UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം ചേരില്ലെന്നു മുഖ്യമന്ത്രി

കൊച്ചി/കോട്ടയം: കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ക്കു സ്വീകാര്യമായ രീതിയില്‍ പ്രശ്‌നപരിഹാരത്തിനാണു ശ്രമം. ആവശ്യമെങ്കില്‍ ഇരുവിഭാഗവുമായും സര്‍ക്കാര്‍ നേരിട്ടു ചര്‍ച്ച നടത്തും.

പുതിയ നിര്‍ദേശങ്ങള്‍ പലതുമുണ്ടെങ്കിലും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരുമായി ചര്‍ച്ചയ്‌ക്കുശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്‌, മന്ത്രി കെ. ബാബു, ബെന്നി ബഹനാന്‍ എം.എല്‍.എ, ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ഖ് പരീത്‌, ഐ.ജി: ആര്‍. ശ്രീലേഖ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇരുവിഭാഗത്തിനും തുല്യനീതി ഉറപ്പാക്കും. പ്രശ്‌നം എത്രയും പെട്ടെന്നു പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ചര്‍ച്ചയിലുയര്‍ന്ന നിര്‍ദേശങ്ങള്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളെ അറിയിച്ചു മറുപടി വാങ്ങാന്‍ കലക്‌ടറെ ചുമതലപ്പെടുത്തി. സഭാതര്‍ക്കത്തില്‍ സര്‍ക്കാരിനു വ്യക്‌തമായ നിലപാടും കാഴ്‌ചപ്പാടുമുണ്ട്‌.

സമരം നിര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കില്ല. അങ്ങനെ വന്നാല്‍ പ്രശ്‌നം ഗുരുതരമാകാനാണു സാധ്യത. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ആ നിലയ്‌ക്കാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം തന്റെ വീട്ടിലേക്കു നടത്തിയ മാര്‍ച്ചിനെ കാണുന്നതെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്തു പറഞ്ഞു.

എറണാകുളത്ത്‌ മുന്‍കൂട്ടി നിശ്‌ചയിച്ച പരിപാടിയുള്ളതിനാലാണു പ്രതിഷേധക്കാര്‍ വീട്ടിലേക്കു വരുന്നതിനുമുമ്പു പോകേണ്ടിവന്നത്‌. പകരം പരാതി സ്വീകരിക്കാന്‍ തന്റെ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

യെവന്‍ പുലി തന്നെ

മധ്യരേഖ

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമൂഴം നൂറുദിനം പൂര്‍ത്തിയാക്കിയപ്പോള്‍ ചെയ്യാമെന്നു പറഞ്ഞതിലേറെ ചെയ്തുവെന്ന സംഗതി ശത്രുക്കളും സമ്മതിക്കും. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി ഞാന്‍ കാണുന്നത് മന്ത്രിസഭ തന്‍േറതാണ് എന്ന ധാരണ ഉറപ്പിക്കുന്നതോടൊപ്പം ഷിബുവിനെയും ഗണേശനെയും പോലും തനിക്ക് തുല്യരായി അംഗീകരിക്കുന്ന പാര്‍ലമെന്‍ററി സമ്പ്രദായത്തിലുള്ള വിശ്വാസത്തിന് അടിവരയിടാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞുവെന്നതാണ്.
കഴിഞ്ഞ ഇ.ജ.മു. മന്ത്രിസഭയുടെ പ്രധാനദോഷം വീയെസ് നല്ല മുഖ്യമന്ത്രിയായി വളര്‍ന്നില്ല എന്നതാണ്. ആദര്‍ശമാണ് വീയെസിനെ രാഷ്ട്രീയത്തില്‍ എത്തിച്ചതും പാര്‍ലമെന്‍ററി വ്യാമോഹത്തിന് അടിമപ്പെട്ട കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കപ്പുറം രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയതും. മറ്റൊരുതരത്തില്‍ കാലനിര്‍ണയം നടത്തിയാല്‍ ഗൗരിയമ്മയുടെ സാന്നിധ്യം ചമച്ച വന്‍മതില്‍ ഒഴിവാകുകയും മുഖ്യമന്ത്രിസ്ഥാനം എത്തിപ്പിടിക്കാമെന്ന് തോന്നിത്തുടങ്ങുകയും ചെയ്തിടത്താണ് വീയെസിന്‍െറ ആദര്‍ശധീരതക്ക് ഭീഷണി തുടങ്ങിയത്. കക്ഷത്തിലിരിക്കുന്നതുംവേണം ഉത്തരത്തിലിരിക്കുന്നതും വേണം എന്ന ചിന്തകൂടെ ആയപ്പോള്‍ വീയെസ് വിഭാഗീയതയുടെ പ്രധാനാചാര്യനായി. അതുകൊണ്ടാണ് വീയെസിന് നല്ല മുഖ്യമന്ത്രി എന്ന് തെളിയിക്കാനാവാതെ പോയത്.
ഈയെമ്മെസ് മുതല്‍ കേരളം കണ്ട എല്ലാ മുഖ്യമന്ത്രിമാരും ഒന്നല്ളെങ്കില്‍ മറ്റൊരുതരത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. വീയെസാകട്ടെ മുഖ്യമന്ത്രിമാരുടെ നിരയില്‍ ശേഷം മുഖ്യമന്ത്രിമാര്‍ക്ക് കണ്ണ് കിട്ടാതിരിക്കാനുള്ള കോലം പോലെയാണ് ചരിത്രത്തില്‍ അവശേഷിക്കുക. ക്ഷുഭിതയൗവനവും ആദര്‍ശധീരതയും നഷ്ടപ്പെട്ടതോടെ വീയെസിന്‍െറ അപചയത്തിന് പരസഹായം ആവശ്യമില്ലാതായി.
വീയെസിന്‍െറ ഈ പരാജയം മാധ്യമങ്ങളും കോണ്‍ഗ്രസിലെ ബുദ്ധിജീവികളും മൂടിവെച്ചു. അതുവെറുതെയല്ല. ഗോര്‍ബച്ചേവിന് ശേഷമുള്ള നവീകരിക്കപ്പെട്ട കമ്യൂണിസത്തിന് കോണ്‍ഗ്രസുകാര്‍ പാലിച്ചില്ളെങ്കിലും പാടിപ്പുകഴ്ത്തിയ ഇടതുപക്ഷ -സോഷ്യലിസ്റ്റ് ചിന്താഗതികളോട് ഏറെ സാദൃശ്യം ഉണ്ട്. പിണറായിയും ഐസക്കും മറ്റും കേരളത്തില്‍ അതിന്‍െറ വക്താക്കളാകുമ്പോള്‍ കോണ്‍ഗ്രസിലെത്തേണ്ട കുറേപേര്‍ സീപീയെം പാളയത്തില്‍ എത്താനിടയുണ്ട്. അതിന് തടയിടാനുള്ള ഒരു മാര്‍ഗം അവരുടെ പ്രതിച്ഛായ മോശമാക്കുകയാണ്. അതിന് വീയെസിനെ ‘മലയാള മനോരമ’യും കോണ്‍ഗ്രസിലെ ബുദ്ധിജീവികളും ഉപകരണമാക്കി. കളിച്ചുകളിച്ച് കളത്തിന് പുറത്താവും എന്ന ഭീതി ജനിച്ചപ്പോള്‍ മാത്രമാണ് അവര്‍ കാല് മാറ്റി ചവിട്ടിയത്. അരുണാഭമായ അനാശാസ്യതകളെക്കുറിച്ചുള്ള കഥകള്‍ അതിനൊക്കെ എത്രയോ മുമ്പ് അന്തരീക്ഷത്തെ മലീമസമാക്കിയിരുന്നതാണ്. വളര്‍ത്തിയെടുത്തത് ഫ്രാങ്കന്‍സ്റ്റീനെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടോ തെരഞ്ഞെടുപ്പ് വന്ന് വാതില്‍ക്കല്‍ മുട്ടിയിട്ടോ ആവണം വീയെസിനെതിരെയും ആവാം ആരോപണം എന്ന തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നത്.
ഏതായാലും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‍െറ കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹത്തിനുതന്നെ ആത്മഹത്യാപരമായി ചരിത്രത്തിന്‍െറ പരിപ്രേക്ഷ്യത്തില്‍. ഒരു മുഖ്യമന്ത്രിയും കുറേ കുഞ്ഞിക്കൂനന്മാരും എന്ന മട്ടിലായിരുന്നു ഒന്നാം വാര്‍ഷികം. പിന്നെപ്പിന്നെ ഒരു ഹരിശ്ചന്ദ്രനും കുറെ കാട്ടുകള്ളന്മാരും എന്നായി. ഉമ്മന്‍ചാണ്ടിയുടെ വിജയത്തിന് തിളക്കം കൂട്ടുന്നതിന് വീയെസിന്‍െറ ശൈലി ഉപകരിച്ചു എന്നര്‍ഥം.
ഏത് ഉദ്യോഗത്തിലും മുന്‍ഗാമിയെയും പിന്‍ഗാമിയെയും കൂടെ ആശ്രയിച്ചാണ് ഇടക്കുള്ളയാള്‍ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് വീയെസിന് പിറകെ വന്ന ഉമ്മന്‍ ചാണ്ടി ധാര്‍ഷ്ട്യമില്ലാത്ത, താന്‍മാത്രം നേരസ്ഥന്‍ എന്ന് തുടങ്ങിയ നാട്യങ്ങളില്ലാത്ത, സഹപ്രവര്‍ത്തകരെ ബഹുമാനപൂര്‍വം ഒപ്പം നിര്‍ത്തുന്ന, മുന്നണിയിലും പാര്‍ട്ടിയിലും സര്‍ക്കാറിലും ഒരുപോലെ സ്വീകാര്യനായ ജനപ്രിയനായകനായി വാഴ്ത്തപ്പെടുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്‍െറ മുന്‍ഗാമിയോടുള്ള കടപ്പാട് മറന്നുകൂടാ. അച്യുതമേനോന്‍െറ പിറകെ വന്ന കരുണാകരനോ ആന്‍റണിയുടെ പിറകെ സ്ഥാനമേറ്റ ഉമ്മന്‍ചാണ്ടിക്ക് തന്നെയോ കിട്ടാതിരുന്ന സൗഭാഗ്യമാണ് ഇത് എന്ന് തിരിച്ചറിയാനുള്ള വിനയവും വിവേകവും ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരിക്കണം എന്ന് പറയാനാണ് ഇത്രയും എഴുതിയത്.
എന്നുവെച്ച് ഉ.ചാ. മോശക്കാരനൊന്നുമല്ല എന്നതിന് ചെങ്കല്‍ചൂളയാണ് സാക്ഷി. ആന്‍റണി മന്ത്രിസഭയില്‍ പയ്യനായ ഭവനനിര്‍മാണ മന്ത്രിയായിരുന്ന കാലത്ത് ഹജൂരില്‍നിന്ന് ‘യൂത്ത’ന്മാരുടെ തോളില്‍ കൈയിട്ട് ഗവണ്‍മെന്‍റ് പ്രസിന്‍െറ മുന്നിലെ മുറുക്കാന്‍കടയില്‍ നിന്ന് തിരോന്തരത്തിന്‍െറ പാനീയമായ ബോഞ്ചിയും കുടിച്ച് ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ് മറഞ്ഞിരുന്നയാള്‍ ഒരുവര്‍ഷം കൊണ്ട് ചേരിനിര്‍മാര്‍ജന യജ്ഞത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാക്കി. പട്ടം താണുപിള്ളയും പീയെസ് നടരാജപിള്ളയും സ്വപ്നം കണ്ട പദ്ധതി ആയിരുന്നു ആ പയ്യന്‍സ് വിജയകരമായി നടപ്പിലാക്കിയത്. ചുരുങ്ങിയകാലം ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴും 1991 ല്‍ ധനമന്ത്രി ആയിരുന്നപ്പോഴും (പാമോയില്‍ പറയണ്ട. അത് ഒരു മണ്ടന്‍ കേസാണ്. ആദ്യം ഹനീഫാ ജഡ്ജി പറയട്ടെ. ബാക്കി പിന്നെ പറയാം. ഇപ്പോള്‍ സബ്ജൂഡിസല്ളേ!) ഒന്നരക്കൊല്ലം മുഖ്യമന്ത്രി ആയിരുന്നപ്പോഴും തെളിയിച്ച കാര്യക്ഷമത തന്നെയാണ് ഇപ്പോഴും നമ്മുടെ മുഖ്യമന്ത്രി തെളിയിക്കുന്നത്.
കാര്യക്ഷമത മാത്രമല്ല. ഒബാമക്കുവരെ കാണാവുന്ന കാമറ വെച്ചത് എന്നെ സ്വാധീനിക്കുന്നില്ല; പുതുപ്പള്ളിക്കാര്‍ക്ക് വേണ്ടി പണ്ട് കുഞ്ഞൂഞ്ഞ് ക്ളിന്‍റന് എഴുത്ത് എഴുതിയിട്ട് ഗുണമുണ്ടാകാഞ്ഞത് പോലെതന്നെ ഒരഭ്യാസം!. എന്നാല്‍, അതില്‍ ഒരു സന്ദേശം സന്നിവേശിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. സുതാര്യതയുടെ സുവിശേഷം ലോകമെങ്ങും -വിശേഷിച്ച് ഭാരതത്തില്‍ -സര്‍വ പ്രധാനമായി പ്രഘോഷിക്കപ്പെടുന്ന ഈ നാളുകളില്‍ ആ കാമറയുടെ തുറന്ന കണ്ണുകള്‍ ഒരു പ്രതീകമാണ്.
സുതാര്യത മാത്രവുമല്ല. ഉമ്മന്‍ചാണ്ടിയുടെ സുതാര്യ കേരളം പരിപാടി തന്‍െറ മുന്‍ഗാമി നടത്തിവന്ന വഴിപാടിനെക്കാള്‍ എത്രയോ മേലെയാണ് ഇപ്പോള്‍. അതിന്‍െറ അണിയറശില്‍പികളില്‍നിന്നുതന്നെ അറിയുന്നത്, ആ പരിപാടിയുടെ വിജയരഹസ്യം മുഖ്യമന്ത്രി അതിന് കല്‍പിക്കുന്ന പ്രാധാന്യവും അത് മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിതന്നെ സ്വയം ആലോചിച്ച് നല്‍കുന്ന ബുദ്ധിപൂര്‍വമായ നിര്‍ദേശങ്ങളുമാണ് എന്നത്രെ. പീയാര്‍ഡിയും സീഡിറ്റും എല്ലാം അവര്‍ ചെയ്യേണ്ടത് ഭംഗിയായി ചെയ്യുന്നുണ്ട്. എന്നാല്‍, അവരുടെ പ്രചോദനം ഉമ്മന്‍ചാണ്ടിക്ക് ഈ പരിപാടിയോടുള്ള പ്രതിബദ്ധതയാണ്. പ്രതിബദ്ധതയാകട്ടെ ജനകീയനായ ഒരു മുഖ്യമന്ത്രിയുടെ വീക്ഷണത്തിന്‍െറ പ്രതിഫലനമാണുതാനും. കളിയിക്കാവിള മുതല്‍ ബേദടുക്കയും ബന്തടുക്കയും വരെ ഏത് പഞ്ചായത്തിലെയും ഏത് വാര്‍ഡിലും രണ്ടുപേരെയെങ്കിലും പേര് ചൊല്ലി വിളിക്കാന്‍ കഴിഞ്ഞിരുന്നു സ്മരണീയനായ ലീഡര്‍ കരുണാകരന്. ആ കാര്യത്തില്‍ കരുണാകരന് പിന്‍ഗാമിയാണ് ഉ.ചാ. അതുകൊണ്ടാണ് അദ്ദേഹത്തെ ജനകീയനായി ജനം വാഴ്ത്തുന്നതും.
നേതൃത്വശൈലിയില്‍ അച്യുതമേനോനാണ് ഒരു വലിയ അളവില്‍ ഉമ്മന്‍ചാണ്ടിയുടെ മാതൃക എന്ന് തോന്നുന്നു. വെള്ള ഈച്ചരനും എന്‍.കെ. ബാലകൃഷ്ണനും ടി.വി. തോമസും എമ്മെന്‍ ഗോവിന്ദന്‍നായരും കരുണാകരനും ദിവാകരനും ബേബിജോണും ഒക്കെ ഉള്‍പ്പെട്ടതായിരുന്നല്ളോ ആ മന്ത്രിസഭ. അവരില്‍ ഏറ്റവും കഴിവു കുറഞ്ഞവരില്‍ നിന്നുപോലും ശ്രദ്ധേയമായ സംഭാവനകള്‍ പ്രചോദിപ്പിക്കാന്‍ അച്യുതമേനോന് കഴിഞ്ഞു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഏതെങ്കിലും ഒരു ആശുപത്രി -അലോപ്പതി, ആയുര്‍വേദം, ഹോമിയോ -ഉണ്ടാകണം എന്ന യജ്ഞം എന്‍.കെ. ബാലകൃഷ്ണന്‍ എന്ന ഏറെയാരും ശ്രദ്ധിക്കാതിരുന്ന ആരോഗ്യമന്ത്രിയുടെ നേട്ടമായിരുന്നു. കണ്ടിടത്തോളം കേരളത്തിന്‍െറ പ്രിയപുത്രി ജയലക്ഷ്മിയെ ഭാവിയിലെ കെ.ആര്‍. ഗൗരി ആക്കുന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടിയുടെ പോക്ക്. ആര്യാടനും കുഞ്ഞാലിക്കുട്ടിയും മാണിയും പോലെ മുഖ്യമന്ത്രിയാവാന്‍ പോന്നവരെയും ഇരിക്കൂര്‍ ഗാന്ധി ജോസഫിനെയും തിരുവഞ്ചൂരിനെയും പോലെ ഉറ്റ സുഹൃത്തുക്കളായവരെയും ജേക്കബ് തുടങ്ങിയ ഒറ്റയാന്മാരെയും അവരവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ അപഗ്രഥിച്ച് തിരിച്ചറിഞ്ഞ് ജനാധിപത്യത്തിന് യോജിച്ചമട്ടില്‍ ഒപ്പം കൊണ്ടുനടക്കാന്‍ കഴിയുന്നിടത്താണ് ഉ.ചാ., അച്യുതമേനോനോളം വളരുന്നത്.
ഉണ്ണിയെ കണ്ടിട്ട് ഊര് നന്നാവും എന്ന് തോന്നുന്നു. നന്മ വരട്ടേ.

ഹര്‍ത്താലില്‍നിന്ന് പിന്മാറണം

കൂത്തുപറമ്പ്: പെട്രോള്‍ വിലവര്‍ധനയിലൂടെ ലഭിക്കുന്ന അധികനികുതി സംസ്ഥാനത്ത് യു.ഡി.എഫ്. സര്‍ക്കാര്‍ വേണ്ടെന്നുവെച്ചതിനാല്‍ 19ന് നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചണ്ടി ആവശ്യപ്പെട്ടു. ഹോര്‍ട്ടികള്‍ച്ചര്‍മിഷന്‍ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കൂത്തുപറമ്പില്‍ നിര്‍വ്വഹിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 120 കോടിയുടെ പദ്ധതി നടപ്പാക്കും

കൂത്തുപറമ്പ്: ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സംസ്ഥാനത്ത് ഈ വര്‍ഷം 120 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ വര്‍ഷത്തെ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം പവലിയനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടിന്റെ ചെറിയ ശതമാനം മാത്രമേ സംസ്ഥാനത്തിന് വിനിയോഗിക്കാനാവുന്നുള്ളൂ എന്നത് യാഥാര്‍ഥ്യമാണ്. കേന്ദ്രഫണ്ടുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയണം. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 77 കോടിയാണ് കേന്ദ്രം അനുവദിച്ചത്. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 43 കോടികൂടി അനുവദിച്ചത്. ഇതില്‍ അഞ്ചുകോടി കണ്ണൂര്‍ ജില്ലയ്ക്കാണ്. പദ്ധതികള്‍ നടപ്പാക്കാന്‍ കൂട്ടായ ശ്രമമാണ് ഇനി വേണ്ടത് -മുഖ്യമന്ത്രി പറഞ്ഞു.

കൃഷിമന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷനായി. കുരുമുളക്-നേന്ത്രവാഴ കൃഷി വ്യാപന പദ്ധതികള്‍, ഫലശ്രീ പദ്ധതി, മഴവെള്ളസംഭരണിക്കുള്ള സഹായധനം എന്നിവ ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നാലുപേര്‍ക്കുള്ള സഹായധനവും വിതരണംചെയ്തു.

അധികനികുതി ഉപേക്ഷിച്ചു; പെട്രോളിന് 70 പൈസ കുറയും

കോഴിക്കോട്: പെട്രോള്‍ വിലവര്‍ധന വഴി ലഭിക്കുന്ന അധികനികുതി സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് എഴുപത് പൈസ കുറയും.

ഈ തീരുമാനം വഴി 108 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ വേണ്ടെന്നു വെക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫ്. നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷമാണ് തീരുമാനമെടുത്തത്. ധനമന്ത്രിയുമായി നേരിട്ട് സംസാരിച്ച ശേഷമാണ് തീരുമാനം പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു മാസം മുന്‍പ് അധികാരമേറ്റപ്പോള്‍ യു. ഡി.എഫ്. സര്‍ക്കാര്‍ കൈക്കൊണ്ട ആദ്യ നടപടിയും അന്നത്തെ പെട്രോള്‍ വിലവര്‍ധനയെ തുടര്‍ന്നുണ്ടായ അധികനികുതി വേണ്ടെന്നുവെക്കുകയായിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അന്ന് 122 കോടി രൂപയാണ് വേണ്ടെന്നുവെച്ചത്. വര്‍ധിപ്പിച്ച ഡീസല്‍ നികുതിയിനത്തില്‍ 156 കോടി രൂപയും വേണ്ടെന്നുവെച്ചു.

ഇപ്പോഴത്തെ പെട്രോള്‍ വിലവര്‍ധനയെക്കുറിച്ച് പറയാന്‍ എല്‍.ഡി.എഫിന് ധാര്‍മികമായി യാതൊരു അവകാശവുമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്‍.ഡി. എഫ്. ഭരിക്കുന്ന കാലത്ത് പതിനാറ് തവണ ഇന്ധനവില വര്‍ധിപ്പിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അതുവഴി ലഭിച്ച അധികനികുതി വേണ്ടെന്നുവെച്ചത്. 15 തവണയും അധികനികുതി വാങ്ങി ഖജനാവിന് മുതല്‍ക്കൂട്ടുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ എല്‍ . ഡി. എഫിന്റെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനേ സഹായിക്കൂ. സമരത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ ഇന്ധനവിലവര്‍ധനയോട് തനിക്ക് ഒരു തരത്തിലും യോജിപ്പില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന് അവരുടേതായ ന്യായീകരണങ്ങളുണ്ടാവാം. സംസ്ഥാനങ്ങള്‍ക്ക് അവരുടെ അധിക നികുതി വരുമാനം വേണ്ടെന്നു വെക്കാനേ ഇപ്പോള്‍ സാധിക്കുകയുള്ളൂ. യു. ഡി.എഫ്. സര്‍ക്കാര്‍ പരമാവധി ചെയ്തു. ഇനിയെന്തെങ്കിലും ചെയ്യണമെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അതും പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിന്റെ അധിക നികുതി ഉപേക്ഷിച്ചത് ശനിയാഴ്ച അര്‍ധരാത്രിതന്നെ നിലവില്‍ വന്നു. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 69.26 രൂപയായിരുന്നത് 68.56 രൂപയായി. പെട്രോളിന് 25.42 ശതമാനമാണ് പുതിയ വില്പന നികുതി നിരക്ക്. യു.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാം തവണയാണ് അധികനികുതി ഉപേക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

കൊച്ചി മെട്രോ ആദ്യഘട്ട നിര്‍മാണത്തിന് അനുമതി

കൊച്ചി മെട്രോ ആദ്യഘട്ട നിര്‍മാണത്തിന് അനുമതി
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണം തുടങ്ങാന്‍ അനുമതിയായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 'മാതൃഭൂമി'യോട് പറഞ്ഞു. 22, 23 തീയതികളില്‍ ഡല്‍ഹിയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഇതില്‍ അന്തിമ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചാല്‍ ഉടന്‍ മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറെക്കാലമായി കാത്തിരുന്ന പദ്ധതിക്ക് പുത്തന്‍ ഉണര്‍വേകുന്ന സംഭവ വികാസങ്ങളാണ് വ്യാഴാഴ്ച ഉണ്ടായത്. കൊച്ചി മെട്രോയ്ക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തത്ത്വത്തില്‍ അനുമതി നല്‍കിയതോടെ, മെട്രോ റെയില്‍ കൊച്ചിയുടെ ട്രാക്കില്‍ എത്തുമെന്ന് ഉറപ്പായി. ഏറെക്കാലമായി പദ്ധതിക്ക് ഉടക്ക് വച്ചിരുന്ന ആസൂത്രണ കമ്മീഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് പറഞ്ഞതാണ് വഴിത്തിരിവായത്.

ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയാണ് പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള പഠനത്തിന് വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന സാമ്പത്തിക പഠന വിഭാഗത്തിന് വിട്ടിരിക്കുകയാണ്. ഏത് മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കേണ്ടതെന്ന് സാമ്പത്തിക പഠന വിഭാഗമായിരിക്കും തീരുമാനിക്കുക.

ചെന്നൈ മെട്രോ റെയില്‍ മാതൃകയില്‍ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ഇതോടെ രണ്ടുമാസം മുമ്പ് പദ്ധതിക്ക് ചലനം വച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് അന്തിമ അനുമതി ചോദിക്കുന്നതിനു മുമ്പ് നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു. ഇതിനുള്ള നടപടികള്‍ ധൃതഗതിയില്‍ നടക്കുന്ന കൊച്ചി മെട്രോ-റെയില്‍ എം.ഡി. ടോം ജോസിന്റെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ നടക്കുന്നു.

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

മുതലമടയില്‍ സായിറാം ആസ്‌പത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

പാലക്കാട്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പു മുട്ടുന്ന വാളയാറില്‍ യാത്രക്കാര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ അടിയന്തരനടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം.

ചൊവ്വാഴ്ച ഗവ. ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ഗതാഗതക്കുരുക്കൊഴിവാക്കി യാത്രാവാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതുസംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിനല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കളക്ടര്‍ കെ.വി. മോഹന്‍കുമാറിനോട് ആവശ്യപ്പെട്ടു.

വനം, എകൈ്‌സസ്, വാണിജ്യനികുതി, മൃഗസംരക്ഷണം, ആര്‍.ടി.ഒ., എന്‍.എച്ച്.എ.ഐ., ദേശീയപാത വിഭാഗം, പൊതുമരാമത്ത് വിഭാഗം എന്നീവകുപ്പുകളുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

യാത്രാക്കുരുക്കൊഴിവാക്കാന്‍ വാളയാര്‍ ചെക്‌പോസ്റ്റ് ഭാഗത്ത് നാലുമീറ്റര്‍വീതിയില്‍ ഒന്നരക്കിലോമീറ്ററില്‍ പുതിയറോഡ് നിര്‍മിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിനുള്ളസ്ഥലം ഏറ്റെടുക്കുന്നതിന് വിശദറിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കണം. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വകുപ്പുതല ഉദ്യോഗസ്ഥമേധാവികളുടെ യോഗം ബുധനാഴ്ച കളക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ കളക്ടര്‍ക്കുപുറമെ എം.എല്‍.എ.മാരായ ഷാഫിപറമ്പില്‍, വി.ടി.ബല്‍റാം, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

മുതലമടയില്‍ സായിറാം ആസ്‌പത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

മുതലമടയില്‍ സായിറാം ആസ്‌പത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു
കൊല്ലങ്കോട് (പാലക്കാട്): മുതലമടയില്‍ സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിക്കുന്ന 'സ്‌നേഹം ആയുര്‍വിജ്ഞാനം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് മെഡിക് എയ്ഡിന്റെ' (സായ്‌റാം) ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. സഹായം അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുന്നതും വിശക്കുന്ന വയറുകള്‍ക്ക് ഭക്ഷണം നല്‍കുന്നതുമുള്‍പ്പെടെയുള്ള സ്‌നേഹം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു.

സര്‍ക്കാരില്‍നിന്ന് ഒരുപൈസപോലും വാങ്ങാതെ 'സായ്‌റാം' രാജ്യത്തെ മികച്ച ചികിത്സാകേന്ദ്രങ്ങളിലൊന്നാക്കി മാറ്റുമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച സ്‌നേഹം മെഡിക്കല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി.എന്‍. ശേഷന്‍ പറഞ്ഞു. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നീ വൈദ്യശാസ്ത്രശാഖകളെല്ലാം ചികിത്സയില്‍ ഉള്‍പ്പെടുത്തും. ഭാവിയില്‍ മെഡിക്കല്‍, ഡെന്റല്‍, നഴ്‌സിങ് കോളേജുകളുള്‍പ്പെടുന്ന വലിയൊരു പ്രസ്ഥാനമാണ് സ്വപ്നംകാണുന്നതെന്നും ശേഷന്‍ പറഞ്ഞു.

കയര്‍ബോര്‍ഡ് ചെയര്‍മാന്‍ വി.എസ്. വിജയരാഘവന്‍ ആശംസനേര്‍ന്നു. തൃശ്ശൂര്‍ എലൈറ്റ് ഹോസ്​പിറ്റല്‍ മാനേജിങ്ഡയറക്ടര്‍ ഡോ.കെ.സി. പ്രകാശന്‍ സ്വാഗതവും ഡോ. ഭാരതി നന്ദിയും പറഞ്ഞു.

മുതലമട കാമ്പ്രത്ത്ചള്ള സ്‌നേഹം ആസ്​പത്രിയങ്കണത്തില്‍ നടന്ന ചടങ്ങിലേക്ക് ട്രസ്റ്റ് ചെയര്‍മാന്‍ പി. സുനില്‍ദാസിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ഉമ്മന്‍ചാണ്ടിയെ സ്വീകരിച്ചാനയിച്ചത്.

പറമ്പിക്കുളത്തേക്ക് നേരിട്ടുള്ള പാതയ്ക്ക് ശ്രമിക്കും

പറമ്പിക്കുളത്തേക്ക് നേരിട്ടുള്ള പാതയ്ക്ക് ശ്രമിക്കും


-പറമ്പിക്കുളം: കേരളത്തില്‍നിന്ന് നേരിട്ട് പറമ്പിക്കുളത്ത് എത്തുന്നതിന് വനപാത യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പറമ്പിക്കുളത്ത് പുതുതായിനിര്‍മിച്ച പോലീസ്‌സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ചാണ് പറമ്പിക്കുളത്ത് എത്തുന്നത്. കേരളത്തില്‍നിന്ന് നേരിട്ട് പാത നിര്‍മിക്കുന്നതിന് തടസ്സം കേന്ദ്ര വനം-പരിസ്ഥിതി സംരക്ഷണനിയമമാണ്. തടസ്സം നീക്കുന്നതിനുള്ള മാര്‍ഗങ്ങളെല്ലാം സ്വീകരിക്കും. വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും നിര്‍ദിഷ്ട പാത. ഇതുവഴി രാത്രികാലഗതാഗതം നിരോധിക്കും. ഈ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് കേന്ദ്രത്തില്‍നിന്ന് അനുമതി വാങ്ങാമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

പറമ്പിക്കുളത്തെ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. മാവേലിസ്റ്റോര്‍ സ്ഥാപിക്കും. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറെ നിയമിക്കും. പഴയ പോലീസ്‌സ്റ്റേഷന്‍ കെട്ടിടം നന്നാക്കി ഗസ്റ്റ്ഹൗസായി സംരക്ഷിക്കും -മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗതസൗകര്യമില്ലാത്ത ഉള്‍പ്രദേശങ്ങളിലെയും വനമേഖലയിലെയും സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ എത്തിക്കുന്നതിന് നിരക്ക് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പറമ്പിക്കുളത്തിന്റെ വിനോദസഞ്ചാരസാധ്യത പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ വി. ചെന്താമരാക്ഷന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

പ്രോഗ്രസ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി; കര്‍മപരിപാടിക്ക് തുടക്കം








തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിനങ്ങളെ പ്രോഗ്രസ്
റിപ്പോര്‍ട്ടിലാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരുവശത്തുമായി
മന്ത്രിമാര്‍. ഒരുമണിക്കൂറോളം നീണ്ട റിപ്പോര്‍ട്ട് അവതരണത്തിനൊടുവില്‍
ഉമ്മന്‍ചാണ്ടിക്ക് കൈയടി. സര്‍ക്കാരിന് മാര്‍ക്ക് നൂറ്റിയേഴില്‍
നൂറ്റിയൊന്ന്. ഈ നൂറ്റൊന്നില്‍ തൊട്ട് ഒരുവര്‍ഷത്തെ കര്‍മപദ്ധതിക്കും
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കും തുടക്കമാകുന്നു.



വി.ജെ.ടി.ഹാളില്‍ മന്ത്രിമാരെയും മാധ്യമപ്പടയെയും ഉദ്യോഗസ്ഥ വൃന്ദത്തെയും
സാക്ഷിനിര്‍ത്തിയായിരുന്നു മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട്
അവതരിപ്പിച്ചത്. ഉടുപ്പില്‍ ചെറുമൈക്ക് പിടിപ്പിച്ച്, വലിയ സ്‌ക്രീനില്‍
പവര്‍ പോയിന്റിന്റെ സഹായത്തോടെ മുഖ്യമന്ത്രി തന്റെ സര്‍ക്കാരിനെ
വിലയിരുത്തി : ''സര്‍ക്കാരിന്റെ നൂറുദിനം ഇന്നലെ പൂര്‍ത്തിയായി. ആദ്യം
വാഗ്ദാനം ചെയ്തതുപോലെ ഈ ദിനങ്ങളിലെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് മുന്നില്‍
അവതരിപ്പിക്കുകയാണ്. നൂറ്റിയേഴ് പരിപാടികളാണ് ഞങ്ങള്‍ അവതരിപ്പിച്ചത്.
അതില്‍ നൂറ്റിയൊന്നെണ്ണം നടപ്പാക്കുകയോ നടപ്പാക്കുന്ന ഘട്ടത്തിലോ ആണ്.
ഞങ്ങള്‍ക്ക് വല്ലാത്തൊരു ആത്മവിശ്വാസം പകരുന്ന വിജയമാണിത്.



കൂട്ടുത്തരവാദിത്വത്തോടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി
പ്രവര്‍ത്തിച്ചു. വിവാദങ്ങളല്ല, റിസള്‍ട്ടാണ് വേണ്ടതെന്ന് ഞങ്ങള്‍ ആദ്യമേ
തീരുമാനിച്ചു. പ്രതിപക്ഷം പോലും അത്തരത്തില്‍ പിന്തുണച്ചു. ഇതിന്റെ വിജയം
ഒരുവര്‍ഷത്തെ കര്‍മപരിപാടിക്ക് തുടക്കമിടാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയാണ്.
ഒപ്പം അടുത്ത 20 വര്‍ഷക്കാലത്തെ കേരളം എങ്ങനെയാകണമെന്ന്
ആവിഷ്‌ക്കരിക്കുന്ന വിഷന്‍- 2030 ന് ഞങ്ങള്‍ തുടക്കമിടുന്നു. കേരളത്തിന്
കഴിഞ്ഞകാലങ്ങളില്‍ ഏറെ നഷ്ടങ്ങളുണ്ടായി. പുതിയ തലമുറയ്ക്ക് ഇവിടെ അവസരം
കൊടുക്കണം. അതാണ് ഇനി സര്‍ക്കാരിന്റെ ലക്ഷ്യം''- മുഖ്യമന്ത്രി പറഞ്ഞു.







തുടര്‍ന്ന് സ്‌ക്രീനില്‍ തെളിയുന്ന ഓരോ പദ്ധതിയെക്കുറിച്ചും അദ്ദേഹം
ആവേശത്തോടെ വിശദീകരിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുതാര്യമാക്കിയത്,
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തുടങ്ങിയത്, 117
സ്ഥാപനങ്ങളെ ലോകായുക്തയുടെ പരിധിയില്‍ കൊണ്ടുവന്നത്, മന്ത്രിമാരുടെ
സ്വത്തുവിവരം പരസ്യമാക്കിയത്, 17 ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന്
വിട്ടത്... മുഖ്യമന്ത്രി വിശദീകരിച്ചു. ഇടയ്ക്ക് ചിലപ്പോള്‍ മന്ത്രിമാരോട്
ചില സംശയങ്ങള്‍, അവരുടെ ഉത്തരത്തിനനുസരിച്ച് വീണ്ടും വ്യാഖ്യാനങ്ങള്‍.
വിഴിഞ്ഞം, സ്മാര്‍ട്ട്‌സിറ്റി, കൊച്ചി മെട്രോ, വികലാംഗ നിയമനം,
ക്ഷേമപെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നയം, അധ്യാപക പാക്കേജ് എന്നിങ്ങനെ
സര്‍ക്കാര്‍ ഏറ്റെടുത്ത ഓരോ പരിപാടികള്‍ സ്‌ക്രീനില്‍ നോക്കി മുഖ്യമന്ത്രി
വിശദീകരിച്ചു.







അഞ്ചേകാല്‍ ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കിയതും അപേക്ഷിച്ച ഉടന്‍
റേഷന്‍കാര്‍ഡ് വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കിയതുമാണ് തനിക്ക് ഏറ്റവും
സംതൃപ്തി നല്‍കിയ പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ
ഫയല്‍ നീക്കത്തിലാണ് തനിക്ക് അസംതൃപ്തിയുള്ളതെന്നും അദ്ദേഹം അറിയിച്ചു. ''ഈ
സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ 1.32 ലക്ഷം ഫയലുകളാണ്
സെക്രട്ടേറിയറ്റില്‍ തീര്‍പ്പാക്കാനുള്ളത്. നൂറുദിനം പിന്നിട്ടപ്പോള്‍
49,384 ഫയലുകളില്‍ തീര്‍പ്പായി.



അത് പോരാ. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇക്കാര്യത്തിലും പുരോഗതി
ഉണ്ടായേനെ... ഏതായാലും അതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്''-
മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്,
കെ.ബാബു, ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, വി.എസ്.ശിവകുമാര്‍, ഷിബു
ബേബിജോണ്‍, എം.എല്‍.എ മാരായ കെ.മുരളീധരന്‍, വര്‍ക്കല കഹാര്‍, ചീഫ്
സെക്രട്ടറി വി.പ്രഭാകരന്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍
കെ.എം.ചന്ദ്രശേഖര്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.