UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

യുവസംരംഭകര്‍ക്കായി ബജറ്റിന്റെ ഒരു ശതമാനം നീക്കിവെക്കും

യുവസംരംഭകര്‍ക്കായി ബജറ്റിന്റെ ഒരു ശതമാനം നീക്കിവെക്കും

തിരുവനന്തപുരം: യുവസംരംഭകര്‍ക്കായി വാര്‍ഷിക ബജറ്റിന്റെ ഒരു ശതമാനം തുക നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംസ്ഥാനത്തെ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും തൊഴില്‍ അന്വേഷകരില്‍ നിന്ന് തൊഴില്‍ദാതാക്കളാക്കി മാറ്റുന്ന സര്‍ക്കാരിന്റെ സ്വയംസംരംഭകത്വ പരിപാടിയുടെ ഭാഗമായാണ് വര്‍ഷം തോറും 500 കോടിക്ക് മുകളിലുള്ള തുക ഇങ്ങനെ നീക്കിവെക്കുന്നത്. സ്വയംസംരംഭകത്വ പരിപാടിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച സ്‌കൂള്‍/കോളേജ് വിദ്യാര്‍ഥികളെ ഗൂഗ്ള്‍ ഹാങ്ഔട്ടിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഇന്ത്യയില്‍ ആദ്യമായാണ് ഇപ്രകാരം ബജറ്റിന്റെ ഗണ്യമായൊരു വിഹിതം യുവസംരംഭകര്‍ക്കായി നീക്കിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണം ഉപഹാരമായിട്ടാണ് ഇത് യുവാക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐ.ടി, ടെലിഫോണ്‍ മേഖലകളിലാണ് നൂതന ആശയങ്ങളുമായി യുവാക്കള്‍ എത്തിയത്. ഇത് കൃഷി, ആരോഗ്യം, സിനിമ, ടൂറിസം ഇങ്ങനെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കും. യുവസംരംഭകര്‍ക്ക് ആശങ്ങള്‍ പങ്കുവെക്കാനായി സംസ്ഥാനത്തെ എല്ലാ കോളജുകളിലും എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ക്ലബ്ബുകള്‍ തുടങ്ങും. 

കളമശ്ശേരിയില്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ മാത്രം ഐ.ടി/ടെലികോം മേഖലയില്‍ ആയിരത്തില്പരം നൂതന ആശയങ്ങളാണ് എത്തിയത്. ഇത് കൃഷി, വിനോദസഞ്ചാരം, ക്ഷീരമേഖല, കല-സംസ്‌കാരം എന്നിങ്ങനെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സംരംഭകത്വദിനമായി സപ്തംബര്‍ 12 ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ 150 മീറ്റര്‍ നീളത്തില്‍ സ്റ്റാര്‍ട്ട്അപ്പ് ഭിത്തി സജ്ജീകരിച്ചിരുന്നു.

2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

20 ലക്ഷം വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി സംവാദത്തിന്‌

20 ലക്ഷം വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി സംവാദത്തിന്‌

തിരുവനന്തപുരം: സാങ്കേതിക കേരളത്തിന് പുതിയ മാനം നല്‍കിക്കൊണ്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 20 ലക്ഷം വിദ്യാര്‍ഥികളുടെ വിരല്‍ത്തുമ്പിലേക്ക് നേരിട്ടെത്തുന്നു. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ ഐടി വകുപ്പു മന്ത്രി ശ്രീ പി.കെ.കുഞ്ഞാലിക്കുട്ടിയും പരിപാടിയില്‍ പങ്കുചേരും. 

കേരളത്തിലെ യുവാക്കളുടെ സംരംഭകത്വശേഷിയും ശക്തിയും ഒര്‍മപ്പെടുത്തുന്നതിനായി സപ്തംബര്‍ 12ന് നടത്തുന്ന സംരംഭകത്വ ദിനാചാരണത്തിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് സംവദിക്കുക. ഗുഗിള്‍ പ്ലസ് നല്‍കുന്ന ചാറ്റ് സേവനമായ 'ഹാങ് ഔട്ട്' ഉപയോഗിച്ചാണിത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പരിപാടി. 

ഭാവിയില്‍ തൊഴിലന്വേഷകരാകാതെ തൊഴില്‍ദാതാക്കളായി മാറാന്‍ കേരളത്തിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ പ്രോത്‌സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംരംഭകത്വ ദിനാചാരണം.

സംരംഭകത്വ നയവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ഭാവിപരിപാടികളെപ്പറ്റിയും തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ യുവാക്കളെ പിന്തുണയ്ക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെപ്പറ്റിയും മുഖ്യമന്ത്രി വിശദീകരിക്കും. 

യുട്യൂബിലൂടെയും (www.youtube.com/oommenchandykerala)  'ഹാംഗ്ഔട്ട് ഓണ്‍ എയ'റിലൂടെയും മുഖ്യമന്ത്രിയുടെ സന്ദേശം തല്‍സമയം സംപ്രേഷണം ചെയ്യും. ക്യാംപസുകളില്‍ ഇത് ലൈവായി പ്രദര്‍ശിപ്പിക്കാന്‍ കോളജുകള്‍ക്കും സ്‌ക്കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കംപ്യൂട്ടറോ മൊബൈല്‍ഫോണോ കൈവശമുള്ളവര്‍ക്ക് കേരളത്തിന്റെ ആദ്യ സംരംഭകത്വ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം നേരിട്ട് കാണാനും കേള്‍ക്കാനും സാധിക്കും. 
 

2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ ശക്തി

ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ ശക്തി -ഉമ്മന്‍ചാണ്ടി

 

മേഴ്‌സിരവിയുടെ 4-ാം ചരമവാര്‍ഷികം ആചരിച്ചു 
കോട്ടയം: ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും അതുണ്ടാക്കിയെടുക്കാന്‍ ജനപ്രതിധികള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള അകലവും അവിശ്വാസവും വര്‍ദ്ധിക്കുന്നതാണ് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേഴ്‌സിരവിയുടെ നാലാം ചരമവാര്‍ഷികദിനമായ വ്യാഴാഴ്ച മേഴ്‌സിരവി ഫൗണ്ടേഷന്‍, മാമ്മന്‍മാപ്പിള ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ആത്മാര്‍ത്ഥതയില്ലെന്ന തോന്നലാണ് ജനങ്ങള്‍ക്ക് അവരോട് അകല്‍ച്ചയുണ്ടാക്കുന്നത്. മേഴ്‌സിരവി അക്കാര്യത്തില്‍ തികച്ചും വ്യത്യസ്തയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കോട്ടയത്തിന്റെ എം.എല്‍.എ. ആയിരുന്നപ്പോള്‍ മണ്ഡലത്തിന്റെ വികസനകാര്യത്തിലും ജനകീയപ്രശ്‌നങ്ങളിലും അവര്‍ കാണിച്ച ആത്മാര്‍ത്ഥത എല്ലാവരും അംഗീകരിച്ചതാണ്. എറണാകുളത്തുനിന്ന് വന്ന മേഴ്‌സി, ജയിച്ചുകഴിഞ്ഞാല്‍ എറണാകുളത്തേക്ക് പോകുമെന്ന് എതിരാളികള്‍ ആക്ഷേപിച്ചിരുന്നു. പക്ഷേ, എം.എല്‍.എ. എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനം കണ്ടതോടെ എതിരാളികള്‍ക്ക് നാവുപൊങ്ങിയില്ല. തികഞ്ഞ ആത്മാര്‍ത്ഥതയോടെ തന്‍േറതായ ശൈലിയില്‍ പ്രവര്‍ത്തിച്ച് വിജയിച്ച വ്യക്തിയായിരുന്നു മേഴ്‌സിരവിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മേഴ്‌സിരവി ഫൗണ്ടേഷന്‍ ചെയര്‍മാനും 'മാതൃഭൂമി' മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 
 

2013, സെപ്റ്റംബർ 4, ബുധനാഴ്‌ച

വനവത്കരണത്തിന് വനംവകുപ്പ് ആറു ലക്ഷം തൈകള്‍ നല്‍കും

അമൃതവര്‍ഷം 60: വനവത്കരണത്തിന് വനംവകുപ്പ് ആറു ലക്ഷം തൈകള്‍ നല്‍കും

 

 


തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠം നടത്തുന്ന വനവത്കരണ പരിപാടിയില്‍ കേരളത്തില്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള ആറു ലക്ഷം വൃക്ഷത്തൈകള്‍ വനംവകുപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ബഹുജനപങ്കാളിത്തത്തോടെ ഒരു വര്‍ഷംകൊണ്ട് രാജ്യത്താകമാനം നടപ്പാക്കാനുദ്ദേശിക്കുന്ന വനവത്കരണ പരിപാടിയുടെ ഉദ്ഘാടനം ക്ലിഫ്ഹൗസില്‍ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി നിര്‍വഹിച്ചു. 

ഒരു വര്‍ഷം കൊണ്ട് രാജ്യത്താകെ 60 ലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് മഠം ലക്ഷ്യമിടുന്നത്. ഇതിന്റെ പത്തിലൊന്ന് കേരളത്തില്‍ മാത്രം നട്ടുപിടിപ്പിക്കും. ഇതിനാവശ്യമായ ആദ്യത്തെ ഒന്നേമുക്കാല്‍ ലക്ഷം തൈകള്‍ എത്രയും പെട്ടെന്ന് കൈമാറുമെന്നും തുടര്‍ന്ന് ഓരോ മാസവും 50,000 തൈകള്‍ വീതം മഠത്തിനു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ജൂണ്‍മാസത്തോടുകൂടി മുഴുവന്‍ വൃക്ഷത്തൈകളും നല്‍കും.

പ്രകൃതിയോട് പൂര്‍ണമായും നീതിപുലര്‍ത്തി നടത്തുന്ന പ്രകൃതിസംരക്ഷണ പ്രവര്‍ത്തനമാണിത്. അതുകൊണ്ടുതന്നെ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് മഠം നടത്തുന്ന ഈ പരിപാടി ഏറെ പ്രശംസനീയമാണ്. അമൃതാനന്ദമയി മഠം നടത്തിവരുന്ന സാമൂഹികസേവന പരിപാടികളില്‍ അവസാനത്തെ ഉദാഹരണമാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിനുവേണ്ടി പതിറ്റാണ്ടുകളായി അമ്മയുടെ ഭക്തര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനത്തെപ്പറ്റി ലോകത്തെ ഓര്‍മിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അമൃതപുരി ആശ്രമം പ്രതിനിധി സ്വാമി ജ്ഞാനാമൃതാനന്ദപുരി പറഞ്ഞു. കൈമനം ആശ്രമത്തിലെ ബ്രഹ്മചാരി ശിവാമൃത ചൈതന്യ, അമൃതപുരി ആശ്രമത്തിലെ ബ്രഹ്മചാരി തപസ്യാമൃത ചൈതന്യ, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി.എസ്. കോറി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജയകുമാര്‍ ശര്‍മ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. 
 

2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

സംസ്ഥാനത്ത് നടപ്പാക്കുന്നത് അടിസ്ഥാന പുരോഗതി ഉറപ്പുവരുത്തുന്ന പദ്ധതികള്‍

സംസ്ഥാനത്ത് നടപ്പാക്കുന്നത് അടിസ്ഥാന പുരോഗതി ഉറപ്പുവരുത്തുന്ന പദ്ധതികള്‍ -മുഖ്യമന്ത്രി

സംസ്ഥാനത്ത് നടപ്പാക്കുന്നത് അടിസ്ഥാന പുരോഗതി ഉറപ്പുവരുത്തുന്ന പദ്ധതികള്‍ -മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന പദ്ധതികളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.എസ് സിന്ധുരക്ഷകിലെ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.
സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വരാന്‍ അടിസ്ഥാന സൗകര്യ വികസനം കൂടിയേ തീരു. ഇക്കാര്യം മുന്നില്‍ കണ്ടാണ് സ്മാര്‍ട് സിറ്റി, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. സ്വാതന്ത്ര്യം അതിന്‍്റെ പൂര്‍ണ അര്‍ഥത്തില്‍ അനുഭവിക്കണമെങ്കില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തോടൊപ്പം രാഷ്ട്രീയ സ്വാതന്ത്ര്യവും കൂടി വേണം.
അനാവശ്യ വിവാദങ്ങള്‍ ഒന്നും നേടിത്തരില്ളെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രായോഗികമായ പരിപാടികളുമായി മുന്നോട്ടുപോവണം.

അട്ടപ്പാടിയിലെ ആദിവാസി പ്രശ്നങ്ങളും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ടിന്‍െറ പ്രായോഗികമായ എല്ലാ ശിപാള്‍ശകളും നടപ്പിലാക്കും.
അട്ടപ്പാടിയില്‍ മോഡല്‍ റസിഡന്‍സ് സ്കൂള്‍ തുടങ്ങും. അട്ടപ്പാടിയില്‍ അഹാര്‍ഡ്സിനെ പുനരുജ്ജീവിപ്പിക്കും.

സംസ്ഥാനത്തെ ഒരു ലക്ഷം പാവങ്ങള്‍ക്ക് മൂന്നു സെന്‍്റ് സ്ഥലം നല്‍കുന്ന പദ്ധതി നടപ്പാക്കും.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകളും ജീവന്‍ രക്ഷാ പതക്കും മുഖ്യമന്ത്രി സമ്മാനിച്ചു.

2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി
പ്രതിപക്ഷത്തോട് 13 ചോദ്യങ്ങള്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ സര്‍ക്കാറിന് എന്തെങ്കിലും നഷ്ടമുണ്ടായെന്നു ബോധ്യപ്പെടുത്തുകയോ, സര്‍ക്കാറിന്‍െറ ഏതെങ്കിലും ആനുകൂല്യം നല്‍കിയെന്ന് വെളിപ്പെടുത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ നടത്തുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു.
താന്‍ ഉന്നയിക്കുന്ന താഴെപ്പറയുന്ന 13 ചോദ്യങ്ങള്‍ക്ക് ഇടതുപക്ഷം മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
1.പിടിച്ചെടുക്കല്‍ സമരത്തിലൂടെ മൂന്നേകാല്‍ കോടി ജനങ്ങളുടെ ജീവിതപ്രശ്നം കൈകാര്യം ചെയ്യുന്ന സെക്രട്ടേറിയറ്റിനെ ബന്ദിയാക്കി സര്‍ക്കാറിനെ അട്ടിമറിക്കുകയല്ളേ പ്രതിപക്ഷത്തിന്‍െറ ലക്ഷ്യം?
2. സെക്രട്ടേറിയറ്റ് നിശ്ചലമാകുമ്പോള്‍, കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം ഉള്‍പ്പെടെ ഓണത്തിന് സ്വീകരിക്കേണ്ട നടപടികള്‍, ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം സ്തംഭിപ്പിക്കാനല്ളേ പ്രതിപക്ഷം ശ്രമിക്കുന്നത്?
3.കേരളം ഏറ്റവും രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍, സര്‍വകക്ഷിസംഘം ദല്‍ഹിക്കു പോകാമെന്ന പ്രതിപക്ഷ നേതാവിന്‍െറ നിര്‍ദേശം പോലും അട്ടിമറിച്ച് സെക്രട്ടേറിയറ്റ് പിടിച്ചടക്കല്‍ സമരത്തിന് കൊണ്ടുപിടിച്ച തയാറെടുപ്പ് നടത്തിയത് ജനകീയപ്രശ്നങ്ങളെയും ജനകീയ ആവശ്യങ്ങളെയും തൃണവത്കരിക്കുന്ന സമീപനമല്ളേ?
4. സമരചരിത്രത്തില്‍ ഇതാദ്യമായി സെക്രട്ടേറിയറ്റിന്‍െറ എല്ലാ ഗേറ്റുകളും അടപ്പിച്ച് ഒരാളെപ്പോലും കയറ്റില്ളെന്ന് പ്രഖ്യാപിച്ചത് ജനങ്ങളോടും ജനാധിപത്യവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയല്ളേ?
5.കുടുംബശ്രീ സമരം, രാപകല്‍ സമരം, ഭൂസമരം, പങ്കാളിത്ത പെന്‍ഷന്‍ സമരം തുടങ്ങിയവയെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിലല്ളേ, സര്‍ക്കാറിനെ ലക്ഷം പേരെവെച്ച്വളഞ്ഞുവീഴ്ത്താന്‍ ശ്രമിക്കുന്നത്? തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷവും ഭരണഘടനയുമെല്ലാം അതോടെ അപ്രസക്തമാകില്ളേ?
6.ഏകാധിപതികളെയും പട്ടാളമേധാവികളെയും നിഷ്കാസനം ചെയ്യാന്‍ ലോകത്തിന്‍െറ പല ഭാഗങ്ങളിലും നടക്കുന്ന സമരമുറയല്ളേ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കാന്‍, ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്?
7.സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന്‍ പ്രതിപക്ഷം കെട്ടഴിച്ചുവിട്ട ആരോപണങ്ങളില്‍ ഒരെണ്ണമെങ്കിലും തെളിയിക്കാന്‍ സാധിച്ചോ? ഒരു രൂപപോലും സര്‍ക്കാറിന് നഷ്ടപ്പെടാത്ത സോളാര്‍ കേസിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് ലാവലിന്‍ കേസില്‍ 374 കോടി സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയെന്നു സി.ബി.ഐ കണ്ടത്തെിയ കേസിലെ പ്രതിയാണ് എന്നത് എന്തൊരു വിരോധാഭാസമാണ്?
8. 2008ല്‍ ആരംഭിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഇടതുഭരണത്തില്‍ 14 കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും മൂന്നു വര്‍ഷത്തിനുള്ളില്‍ അതിന്മേല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ സംഭവം ഉണ്ടായ ഉടനേ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും വെറും രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുകയും ചെയ്തത് തട്ടിപ്പുകാരോട് രണ്ട് സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന സമീപനത്തിന്‍െറ മാറ്റുരക്കുന്നതല്ളേ?
9. ആഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍െറ സംസ്ഥാനതല പരിപാടികള്‍ നടക്കേണ്ടത് സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്. സമരംമൂലം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്‍െറ ശോഭകെട്ടാല്‍ നമ്മുടെ നാടിന് എന്തൊരു നാണക്കേടായിരിക്കും അത്?
10. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നടിയുമെന്ന് സൂചന ലഭിച്ചതിന്‍െറ പശ്ചാത്തലത്തില്‍ മാത്രമല്ളേ പ്രാകൃതമായ ഈ സമരം അരങ്ങേറുന്നത്?
11. പത്തുകോടി തട്ടിച്ച സോളാര്‍ സംഭവത്തിനെതിരേ നടത്തുന്ന സമരത്തിന് ഒരു ലക്ഷം പേരെ തിരുവനന്തപുരത്ത് വിളിച്ചിരിക്കുകയാണ്. ഇതിന് ഒരു ദിവസം എത്ര കോടി ചെലവുവേണ്ടിവരുമെന്ന് സി.പി.എം വെളിപ്പെടുത്തുമോ?
12. ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിക്കാതിരിക്കുകയും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കില്ളെന്ന് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ എന്തിനുവേണ്ടിയാണ് ഈ സമരം?
13. ഒരാളെപ്പോലും സെക്രട്ടേറിയറ്റില്‍ കയറ്റില്ളെന്നും മുഖ്യമന്ത്രി രാജിവെയ്ക്കാതെ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിപ്പിക്കുകയില്ളെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താനും ഭരണസ്തംഭനം ഒഴിവാക്കാനും പ്രവര്‍ത്തിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ളേ? ജനാധിപത്യവ്യവസ്ഥയില്‍ അനുവദനീയമായ പ്രതിഷേധത്തിലും സമരത്തിലും ഇടപെട്ടാല്‍ അത് വീഴ്ചയായി ജനം കാണും. അനുവദനീയമായതിന് അപ്പുറത്തേക്കുപോയി ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടും ഇടപെട്ടില്ളെങ്കില്‍ വലിയ വീഴ്ചയായി ജനം കാണില്ളേ?

2013, ജൂലൈ 25, വ്യാഴാഴ്‌ച

വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കാന്‍ കണ്‍സോര്‍ഷ്യം

വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കാന്‍ കണ്‍സോര്‍ഷ്യം
തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം വിനിയോഗിക്കാനായി സംസ്ഥാനത്ത് ഒരു കണ്‍സോര്‍ഷ്യം രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സാം പിട്രോഡ മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പത്ത് നിര്‍ദേശങ്ങളില്‍ ഒന്നാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്ത മാതൃകയിലായിരിക്കും കണ്‍സോര്‍ഷ്യം ഓഫ് റിട്ടയേഡ് എക്‌സ്‌പേര്‍ട്‌സ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് (സി.ആര്‍ .ഇ.ഡി) ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ വകുപ്പ് മന്ത്രിയായിരിക്കും കണ്‍സോര്‍ഷ്യത്തിന്റെ ചെയര്‍മാന്‍ . വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനായിരിക്കും. എട്ടംഗ ഡയറക്ടര്‍ ബോര്‍ഡും ഉണ്ടാകും. കണ്‍സോര്‍ഷ്യം രൂപവത്കരിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ വിദശദമായി ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മാണ പദ്ധതിക്കുവേണ്ടി ഹഡ്‌കോയില്‍ നിന്ന് 150 കോടി രൂപ വായ്പയെടുക്കാന്‍ തീരദേശ വികസന കോര്‍പ്പറേഷനെ മന്ത്രിസഭ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍ : 
കൊച്ചി ബോള്‍ഗാട്ടിയിലെ നിര്‍ദിഷ്ട ലുലു എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കും. തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ 61 താത്കാലിക ജീവനക്കാരെ 2000 ആഗസ്ത് മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ സ്ഥിരപ്പെടുത്തും. വയനാട് ജില്ലയിലെ മുട്ടിലില്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും ഇല്ലാത്ത കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് സ്‌പെഷ്യല്‍ സ്‌കൂളിന് എയ്ഡഡ് പദവി നല്‍കും. നഗരാസൂത്രണ വിഭാഗത്തിലെ വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്താന്‍ 16 തസ്തികകള്‍ സൃഷ്ടിക്കും. ചീഫ് ടൗണ്‍ പഌനിങ് ഓഫീസറുടെ പദവിയുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും വിജിലന്‍സ് വിഭാഗം മേധാവി. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ മാധ്യമ ശിക്ഷക് അഭിയാന്‍ (ആര്‍ .എം.എസ്.എ) പ്രകാരം അഞ്ചു ജില്ലകളിലെ 30 സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി. ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കാസര്‍ക്കോട് ജില്ലകളിലെ സ്‌കൂളുകളാണിത്. പെരുമ്പാവൂരിലെ പാറമട ദുരന്തത്തിലും ചാവക്കാട് തിരയില്‍ പെട്ടും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും.

രാജിയില്ല; ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടില്ല

രാജിയില്ല; ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടില്ല

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ രാജിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഹൈക്കോടതിയില്‍ നിന്നും തനിക്കെതിരെ പരാമര്‍ശമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ എന്തെങ്കിലും പറയുന്നത് കേട്ട് രാജിവയ്ക്കില്ല. പി.സി ജോര്‍ജ് എന്തുകൊണ്ട് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കുന്നില്ല. തന്നെ രാജി സന്നദ്ധത അറിയിട്ടില്ല. രാജിവയ്ക്കണമോ എന്നത് അവരുടെ കാര്യമാണ്. ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങളില്‍ തനിക്ക് കുഴപ്പമില്ല. ജോര്‍ജ് തുടരുന്നതില്‍ തനിക്ക് ബുദ്ധിമിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

കോടതി പറഞ്ഞുവെന്ന് നിങ്ങള്‍ പറയുന്നത് ​കുരുവിളയുടെ കേസുമായി ബന്ധപ്പെട്ടാണ്. കുരുവിളയുടെ കേസില്‍ തനിക്കോ സര്‍ക്കാരിനോ ഒന്നും മറച്ചുവയ്ക്കാനില്ല. പണം തട്ടിച്ച കേസില്‍ കുരുവിളയ്ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. കുരുവിള ആരോപിക്കുന്ന പോലെ ആന്‍ഡ്രൂസ് എന്ന ഒരു ബന്ധു തനിക്കില്ല. തന്റെ സ്റ്റാഫില്‍ ഡെല്‍ജിത്ത് എന്നൊരംഗമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തന്റെ സഹോദരന്റെ മക്കള്‍ അനില്‍ അലക്‌സും അജയ് ജേക്കബുമാണ്. അനില്‍ തന്നെയാണോ ആന്‍ഡ്രൂസ് എന്ന് ഇപ്പോള്‍ പറയുന്നു. കുരുവിള പറഞ്ഞ പ്രതികളെയെല്ലാം അറസ്റ്റു ചെയ്തു. എന്നാല്‍ അവര്‍ പറയുന്നത് മറ്റൊരു കഥയാണ്. കുരുവിള പറയുന്നത് ശരിയല്ലെന്ന് അന്വേഷണ സംഘത്തിന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതിനാല്‍ താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

കോടതിയില്‍ നിന്നുള്ള പരാമര്‍ശം മാധ്യമങ്ങള്‍ പറയുന്നതു പോലെയല്ല. മാധ്യമ റിപ്പോര്‍ട്ടുകളുടെ പേരില്‍ രാജിയില്ല. കോടതിയില്‍ നിന്നുള്ള പരാമര്‍ശം അഡ്വക്കേറ്റ്‌സ് ജനറലും മറ്റും തന്നെ അറിയിച്ചിട്ടുണ്ട്. കോടതിയെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് താന്‍. ചിലരെ പോലെ അനുകൂല വിധി വരുമ്പോള്‍ കോടതിയെ മാനിക്കുകയും പ്രതികൂലമാകുമ്പോള്‍ കോടതിക്കെതിരെ സമരം നടത്തുകയും ചെയ്യുന്ന രീതി തനിക്കില്ല. എന്നും ഒരേ നിലപാടാണ് തനിക്ക്. മാധ്യമങ്ങള്‍ തെറ്റായ റിപ്പോര്‍ട്ട് ആണ് നല്‍കിയതെങ്കില്‍ അതിനെതിരെ കോടതിയെ സമീപിക്കുമോ എന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞു. എന്നാല്‍ മാധ്യമവാര്‍ത്തകളുടെ പിന്നാലെ നടക്കാന്‍ തനിക്ക് സമയമില്ല. കോടതിയില്‍ എന്നും കേസുകള്‍ വരും. അതിനെല്ലം പ്രതികരിക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രിക്ക് പിന്തുണ ലഭിച്ചതായാണ് സൂചന. മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. മന്ത്രിസഭയില്‍ നേതൃമാറ്റം വേണ്ടെന്ന നിലപാട് മുസ്ലീം ലീഗ് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം തൃപ്തികരമാണ്.

2013, ജൂലൈ 22, തിങ്കളാഴ്‌ച

അഭിപ്രായം പറഞ്ഞത് അട്ടപ്പാടി നേരിട്ട് കണ്ടശേഷം

അട്ടപ്പാടി: അഭിമുഖം വളച്ചൊടിച്ചതായി മുഖ്യമന്ത്രി

അട്ടപ്പാടി: അഭിമുഖം വളച്ചൊടിച്ചതായി മുഖ്യമന്ത്രി

അട്ടപ്പാടിയിലെ പ്രശ്നം നേരിട്ട് കണ്ടാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ അവിടത്തുകാര്‍ പറഞ്ഞ അഭിപ്രായം ഉള്‍ക്കൊണ്ടാണ് പ്രസ്താവന നടത്തിയത്.

ഫയല്‍ നോക്കി കാര്യങ്ങള്‍ ചെയ്യുന്ന മുഖ്യമന്ത്രിയല്ല താന്‍, കാര്യങ്ങള്‍ ഫീല്‍ഡിലിറങ്ങി മനസ്സിലാക്കി ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ആളാണ്. അട്ടപ്പാടിയിലെ പ്രശ്നം ഒറ്റദിവസം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ. തന്‍െറ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത മാധ്യമങ്ങളോട് സഹതാപമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയില്‍ ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നുണ്ട്.
അത് അവര്‍ കഴിക്കുന്നില്ളെന്ന് വ്യക്തമായി. റാഗി വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് റാഗി സംഭരിക്കാതിരുന്നിട്ടുപോലും എഫ്.സി. ഐ റാഗി ശേഖരിച്ച് സൗജന്യമായി നല്‍കാന്‍ നിര്‍ദേശം നല്‍കി. അത് പാചകം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് റാഗി പാചകം ചെയ്ത് കൊടുക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയില്‍ പോഷകാഹാരം നല്‍കിയിട്ടും ആദിവാസികള്‍ കഴിക്കുന്നില്ളെന്ന് മുഖ്യമന്ത്രി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 


സര്‍ക്കാര്‍ ആസ്‌പത്രികള്‍വഴി ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കും

സര്‍ക്കാര്‍ ആസ്‌പത്രികള്‍വഴി ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കും - മുഖ്യമന്ത്രി

 

കോട്ടയം:അടുത്ത മാര്‍ച്ച് 31നുള്ളില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആസ്​പത്രികളിലും ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ച്, ജില്ലാ ആസ്​പത്രിക്കുസമീപം ആരംഭിച്ച ന്യായവില മെഡിക്കല്‍ സ്റ്റേറിന്റെയും ലബോറട്ടറിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി 150 കോടിയോളം രൂപ വേണം. ഇതില്‍ 100 കോടി ബിവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവില്‍നിന്ന് ഒരുശതമാനം കണക്കാക്കി ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറിക് മരുന്നുകളില്‍ കവറിനുപുറത്ത് നിര്‍മ്മാണകമ്പനിയുടെ പേരുണ്ടാവില്ല. മരുന്നിന്റെ രാസനാമംമാത്രമേ ഉണ്ടാവുകയുള്ളൂ. 

യു.എന്‍.പൊതുസേവന പുരസ്‌കാരം നേടിയ മുഖ്യമന്ത്രിക്കുള്ള റെഡ്‌ക്രോസ് സൊസൈറ്റിയുടെ ഉപഹാരം ചെയര്‍മാന്‍ അഡ്വ. സുനില്‍ സി. കുര്യന്‍ സമ്മാനിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫില്‍സണ്‍ മാത്യൂസ്, തോമസ് ചാഴികാടന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിന്‍സി പാറയില്‍ എന്നിവര്‍ സംബന്ധിച്ചു. റെഡ്‌ക്രോസ് ചെയര്‍മാന്‍ അഡ്വ. സുനില്‍ സി. കുര്യന്‍ സ്വാഗതവും സെക്രട്ടറി ഫാ. ബിനോ ഫിലിപ്പ് നന്ദിയും പറഞ്ഞു.