UDF

2014, മാർച്ച് 13, വ്യാഴാഴ്‌ച

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കരടുവിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കരടുവിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും-മുഖ്യമന്ത്രി


തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ കരടുവിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിര്‍ത്തി തിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജൈവവൈവിധ്യബോര്‍ഡിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയും സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരവുമാണ് കരടുവിജ്ഞാപനം. 2013 നവംബര്‍ 13 ന് വിജ്ഞാപനം വന്നതിന് തൊട്ടുപിന്നാലെ ഈ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. എല്‍.ഡി.എഫ്. ആ യോഗത്തില്‍ പങ്കെടുത്തില്ല. പങ്കെടുത്ത ബി.ജെ.പി യാകട്ടെ മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം യു.ഡി.എഫ്. സര്‍ക്കാരാകട്ടെ നിശ്ചയദാര്‍ഢ്യത്തോടെ വിദഗ്ദ്ധസമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കരടുവിജ്ഞാപനം ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 13 ന് പുറത്തുവന്ന വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആദ്യം ആ നിര്‍ദ്ദേശങ്ങള്‍ 123 വില്ലേജുകള്‍ക്കും ബാധകമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന കരടുവിജ്ഞാപനത്തോടെ ഈ 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങള്‍, തോട്ടങ്ങള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവ പരിസ്ഥിതിലോലപ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 3115 ചതുരശ്ര കി.മീ. സ്ഥലമാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടത്.

13108 ചതുരശ്ര കി.മീ. സ്ഥലമാണ് ആദ്യം പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസത്തെ കരടുവിജ്ഞാപനത്തോടെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ വിസ്തൃതി 9993.7 ചതുരശ്ര കി.മീറ്ററായി കുറഞ്ഞു. ഇതില്‍ 9107 ചതുരശ്ര കി.മീ. സ്ഥലം വനവും 886.7 ചതുരശ്ര കി.മീ. സ്ഥലം പാറക്കെട്ടുകളും പുല്‍മേടുകളും ജലാശയങ്ങളുമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞദിവസം പുറത്തുവന്നത് കരടുവിജ്ഞാപനമായതിനാല്‍ അത് നടപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടോയെന്ന ചോദ്യത്തിന് അവകാശമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കരടുവിജ്ഞാപനത്തില്‍ ചില പ്രദേശങ്ങളെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിയുള്ളവര്‍ക്ക് അത് നല്‍കാം. അതിന് സമയം അനുവദിച്ചിട്ടുണ്ട്. പരാതി ശരിയോയെന്ന് പരിശോധിച്ച് വേണ്ട നടപടിയെടുക്കും. എന്നാല്‍ സര്‍ക്കാരിന് വിജ്ഞാപനം നടപ്പാക്കുന്നതിന് താമസമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.