഥാനഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും. സോളാര്‍ വിഷയമടക്കം എന്തും പ്രചാരണ വിഷയമാകുന്നതിനെ ഭയപ്പെടുന്നില്ല.

യു.പി.എ. സര്‍ക്കാര്‍ നടപ്പാക്കിയത് ചരിത്രംകുറിച്ച നിയമങ്ങളാണ്. പക്ഷേ, അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ അവയ്ക്ക് അര്‍ഹിച്ച പ്രചാരംകിട്ടാതെ പോയി. അഴിമതി ആരോപണം വന്നപ്പോള്‍ ഒളിച്ചോടാനല്ല അന്വേഷണംനടത്തി നിയമത്തിന് മുന്നില്‍ കൊണ്ടവരാനാണ് ശ്രമിച്ചതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

ആര്‍.എസ്.പിയെ മുന്നണിയില്‍ എടുത്തത് യു.ഡി.എഫ്. ഒറ്റക്കെട്ടായി എടുത്ത രാഷ്ട്രീയ തീരുമാനമാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

അബ്ദുള്ളക്കുട്ടി വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകും. ആരെയും നിയമംവിട്ട് സംരക്ഷിക്കില്ല.

തിരഞ്ഞെടുപ്പില്‍ റെക്കോഡ് വിജയം നേടുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2014, മാർച്ച് 17, തിങ്കളാഴ്‌ച

മത്സരിക്കുന്നത് ആത്മവിശ്വാസമില്ലാത്ത ഇടതുമുന്നണി

മത്സരിക്കുന്നത് ആത്മവിശ്വാസമില്ലാത്ത ഇടതുമുന്നണി

കോട്ടയം: കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും വിയോജിപ്പു പ്രകടിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കൈകാര്യംചെയ്യും. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം 'നിലപാട് 2014 പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. 

ആത്മവിശ്വാസമില്ലാത്ത ഇടതുനേതാക്കള്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുകയാണ്. യുഡിഎഫിനെ എതിര്‍ക്കുന്ന ഇടതുമുന്നണിയുടെ നില അവരുടെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തന്നെ പ്രതിഫലിക്കുകയാണ്. ജനവികാരംമാനിക്കാന്‍ സിപിഎമ്മിനും, ഇടതുമുന്നണിക്കും സാധിക്കുന്നില്ല. ടിപി വധം സിപിഎമ്മിനുമേല്‍ തീരാകളങ്കമാണ്. പാഠംപഠിക്കാത്ത പാര്‍ട്ടിയുടെ മുഖം ഓരോദിവസവും ജനങ്ങള്‍ക്കുമുന്നില്‍ വികൃതമാകുകയാണ്. കഴിഞ്ഞദിവസം തൃശൂരില്‍ കണ്ടത് ഇതിന്റെ ബാക്കിപത്രമാണ്.

സമുദായനേതാക്കളും വോട്ടവകാശം ഉള്ളവരാണ്. അവര്‍ക്കു തൊട്ടുകൂടായ്മയില്ല. ഇടുക്കി ബിഷപ്പിനെതിരെ വി.ടി. ബല്‍റാം എംഎല്‍എ നികൃഷ്ടജീവി പ്രയോഗം നടത്തുമെന്നു കരുതുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബല്‍റാമിനോടു വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. 

   ഇടുക്കിയില്‍ മത്സരിക്കുന്നതിനു പി.ടി. തോമസിന് അയോഗ്യതയൊന്നുമില്ല. തിരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാന്‍ അദ്ദേഹംതന്നെയാണു സന്നദ്ധത പ്രകടിപ്പിച്ചത്. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് സ്ഥാനാര്‍ഥിയാകുന്നതിനെ അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ഇടുക്കി ബിഷപ് മോശമായി പെരുമാറിയെന്ന് ഒരിടത്തും ഡീന്‍ കുര്യാക്കോസ് പറഞ്ഞിട്ടില്ല. 

ഇടുക്കി സീറ്റ് വേണമെന്നു ചര്‍ച്ചയ്ക്കിടയില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സിറ്റിങ്‌സീറ്റ് വിട്ടു നല്‍കാനുള്ള പ്രായോഗികബുദ്ധിമുട്ടു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴി കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് കേരള കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. മുന്നണിവിടാന്‍ ഗൗരിയമ്മ മാസങ്ങള്‍ക്കുമുന്‍പു തന്നെ തീരുമാനിച്ചിരുന്നതാണ്. ഇവര്‍ ഇതുസംബന്ധിച്ചു പ്രഖ്യാപനവും നടത്തിയിരുന്നതാണ്. അതിനു തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

    മണ്ഡലം മാറണമെന്ന ആഗ്രഹം പി.സി. ചാക്കോ തന്നെ വ്യക്തമാക്കുകയായിരുന്നു. കെ.പി. ധനപാലനും ഇത് അംഗീകരിച്ചു. ഇതില്‍ അസ്വാഭാവികതയൊന്നുമില്ല. കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് അഭിമാനമുണ്ട്. കേരളത്തിനു മാത്രം ഇളവുനല്‍കിയതിനെതിരെയാണ് ഇപ്പോള്‍ രാജ്യമാകെ പ്രചാരണം നടക്കുന്നത്. ഇത് സര്‍ക്കാരിനു ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥികള്‍ക്കായി സിപിഎം നേട്ടോട്ടം ഓടേണ്ടിവന്നെന്ന് ഉമ്മന്‍ ചാണ്ടി


സ്ഥാനാര്‍ഥികള്‍ക്കായി സിപിഎം നേട്ടോട്ടം ഓടേണ്ടിവന്നെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ സിപിഎം ഇതുപോലെ നെട്ടോട്ടമോടിയ കാലം ഇതുവരെ ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഎമ്മിന്റെ ഗതികേടാണിത്. സ്ഥാനാര്‍ഥിയാക്കാന്‍ ജനസമ്മതിയുള്ളവര്‍ പാര്‍ട്ടിയില്‍ ഇല്ല. കുറേപ്പേരെ വളഞ്ഞിട്ടുപിടിച്ചു. തങ്ങള്‍ ഒരുവിധം രക്ഷപ്പെട്ടുവെന്നു പറഞ്ഞ് ഇപ്പോള്‍ പലരും വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നതോടെ ആരെ ജയിപ്പിക്കണമെന്നു ജനം തീരുമാനിച്ചുകഴിഞ്ഞു. കേരളം മുഴുവന്‍ യുഡിഎഫ് തരംഗമാണ്. ജനങ്ങള്‍ക്കു വേണ്ടാത്ത വിഷയങ്ങളില്‍ സമരങ്ങള്‍ നടത്തി സിപിഎം അപഹാസ്യരായി. എതിര്‍ക്കുന്നവരെ ഹിംസിക്കുന്നവരുടെ പാര്‍ട്ടിയില്‍ ജനം വിശ്വസിക്കില്ല. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്കുള്ള അംഗീകാരം തേടല്‍ കൂടിയാണ് ഈ തിരഞ്ഞെടുപ്പെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ കേരളത്തില്‍ യുഡിഎഫ് പരാജയമറിഞ്ഞിട്ടില്ലെന്നും ഇത്തവണയും എല്‍ഡിഎഫ് തോല്‍വി ആവര്‍ത്തിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

20 സീറ്റിലും യുഡിഎഫ് വിജയിക്കും. എല്‍ഡിഎഫിന്റെ അഞ്ചു സീറ്റുകള്‍ പേമെന്റ് സീറ്റുകളാണെന്ന ആരോപണത്തിന് ഇതുവരെ മറുപടി പറയാന്‍ പോലും നേതാക്കള്‍ക്കു കഴിഞ്ഞിട്ടില്ല. ഞാന്‍ പേമെന്റ് സീറ്റിലല്ല എന്നു സ്ഥാനാര്‍ഥികള്‍ക്കു വാദിക്കേണ്ട അവസ്ഥയായി. എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു മണ്ഡലത്തില്‍ ആകെ പരിചയമുള്ള ഒരാള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.വി. തോമസ് ആണ്. നരേന്ദ്ര മോദിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നതു കോര്‍പറേറ്റുകളും അവരുടെ നിയന്ത്രണത്തിലുള്ള ചില മാധ്യമങ്ങളുമാണ്.

തിരഞ്ഞെടുപ്പു കഴിയുന്നതോടെ ആ ധാരണ തിരുത്തേണ്ടിവരുമെന്നും രമേശ് പറഞ്ഞു. യുഡിഎഫിലെ സ്ഥാനാര്‍ഥിനിര്‍ണയം ഇത്ര സുഗമമായി നടക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഖദറിട്ടവരോടാണു സിപിഎമ്മിന് ഇപ്പോള്‍ താല്‍പര്യം. കോണ്‍ഗ്രസുകാര്‍ സൂക്ഷിച്ചു നടന്നില്ലെങ്കില്‍ സിപിഎം പിടിച്ചു സ്ഥാനാര്‍ഥിയാക്കും. തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ എനിക്കു പോലും പരിചയമില്ല. അദ്ദേഹത്തിന്റെ ജനസേവന പശ്ചാത്തലം എന്താണെന്നറിയില്ല.

വംശഹത്യയ്ക്കു നേതൃത്വം നല്‍കിയവരെ രാജ്യം ഭരിക്കാന്‍ ജനം അനുവദിക്കില്ല. നരേന്ദ്ര മോദിയെയും ഉമ്മന്‍ ചാണ്ടിയെയും ഒരു വേദിയില്‍ അണിനിരത്തി ഭരണനേട്ടങ്ങള്‍ വിലയിരുത്തിയാല്‍ മോദി തോറ്റമ്പും. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ യുപിഎ തോല്‍ക്കുമെന്നു പ്രചരിപ്പിച്ച രാഷ്ട്രീയ ജ്യോല്‍സ്യന്മാര്‍ ഇത്തവണയും അതേ ഗതികേടിലാകുമെന്നും സുധീരന്‍ പറഞ്ഞു. സോളമന്‍ അലക്‌സ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, കെ. മുരളീധരന്‍ എംഎല്‍എ, ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി.പി.എം പ്രതികാര രാഷ്ട്രീയത്തിന്‍െറ പ്രതീകമായി

സി.പി.എം പ്രതികാര രാഷ്ട്രീയത്തിന്‍െറ പ്രതീകമായി –ഉമ്മന്‍ ചാണ്ടി

കൊല്ലം: ജനങ്ങളില്‍ നിന്നകന്ന് പ്രതികാരരാഷ്ട്രീയത്തിന്‍െറ പ്രതീകമായി സി.പി.എം മാറുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃശൂര്‍ പെരിഞ്ഞനത്ത് സി.പി.എം ക്വട്ടേഷന്‍ സംഘം യുവാവിനെ കൊലപ്പെടുത്തിയത് ഇതിന് തെളിവാണ്. ടി.പി വധത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സി.പി.എം തയാറല്ളെന്നാണ് വ്യക്തമാവുന്നത്.

യു.ഡി.എഫ് കൊല്ലം പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ക്യു.എ.സി മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട്

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട് -ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട് -ഉമ്മന്‍ചാണ്ടി
കോട്ടയം: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനോട് ഇടുക്കി ബിഷപ്പ് മോശമായി പെരുമാറിയിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസിന് പരാതിയുമില്ല. കോണ്‍ഗ്രസ് എല്ലാവരുടെയും പാര്‍ട്ടിയാണ്. അതിനാല്‍ വിമര്‍ശനങ്ങളെ ഭയക്കുന്നില്ല. കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് യു.ഡി.എഫ് സര്‍ക്കാരിന്‍െറ പ്രവര്‍ത്തനങ്ങളുടെ വിലിയിരുത്തലും എല്‍.ഡി.എഫിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ വിധിയെഴുത്തുമായിരിക്കും. സി.പി.എമ്മിന് ജനവികാരം മനസിലാക്കാന്‍ കഴിയുന്നില്ല. സോളാര്‍ തട്ടിപ്പ് കേസ് തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനെ ഭയക്കുന്നില്ളെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
വി.ടി ബല്‍റാം ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചതായി അറിയില്ല. അത്തരം പരാമര്‍ശം ബല്‍റാം നടത്തുമെന്ന് കരുതുന്നില്ല. പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ മണ്ഡലം മാറണമെന്ന് പി.സി ചാക്കോ ആവശ്യപ്പെട്ടില്ല. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ആര്‍.എസ്.പിയുടെ മുന്നണി പ്രവേശനം യു.ഡി.എഫിന് കൂടുതല്‍ ശക്തിപകരും. കൊല്ലം സീറ്റ് നല്‍കിയത് യു.ഡി.എഫ് കൂട്ടായി എടുത്ത തീരുമാനമാണ്. തെരഞ്ഞെടുപ്പിനെ മുന്നണി ഒറ്റക്കെട്ടായി നേരിടുമെന്നും മുഖാമുഖം പരിപാടിയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു

2014, മാർച്ച് 16, ഞായറാഴ്‌ച

തെരഞ്ഞെടുപ്പ് സര്‍ക്കാറിനെ വിലയിരുത്തും

തെരഞ്ഞെടുപ്പ് സര്‍ക്കാറിനെ വിലയിരുത്തും –ഉമ്മന്‍ ചാണ്ടി

തെരഞ്ഞെടുപ്പ് സര്‍ക്കാറിനെ വിലയിരുത്തും –ഉമ്മന്‍ ചാണ്ടി
ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ കൂടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങള്‍ സര്‍ക്കാറിനെക്കുറിച്ച് എങ്ങനെ കരുതുന്നു എന്ന് ഇതിലൂടെ വ്യക്തമാകും. അതുപോലെ പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ള ശൈലിയും വിലയിരുത്തപ്പെടും. ആലപ്പുഴ ലോക്സഭ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാറിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോട് സ്വീകരിച്ച സമീപനം തുടങ്ങി എല്ലാ കാര്യങ്ങളിലും ജനങ്ങളുടെ അഭിപ്രായം അറിയാന്‍ കഴിയും. യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014, മാർച്ച് 13, വ്യാഴാഴ്‌ച

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കരടുവിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കരടുവിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും-മുഖ്യമന്ത്രി


തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ കരടുവിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിര്‍ത്തി തിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജൈവവൈവിധ്യബോര്‍ഡിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയും സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരവുമാണ് കരടുവിജ്ഞാപനം. 2013 നവംബര്‍ 13 ന് വിജ്ഞാപനം വന്നതിന് തൊട്ടുപിന്നാലെ ഈ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. എല്‍.ഡി.എഫ്. ആ യോഗത്തില്‍ പങ്കെടുത്തില്ല. പങ്കെടുത്ത ബി.ജെ.പി യാകട്ടെ മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം യു.ഡി.എഫ്. സര്‍ക്കാരാകട്ടെ നിശ്ചയദാര്‍ഢ്യത്തോടെ വിദഗ്ദ്ധസമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കരടുവിജ്ഞാപനം ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 13 ന് പുറത്തുവന്ന വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആദ്യം ആ നിര്‍ദ്ദേശങ്ങള്‍ 123 വില്ലേജുകള്‍ക്കും ബാധകമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന കരടുവിജ്ഞാപനത്തോടെ ഈ 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങള്‍, തോട്ടങ്ങള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവ പരിസ്ഥിതിലോലപ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 3115 ചതുരശ്ര കി.മീ. സ്ഥലമാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടത്.

13108 ചതുരശ്ര കി.മീ. സ്ഥലമാണ് ആദ്യം പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസത്തെ കരടുവിജ്ഞാപനത്തോടെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ വിസ്തൃതി 9993.7 ചതുരശ്ര കി.മീറ്ററായി കുറഞ്ഞു. ഇതില്‍ 9107 ചതുരശ്ര കി.മീ. സ്ഥലം വനവും 886.7 ചതുരശ്ര കി.മീ. സ്ഥലം പാറക്കെട്ടുകളും പുല്‍മേടുകളും ജലാശയങ്ങളുമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞദിവസം പുറത്തുവന്നത് കരടുവിജ്ഞാപനമായതിനാല്‍ അത് നടപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടോയെന്ന ചോദ്യത്തിന് അവകാശമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കരടുവിജ്ഞാപനത്തില്‍ ചില പ്രദേശങ്ങളെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിയുള്ളവര്‍ക്ക് അത് നല്‍കാം. അതിന് സമയം അനുവദിച്ചിട്ടുണ്ട്. പരാതി ശരിയോയെന്ന് പരിശോധിച്ച് വേണ്ട നടപടിയെടുക്കും. എന്നാല്‍ സര്‍ക്കാരിന് വിജ്ഞാപനം നടപ്പാക്കുന്നതിന് താമസമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

2014, മാർച്ച് 5, ബുധനാഴ്‌ച

വരള്‍ച്ച: ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കും

വരള്‍ച്ച: ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കും - മുഖ്യമന്ത്രി


തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള മൂന്നുലക്ഷം രൂപ വരെയുള്ള കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ ജൂണ്‍ 30 വരെ നിര്‍ത്തിവെയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതുപോലെ, മറ്റു വാണിജ്യബാങ്കുകളില്‍ നിന്നുള്ള അഞ്ചുലക്ഷം രൂപ വരെയുള്ള കാര്‍ഷിക-വിദ്യാഭ്യാസ വായ്പകളുടെ ജപ്തി നടപടികളും നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം വരള്‍ച്ചയെ നേരിടുന്ന അവസരത്തില്‍, ബാങ്കുകളില്‍നിന്ന് ജപ്തി നടപടികള്‍ വരുന്നതായുള്ള കാര്‍ഷിക-വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പരാതികള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. വരള്‍ച്ച നേരിടാന്‍ വേണ്ട നടപടികളെക്കുറിച്ച് നേരത്തെ തീരുമാനിച്ചിരുന്നു. അതിനനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല്‌പതോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും -

നാല്‌പതോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും - മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള 278 അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകളില്‍, 100 കുട്ടികളില്‍ കൂടുതലുള്ള നാല്പതോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തവണ ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

278 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഒരെണ്ണം മാത്രമാണ് പൊതുമേഖലയിലുള്ളത്. ബാക്കി 277-ഉം സ്വകാര്യ മേഖലയിലുള്ളവയാണ്. എയ്ഡഡ് ആക്കാന്‍ സാധിക്കാത്ത സ്‌കൂളുകളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പ്രതിമാസം 1600 രൂപ അലവന്‍സായി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യനീതിവകുപ്പ് നടത്തുന്ന ബഡ്‌സ് സ്‌കൂളുകളിലും ഇതുപോലെ നൂറുകുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകള്‍ സര്‍ക്കാര്‍ പൂര്‍ണശമ്പളം നല്‍കുന്ന നിലയിലേക്ക് ഉയര്‍ത്തും-അദ്ദേഹം അറിയിച്ചു.

സാധാരണ കുട്ടികളുടെ വിദ്യാഭ്യാസം ഹയര്‍ സെക്കന്‍ഡറിതലം വരെ പൂര്‍ണമായും സൗജന്യമാണ്. എന്നാല്‍, മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അത് വിദ്യാഭ്യാസരംഗത്തെ വീഴ്ചയാണ്. ആ കുറവ് പരിഹരിക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.

സമയബന്ധിതമായി ഇതിനാവശ്യമായ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകും. വരുംവര്‍ഷങ്ങളില്‍ 100 കുട്ടികള്‍ എന്നത് കുറയ്ക്കുന്നത് പരിഗണിക്കും. അപ്പോള്‍ കൂടുതല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും. നിലവില്‍ ഈ സ്‌കൂളുകളിലെ നിയമനത്തിന് ചില മാനദണ്ഡങ്ങളുണ്ട്. എങ്കിലും മറ്റ് കുട്ടികളുടേതുപോലെയല്ലാത്തതുകൊണ്ട് കൂടുതല്‍ അധ്യാപകരും അനധ്യാപകരും ആവശ്യമാണ്. ഇക്കാര്യത്തില്‍ അഖിലേന്ത്യാതലത്തിലുള്ള സ്റ്റാഫ് പാറ്റേണ്‍കൂടി പരിഗണിക്കും-മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ കണക്കെടുത്തിട്ടില്ലെന്നും ഈ സ്‌കൂളുകള്‍ക്ക് പണം മാത്രമല്ല ആവശ്യമെന്നും കരുതലും സ്‌നേഹവും ക്ഷമയും നല്‍കാന്‍ കഴിയുന്ന സേവനസന്നദ്ധരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.