തിരുവനന്തപുരം: കാര്‍ഷികമേഖലയില്‍ ഉണര്‍വോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ കേരളത്തെ സാമ്പത്തികശക്തിയാക്കി മാറ്റുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. ഇതിനായി കേരളീയര്‍ സ്വയംപര്യാപ്തത മുദ്രാവാക്യമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആഹ്വാനം ചെയ്തു.
സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷികമേഖലയില്‍ റബ്ബര്‍ കൃഷിയൊഴികെയുള്ളവയില്‍ സംസ്ഥാനത്തിന് അഭിമാനിക്കാനായൊരു നേട്ടവുമില്ല. മറ്റൊരു കൃഷിമേഖലയിലും സംസ്ഥാനത്തിന് അവകാശവാദമുയര്‍ത്താനാകാത്ത അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സ്വന്തമെന്നഭിമാനിച്ചിരുന്ന നാളികേരം, നെല്ല് എന്നിവയുടെ കാര്യത്തില്‍പോലും വന്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.
പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ കാര്യത്തിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമം കേരളം ആരംഭിക്കേണ്ടിയിരിക്കുന്നു. കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിന് ഏവരും തയ്യാറകണം. കാര്‍ഷികമേഖലയില്‍ അധ്വാനിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളെയും ജനം അറിയണം. അതിനുള്ള അവസരം മാധ്യമങ്ങള്‍ സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കുമുള്ള ആനുകൂല്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ അത്തരക്കാരിലെത്തുന്നില്ലെന്നതാണ് പ്രശ്‌നമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു.
കാര്‍ഷികമേഖല സംബന്ധിച്ചുള്ള രണ്ട് പുസ്തകങ്ങള്‍ മന്ത്രി കെ.പി.മോഹനന്‍, കെ. മുരളീധരന്‍ എം.എല്‍.എ. എന്നിവര്‍ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കെ. മുരളീധരന്‍ എം.എല്‍.എ., കൃഷിവകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പ്രിന്‍സിപ്പല്‍ ഫാം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.എം.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2012 ഫെബ്രുവരി 15, ബുധനാഴ്‌ച
കാര്‍ഷികമേഖലയിലൂടെ മാത്രമേ കേരളത്തിന് രക്ഷയുള്ളൂ - മുഖ്യമന്ത്രി
അടിസ്ഥാനവിശ്വാസങ്ങളില്‍ ഹദീസിന് നിര്‍ണായകസ്ഥാനം - മുഖ്യമന്ത്രി
ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഹദീസിന്റെ സ്ഥാനം വിശുദ്ധ ഖുര്‍ആന് തൊട്ടുപിന്നിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരള സര്‍വകലാശാലയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അറബിക് വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ദൈനംദിനജീവിതത്തില്‍ ഖുര്‍ആന്‍ തത്വങ്ങള്‍ പാവനമായ നിലയില്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതാണ് ഹദീസ്. പ്രവാചക ജീവിതത്തില്‍ പ്രവാചകന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും അംഗീകരിച്ചതുമായ കാര്യങ്ങളടങ്ങുന്ന പവിത്രമായ പാഠങ്ങളാണ് ഹദീസ് . ആത്മീയതയുടെ കേന്ദ്രബിന്ദു മനുഷ്യമനസ്സാണെന്ന് ഹദീസ് വിളംബരം ചെയ്യുന്നു. നമ്മുടെ വികാരങ്ങളുടെയും ചിന്തകളുടെയും സംഭരണകേന്ദ്രം മനസ്സാകുന്നതിനാല്‍ അതിന്റെ ശുദ്ധീകരണം, ശാന്തവും നിയന്ത്രിതവുമായ ഒരു ജീവിതം നയിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. - ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഹദീസിന്റെ മഹത്തായ പാഠങ്ങള്‍ ലോകചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്നത് നിസ്സംശയം പറയാം. ഹദീസ് ഒരു സ്വതന്ത്രമായ പാഠ്യശാഖയാണ്. വിശുദ്ധഖുര്‍ആനിലെ നിരീക്ഷണങ്ങളെ കുറിച്ചുള്ള വ്യാഖ്യാനങ്ങളിലെ ചില അവ്യക്തതകള്‍ നീക്കാന്‍ ഇത് തീര്‍ച്ചയായും ഉപകരിക്കും. ധാര്‍മ്മിക, ആത്മീയ മൂല്യങ്ങള്‍ ദുഷിച്ചുക്കൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് പ്രവാചകന്‍മാരുടെയും ആത്മീയനേതാക്കളുടെയും അധ്യാപനങ്ങള്‍ക്ക് വളരെയേറെ പ്രധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.ജയകൃഷ്ണന്‍ അധ്യക്ഷനായി. ശ്രീലങ്കന്‍ മന്ത്രി ബഷീര്‍ ഷേക്ക് ദാവൂദ് മുഖ്യാതിഥിയായി. സൗദി കള്‍ച്ചറല്‍ അറ്റാഷേ ഡോ. ഇബ്രാഹിം അല്‍ ബാത്ഷാന്‍, ജനശ്രീ ചെയര്‍മാന്‍ എം.എം.ഹസ്സന്‍, മുന്‍ മന്ത്രി എം.എ ബേബി, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലര്‍ ഫൈസല്‍ഖാന്‍, ഏറം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധിഖ് അഹമ്മദ്, മുസ്‌ലീം വേള്‍ഡ്‌ലീഗ് പ്രതിനിധി അല്‍ ഗാമിഥി മിസ്ഫര്‍ ഷെഹീദ്, ഇ.എം.നജീബ് എന്നിവര്‍ സംസാരിച്ചു.
2012 ഫെബ്രുവരി 14, ചൊവ്വാഴ്ച
അതിവേഗ റെയില്‍പാത: പദ്ധതി റിപ്പോര്‍ട്ട് സപ്തംബറിനകം
തിരുവനന്തപുരം: അതിവേഗ റെയില്‍ പാതക്കുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സപ്തംബര്‍ 30 നകം ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍വകക്ഷിയോഗത്തെ അറിയിച്ചു. 2013 ഏപ്രിലില്‍ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ഡോ. ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് പദ്ധതി തയ്യാറാക്കുന്നത്. ജപ്പാന്‍ സഹായത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കും. വിശദമായ പദ്ധതി റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വീണ്ടും സര്‍വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്ന ബാംഗ്ലൂര്‍ - ചെന്നൈ - കോയമ്പത്തൂര്‍ അതിവേഗ പാത തിരുവനന്തപുരം വരെ നീട്ടുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്തിന്റെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ പാത തൃശ്ശൂര്‍ വരെ നീട്ടണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടെ തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂര്‍ പാതയിലേക്ക് പ്രവേശിക്കാനാകും.
തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ 560 കിലോമീറ്റര്‍ നീളത്തിലാണ് അതിവേഗ റെയില്‍ പാത നിര്‍മിക്കുന്നത്. തിരുവനന്തപുരം - കാസര്‍കോട് പാതയ്ക്ക് 118050 കോടിയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം-കൊച്ചി വരെ മാത്രം 43254 കോടി ചെലവ് പ്രതീക്ഷിക്കുന്നു. ചെലവിന്റെ 80 ശതമാനം ജപ്പാന്‍ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. നാല്പത് വര്‍ഷത്തേക്ക് ലഭിക്കുന്ന തുകയ്ക്ക് ആദ്യ പത്തുവര്‍ഷം മോറട്ടോറിയം ലഭിക്കും. മിച്ചം തുക പ്രവര്‍ത്തനലാഭത്തില്‍നിന്ന് അടച്ചുതീര്‍ക്കാനാകുമെന്ന് പദ്ധതി വിശദീകരിച്ച് അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ പറഞ്ഞു.
കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ അഞ്ചുവര്‍ഷം കൊണ്ട് കൊച്ചിവരെയുള്ള പാത പൂര്‍ത്തിയാക്കാം. കോഴിക്കോട് വരെ പൂര്‍ത്തിയാക്കാന്‍ ആറുവര്‍ഷവും മംഗലാപുരം വരെ ഏഴുവര്‍ഷവും മതിയാകും. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടുനിന്നും ഒരേ സമയം നിര്‍മാണം ആരംഭിക്കാനാകും. നൂറുവര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ടാണ് പദ്ധതിക്ക് തുടക്കമിടുക. ഗ്രാമപ്രദേശങ്ങളില്‍ ഉയരത്തില്‍ നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലത്തിലൂടെയും നഗരങ്ങളില്‍ തുരങ്കങ്ങള്‍ നിര്‍മിച്ചും പാത നിര്‍മിക്കാനാകുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള ആദ്യഘട്ട നിര്‍മാണത്തിനായി 242 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കണം. 1806 പേരെ ഇത് ബാധിക്കും. രണ്ടാംഘട്ടമായി കൊച്ചി മുതല്‍ കാസര്‍കോട് വരെ 552 ഹെക്ടര്‍ സ്ഥലം എടുക്കേണ്ടിവരും. 4500 പേരെയാണ് ഇത് ബാധിക്കുക.
ഭൂമി ഏറ്റെടുക്കുന്നതിന് വിവിധ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ദേശീയ പാതക്ക് സ്ഥലം ഏറ്റെടുക്കുന്ന മാതൃക, നഷ്ടപരിഹാരത്തോടെ ദീര്‍ഘകാല പാട്ടം, പാത കടന്നുപോകുന്ന തൂണു നിര്‍മിക്കുന്നതിനുള്ള സ്ഥലം മാത്രം ഏറ്റെടുക്കല്‍, പകരം ഭൂമി നല്‍കല്‍, വിലക്ക് വാങ്ങല്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങള്‍.
അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഗേജായിരിക്കും പാത. എട്ടുകോച്ചുകളില്‍ ആറെണ്ണം മോട്ടോറൈസ്ഡ് ആയിരിക്കും. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത 3.4 മീറ്റര്‍ വീതിയിലുള്ളതായിരിക്കും കോച്ചുകള്‍. 817 യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനാകും. നിന്ന് യാത്ര അനുവദിക്കില്ല. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നീ സൗകര്യങ്ങളാണ് ട്രെയിനില്‍ ഉണ്ടാവുക. ബിസിനസ് ക്ലാസിന് ശതാബ്ദി എക്സ്പ്രസ് എക്‌സിക്യൂട്ടീവ് ക്ലാസിന്റെ ഒന്നര ഇരട്ടി ചാര്‍ജ് ഈടാക്കും. ഫസ്റ്റ് ക്ലാസിന് ഇരട്ടിയും.
മണിക്കൂറില്‍ 300 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ ശരാശരി വേഗം. പാത സജ്ജമാകുന്നതോടെ തിരുവനന്തപുരത്തുനിന്ന്പതിനഞ്ച് മിനിറ്റുകൊണ്ട് കൊല്ലത്തും 37 മിനിറ്റ് കൊണ്ട് കോട്ടയത്തും എത്താനാകും. 53 മിനിറ്റ് മതി കൊച്ചിയിലെത്താന്‍. 72 മിനിറ്റുകൊണ്ട് തൃശൂരും 98 മിനിറ്റുകൊണ്ട് കോഴിക്കോട്ടും എത്താം. 119 മിനിറ്റ് മതി കണ്ണൂരിലെത്താന്‍. കാസര്‍കോട്ട് 142 മിനിറ്റുകൊണ്ടും മംഗലാപുരത്ത് 156 മിനിറ്റുകൊണ്ടും എത്താം.
സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍, വിവിധ കക്ഷിനേതാക്കളായ സി.ദിവാകരന്‍, ആനത്തലവട്ടം ആനന്ദന്‍, വര്‍ഗീസ് ജോര്‍ജ്, ജോയി എബ്രഹാം, ജെ.ആര്‍. പദ്മകുമാര്‍, സി. ശിവന്‍കുട്ടി തുടങ്ങിയവരും പങ്കെടുത്തു.
2012 ഫെബ്രുവരി 13, തിങ്കളാഴ്‌ച
ഹിന്ദുമതത്തിന്റെ വിശാല കാഴ്ചപ്പാട് ഉള്‍ക്കൊള്ളണം: ഉമ്മന്‍ചാണ്ടി
ചെറുകോല്‍പ്പുഴ (പത്തനംതിട്ട): ഭാരതീയ സംസ്‌കാരം എല്ലാ വിശ്വാസങ്ങളെയും സ്വീകരിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്ന സംസ്‌കാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുമഹാമണ്ഡലത്തിന്റെ നൂറാമത് ഹിന്ദുമത പരിഷത്ത് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും മനുഷ്യനന്മയ്ക്ക് എന്നതാണ് ഭാരതീയ തത്ത്വചിന്ത. ഹിന്ദുമതത്തിന്റെ ഈ വിശാലമായ കാഴ്ചപ്പാട് ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം-മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക ചിത്രദുര്‍ഗ സിരിഗിര്‍ സരളബാലു ബ്രഹ്മമഠത്തിലെ ശിവാചാര്യ മഹാസ്വാമി ശതാബ്ദി സമാപന സന്ദേശം നല്‍കി. ഭാരതം മുന്നോട്ടുവയ്ക്കുന്ന ശാന്തിയുടെ സന്ദേശം ലോകത്തിനു മുഴുവന്‍ വഴികാട്ടിയാണെന്ന് സ്വാമി പറഞ്ഞു. 54 വര്‍ഷം ഹിന്ദുമത പരിഷത്തിന്റെ പ്രസിഡന്റായ അഡ്വ. ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പിന് ഹിന്ദുമതപരിഷത്തിന്റെ ഉപഹാരം മുഖ്യമന്ത്രി സമര്‍പ്പിച്ചു.
2012 ജനുവരി 30, തിങ്കളാഴ്‌ച
പുരോഗതിയ്ക്കായി പിട്രോഡയുടെ പത്തു നിര്‍ദേശങ്ങള്‍ (with VIDEO)
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കായി അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട പത്തുകാര്യങ്ങള്‍ സാം പിട്രോഡ അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും ദേശീയ ഇന്നവേഷന്‍ കൗണ്‍സില്‍ അധ്യക്ഷനുമായ പിട്രോഡയുടെ നിര്‍ദേശങ്ങള്‍ മന്ത്രിസഭാംഗങ്ങള്‍ ചര്‍ച്ച ചെയ്തു. മൂന്നുമാസത്തിനകം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുമെന്നും അവ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടെ ധവളപത്രം പുറപ്പെടുവിയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പിട്രോഡ വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങിയ സമിതിയ്ക്ക് മുമ്പാകെയാണ് പിട്രോഡ തന്റെ പത്തിന അജണ്ട അവതരിപ്പിച്ചത്. മൂന്നുമണിയ്ക്കൂര്‍ നീണ്ട പ്രസന്‍േറഷനില്‍ മന്ത്രിമാര്‍ തൃപ്തി രേഖപ്പെടുത്തി. തന്റെ പത്തു നിര്‍ദേശങ്ങളില്‍ സംസ്ഥാനം അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടത് തീര ജല ഗതാഗത പദ്ധതിയാണെന്ന് പിട്രോഡ വ്യക്തമാക്കി. തീരമേഖലയിലൂടെയുള്ള വന്‍കിട പദ്ധതിയാണിത്. സംസ്ഥാനത്തെ നിരവധി തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചരക്കുഗതാഗതപ്പാതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയ്ക്ക് സമാന്തരമായിട്ടായിരിക്കും ഇത് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നോളജ് സിറ്റിയാണ് രണ്ടാമത്തെ നിര്‍ദേശം. വിജ്ഞാനമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കായി തൊഴില്‍ സ്ഥാപനങ്ങളും സര്‍വകലാശാലകളും ഒന്നാംതരം ലാബുകളുമൊക്കെയുള്ള സ്വയംപര്യാപ്ത നഗരമാണ് പിട്രോഡ ലക്ഷ്യമിടുന്നത്. ഏറെ പ്രതിഭാധനരായ നിരവധി ചെറുപ്പക്കാര്‍ വികസിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചൊഴുകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നോളജ് സിറ്റിയ്ക്ക് സംസ്ഥാനത്ത് ഏറെ പ്രാധാന്യമുണ്ടെന്ന് പിട്രോഡ വ്യക്തമാക്കി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയാണ് മറ്റൊന്ന്. പഞ്ചായത്തുകളെ ബ്രോഡ്ബാന്‍ഡിലൂടെ ബന്ധിപ്പിച്ച് ഐ.ടി സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഇതിലൂടെ കഴിയും. മൊബൈല്‍ ഉപഭോക്താക്കളില്‍ നിന്ന് പത്തുരൂപ ഈടാക്കി സംസ്ഥാനത്തെല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ കഴിയുന്ന പദ്ധതിയാണ് മറ്റൊന്ന്. ''മൂന്ന് കോടി ജനങ്ങളുള്ള കേരളത്തില്‍ 3.5 കോടി സെല്‍ ഫോണുകളുണ്ട്. പത്തുരൂപ വെച്ച് ഈടാക്കിയാല്‍ ഇന്‍ഷുറന്‍സ് വിജയിപ്പിക്കാന്‍ കഴിയും'' -പിട്രോഡ പറഞ്ഞു.
പരിസ്ഥിതി സൗഹാര്‍ദമായ മാലിന്യ സംസ്‌കരണം, ഇ-ഗവേണന്‍സ് എന്നിവയ്ക്കായുള്ള പദ്ധതികളും പിട്രോഡ മുന്നോട്ടു വെച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള സംരംഭമാണ് മറ്റൊന്ന്. 'കേരളത്തില്‍ പെന്‍ഷന്‍ പ്രായം 55 വയസ്സാണ്. എനിക്കിപ്പോള്‍ 70 വയസ്സായി. ഞാന്‍ പതിനാറ് മണിക്കൂര്‍ ജോലിചെയ്യുന്നു. അതുപോലെ, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുടെ സേവനം പല മേഖലകളിലും ഉപയോഗിക്കാന്‍ കഴിയും. സാമൂഹ്യ പ്രവര്‍ത്തനം മുതല്‍ അധ്യാപനം വരെ പല കാര്യങ്ങളിലും ഇവരെ സര്‍ക്കാരിന് പ്രയോജനപ്പെടുത്താം' - പിട്രോഡ പറഞ്ഞു. പരമ്പരാഗത തൊഴില്‍മേഖലകളെ യന്ത്രസഹായത്തോടെ ആധുനികവത്കരിക്കുന്നതിനെക്കുറിച്ചും പിട്രോഡ ആശയം മുന്നോട്ടുവെച്ചു. കശുവണ്ടി, കയര്‍, കൈത്തറി വ്യവസായങ്ങളെ ആധുനികവത്കരിക്കുകയും തൊഴില്‍ശേഷി വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. സംസ്ഥാനത്തെ ആയുര്‍വേദത്തിന്റെ ലോക തലസ്ഥാനമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് പിട്രോഡ അവതരിപ്പിച്ച മറ്റൊരു ആശയം. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നീളുന്ന ഹൈസ്പീഡ് റെയില്‍ ഇടനാഴിയാണ് പത്താമത്തെ ഇനം. ''കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍. ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ കുറഞ്ഞത് പത്തുവര്‍ഷം വേണം. അതുകൊണ്ടുതന്നെ എത്രയും വേഗം ഇതിനുള്ള ശ്രമം തുടങ്ങണം'' - പിട്രോഡ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെപ്പോല ഏറെ കര്‍മശേഷിയുള്ള നേതാവുമായി പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പിട്രോഡ പറഞ്ഞു. ''പല കാര്യങ്ങളിലും രാജ്യത്തിന് മാതൃക കാണിച്ച സംസ്ഥാനമാണ് കേരളം. ലോകം മാറുകയാണ്. തൊഴില്‍ പ്രശ്‌നമുള്‍പ്പെടെയുള്ള പല കാര്യങ്ങളിലും സംസ്ഥാനം മാറിയേ തീരൂ. വ്യക്തമായ പാക്കേജുകള്‍ അവതരിപ്പിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ഏതു പദ്ധതിയും നടപ്പിലാക്കാവുന്നതേയുള്ളൂ. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് കേരളം പ്രകടിപ്പിക്കേണ്ടത്'' - പിട്രോഡവ്യക്തമാക്കി.
.
ministers meeting with sam pitroda
cm's breifing after meeting with montek singh aluwalia (video)
cm's breifing after meeting with montek singh aluwalia More | |
© 2011 YouTube, LLC 901 Cherry Ave, San Bruno, CA 94066 | |














