UDF

2014, മാർച്ച് 18, ചൊവ്വാഴ്ച

കോണ്‍ഗ്രസ് വിമര്‍ശങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി

കോണ്‍ഗ്രസ് വിമര്‍ശങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി - ഉമ്മന്‍ചാണ്ടി


കോട്ടയം:കോണ്‍ഗ്രസ്സിന്റെ നയങ്ങളോട് വിയോജിക്കാനും വിമര്‍ശിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ്സിന് അതെല്ലാം ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയുണ്ട്. കോണ്‍ഗ്രസ് ആരുടെയും കുത്തകയല്ല. വിമര്‍ശം ശരിയെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താനും തയ്യാറാണ്. സഹിഷ്ണുതയില്ലാത്ത പ്രസ്ഥാനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തില്‍ നിലനില്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'നിലപാട്-2014' മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് ശകാരിച്ചതായുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡീന്‍ കുര്യാക്കോസ് അങ്ങനെ പറഞ്ഞിട്ടില്ലല്ലോയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് പരാതിയുമില്ല. സമുദായനേതാക്കള്‍ക്കും രാഷ്ട്രീയാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. അവര്‍ക്കും വോട്ടില്ലേയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് ജനാധിപത്യ ശൈലിയല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാകില്ല. സി.പി.എമ്മിന് അതിപ്പോഴും മനസ്സിലായിട്ടില്ലെന്നും ടി.പി.വധവും പെരിഞ്ഞനത്തെ കൊലപാതകവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

മുന്നണിയിലെ ഒരുകക്ഷിയോടും കോണ്‍ഗ്രസ് മേധാവിത്വ മനോഭാവം കാട്ടില്ല. സീറ്റ് ചോദിക്കാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ട്. അതില്‍ ഒരു തെറ്റും കാണുന്നില്ല. എന്നാല്‍, എല്ലാവര്‍ക്കും ചോദിക്കുന്നത്രയും കൊടുക്കാന്‍ കഴിയില്ല. ഇടുക്കിയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ്സിനെ അക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

താനുദ്ദേശിക്കാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്ന് പി.സി.ചാക്കോ പറഞ്ഞിട്ടുണ്ടെന്ന് ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു. ചാക്കോയും ധനപാലനും മണ്ഡലംമാറിയത് പരസ്​പര സമ്മതത്തോടെയാണ്. ഇക്കാര്യത്തില്‍ ചാക്കോ വാശി കാണിച്ചിട്ടില്ല.

കസ്തൂരിരംഗന്‍ വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്‌തെന്ന് സര്‍ക്കാരിന് അഭിമാനമുണ്ട്. എന്തുകൊണ്ട് കേരളത്തിനുമാത്രം ഇളവ് എന്ന് ചോദ്യമുയരുന്നത് ഫലത്തില്‍ സര്‍ക്കാരിനുള്ള അഭിനന്ദനമാണ്. ഇപ്പോഴത്തെ ആശങ്ക യഥാര്‍ഥത്തില്‍ തീരദേശ പരിപാലന നിയമത്തിന്റെ കാര്യത്തിലാണ്. അവിടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും പരമ്പരാഗത തീരദേശവാസികള്‍ക്കും നിയമത്തില്‍ ഇളവ് ലഭിച്ചേതീരൂ.

തിരഞ്ഞെടുപ്പ് സംസ്ഥാനഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും. സോളാര്‍ വിഷയമടക്കം എന്തും പ്രചാരണ വിഷയമാകുന്നതിനെ ഭയപ്പെടുന്നില്ല.

യു.പി.എ. സര്‍ക്കാര്‍ നടപ്പാക്കിയത് ചരിത്രംകുറിച്ച നിയമങ്ങളാണ്. പക്ഷേ, അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ അവയ്ക്ക് അര്‍ഹിച്ച പ്രചാരംകിട്ടാതെ പോയി. അഴിമതി ആരോപണം വന്നപ്പോള്‍ ഒളിച്ചോടാനല്ല അന്വേഷണംനടത്തി നിയമത്തിന് മുന്നില്‍ കൊണ്ടവരാനാണ് ശ്രമിച്ചതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

ആര്‍.എസ്.പിയെ മുന്നണിയില്‍ എടുത്തത് യു.ഡി.എഫ്. ഒറ്റക്കെട്ടായി എടുത്ത രാഷ്ട്രീയ തീരുമാനമാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

അബ്ദുള്ളക്കുട്ടി വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകും. ആരെയും നിയമംവിട്ട് സംരക്ഷിക്കില്ല.

തിരഞ്ഞെടുപ്പില്‍ റെക്കോഡ് വിജയം നേടുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.