UDF

2014, മാർച്ച് 17, തിങ്കളാഴ്‌ച

സ്ഥാനാര്‍ഥികള്‍ക്കായി സിപിഎം നേട്ടോട്ടം ഓടേണ്ടിവന്നെന്ന് ഉമ്മന്‍ ചാണ്ടി


സ്ഥാനാര്‍ഥികള്‍ക്കായി സിപിഎം നേട്ടോട്ടം ഓടേണ്ടിവന്നെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ സിപിഎം ഇതുപോലെ നെട്ടോട്ടമോടിയ കാലം ഇതുവരെ ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഎമ്മിന്റെ ഗതികേടാണിത്. സ്ഥാനാര്‍ഥിയാക്കാന്‍ ജനസമ്മതിയുള്ളവര്‍ പാര്‍ട്ടിയില്‍ ഇല്ല. കുറേപ്പേരെ വളഞ്ഞിട്ടുപിടിച്ചു. തങ്ങള്‍ ഒരുവിധം രക്ഷപ്പെട്ടുവെന്നു പറഞ്ഞ് ഇപ്പോള്‍ പലരും വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നതോടെ ആരെ ജയിപ്പിക്കണമെന്നു ജനം തീരുമാനിച്ചുകഴിഞ്ഞു. കേരളം മുഴുവന്‍ യുഡിഎഫ് തരംഗമാണ്. ജനങ്ങള്‍ക്കു വേണ്ടാത്ത വിഷയങ്ങളില്‍ സമരങ്ങള്‍ നടത്തി സിപിഎം അപഹാസ്യരായി. എതിര്‍ക്കുന്നവരെ ഹിംസിക്കുന്നവരുടെ പാര്‍ട്ടിയില്‍ ജനം വിശ്വസിക്കില്ല. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്കുള്ള അംഗീകാരം തേടല്‍ കൂടിയാണ് ഈ തിരഞ്ഞെടുപ്പെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ കേരളത്തില്‍ യുഡിഎഫ് പരാജയമറിഞ്ഞിട്ടില്ലെന്നും ഇത്തവണയും എല്‍ഡിഎഫ് തോല്‍വി ആവര്‍ത്തിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

20 സീറ്റിലും യുഡിഎഫ് വിജയിക്കും. എല്‍ഡിഎഫിന്റെ അഞ്ചു സീറ്റുകള്‍ പേമെന്റ് സീറ്റുകളാണെന്ന ആരോപണത്തിന് ഇതുവരെ മറുപടി പറയാന്‍ പോലും നേതാക്കള്‍ക്കു കഴിഞ്ഞിട്ടില്ല. ഞാന്‍ പേമെന്റ് സീറ്റിലല്ല എന്നു സ്ഥാനാര്‍ഥികള്‍ക്കു വാദിക്കേണ്ട അവസ്ഥയായി. എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു മണ്ഡലത്തില്‍ ആകെ പരിചയമുള്ള ഒരാള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.വി. തോമസ് ആണ്. നരേന്ദ്ര മോദിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നതു കോര്‍പറേറ്റുകളും അവരുടെ നിയന്ത്രണത്തിലുള്ള ചില മാധ്യമങ്ങളുമാണ്.

തിരഞ്ഞെടുപ്പു കഴിയുന്നതോടെ ആ ധാരണ തിരുത്തേണ്ടിവരുമെന്നും രമേശ് പറഞ്ഞു. യുഡിഎഫിലെ സ്ഥാനാര്‍ഥിനിര്‍ണയം ഇത്ര സുഗമമായി നടക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഖദറിട്ടവരോടാണു സിപിഎമ്മിന് ഇപ്പോള്‍ താല്‍പര്യം. കോണ്‍ഗ്രസുകാര്‍ സൂക്ഷിച്ചു നടന്നില്ലെങ്കില്‍ സിപിഎം പിടിച്ചു സ്ഥാനാര്‍ഥിയാക്കും. തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ എനിക്കു പോലും പരിചയമില്ല. അദ്ദേഹത്തിന്റെ ജനസേവന പശ്ചാത്തലം എന്താണെന്നറിയില്ല.

വംശഹത്യയ്ക്കു നേതൃത്വം നല്‍കിയവരെ രാജ്യം ഭരിക്കാന്‍ ജനം അനുവദിക്കില്ല. നരേന്ദ്ര മോദിയെയും ഉമ്മന്‍ ചാണ്ടിയെയും ഒരു വേദിയില്‍ അണിനിരത്തി ഭരണനേട്ടങ്ങള്‍ വിലയിരുത്തിയാല്‍ മോദി തോറ്റമ്പും. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ യുപിഎ തോല്‍ക്കുമെന്നു പ്രചരിപ്പിച്ച രാഷ്ട്രീയ ജ്യോല്‍സ്യന്മാര്‍ ഇത്തവണയും അതേ ഗതികേടിലാകുമെന്നും സുധീരന്‍ പറഞ്ഞു. സോളമന്‍ അലക്‌സ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, കെ. മുരളീധരന്‍ എംഎല്‍എ, ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ എന്നിവര്‍ പ്രസംഗിച്ചു.