നാല്പതോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും - മുഖ്യമന്ത്രി

278 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഒരെണ്ണം മാത്രമാണ് പൊതുമേഖലയിലുള്ളത്. ബാക്കി 277-ഉം സ്വകാര്യ മേഖലയിലുള്ളവയാണ്. എയ്ഡഡ് ആക്കാന്‍ സാധിക്കാത്ത സ്‌കൂളുകളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പ്രതിമാസം 1600 രൂപ അലവന്‍സായി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യനീതിവകുപ്പ് നടത്തുന്ന ബഡ്‌സ് സ്‌കൂളുകളിലും ഇതുപോലെ നൂറുകുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകള്‍ സര്‍ക്കാര്‍ പൂര്‍ണശമ്പളം നല്‍കുന്ന നിലയിലേക്ക് ഉയര്‍ത്തും-അദ്ദേഹം അറിയിച്ചു.
സാധാരണ കുട്ടികളുടെ വിദ്യാഭ്യാസം ഹയര്‍ സെക്കന്‍ഡറിതലം വരെ പൂര്‍ണമായും സൗജന്യമാണ്. എന്നാല്‍, മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അത് വിദ്യാഭ്യാസരംഗത്തെ വീഴ്ചയാണ്. ആ കുറവ് പരിഹരിക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.
സമയബന്ധിതമായി ഇതിനാവശ്യമായ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകും. വരുംവര്‍ഷങ്ങളില്‍ 100 കുട്ടികള്‍ എന്നത് കുറയ്ക്കുന്നത് പരിഗണിക്കും. അപ്പോള്‍ കൂടുതല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും. നിലവില്‍ ഈ സ്‌കൂളുകളിലെ നിയമനത്തിന് ചില മാനദണ്ഡങ്ങളുണ്ട്. എങ്കിലും മറ്റ് കുട്ടികളുടേതുപോലെയല്ലാത്തതുകൊണ്ട് കൂടുതല്‍ അധ്യാപകരും അനധ്യാപകരും ആവശ്യമാണ്. ഇക്കാര്യത്തില്‍ അഖിലേന്ത്യാതലത്തിലുള്ള സ്റ്റാഫ് പാറ്റേണ്‍കൂടി പരിഗണിക്കും-മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ കണക്കെടുത്തിട്ടില്ലെന്നും ഈ സ്‌കൂളുകള്‍ക്ക് പണം മാത്രമല്ല ആവശ്യമെന്നും കരുതലും സ്‌നേഹവും ക്ഷമയും നല്‍കാന്‍ കഴിയുന്ന സേവനസന്നദ്ധരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.