UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011 ഡിസംബർ 21, ബുധനാഴ്‌ച

ഉമ്മന്‍ ചാണ്ടി- തമിഴ് എഡിറ്റര്‍മാര്‍ ചര്‍ച്ച മാറ്റി


ഉമ്മന്‍ ചാണ്ടി- തമിഴ് എഡിറ്റര്‍മാര്‍ ചര്‍ച്ച മാറ്റി



തിരുവനന്തപുരം:  മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ചു തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചു.  അതേസമയം, കേരളത്തിലെ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം ഇന്നു മൂന്നിനു ചര്‍ച്ച നടത്തും.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാട് വിശദീകരിക്കുന്നതിനാണു തമിഴ്‌നാട്ടിലെ എഡിറ്റര്‍മാരുടെ യോഗം തിരുവനന്തപുരത്തു വിളിക്കാന്‍ തീരുമാനിച്ചത്.  ഇതിനായി മുഖ്യമന്ത്രിയുടെ ഓഫിസ് എഡിറ്റര്‍മാരെ ക്ഷണിക്കുകയും ചെയ്തിരുന്നു.  എന്നാല്‍ ക്രിസ്മസ് സീസണ്‍ ആയതിനാല്‍ ഇവര്‍ക്കു ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചും വിമാന ടിക്കറ്റ് ലഭിക്കുക ബുദ്ധിമുട്ടായി.  ഈ സാഹചര്യത്തിലാണു യോഗം മാറ്റിവച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ ചിത്രം സഹിതം കേരളത്തിന്റെ നിലപാട് വിശദീകരിച്ചുള്ള പരസ്യം വന്ന പത്രങ്ങള്‍ തമിഴ്‌നാട്ടിലെ ചിലര്‍  കത്തിച്ചത് ഒറ്റപ്പെട്ട സംഭവമായേ എഡിറ്റര്‍മാര്‍ കാണുന്നുള്ളു.  കേരളത്തിന്റെ പരസ്യങ്ങള്‍ നല്‍കുന്നതിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിലും അവര്‍ക്ക് ഇപ്പോഴും താല്‍പര്യമാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2011 ഡിസംബർ 20, ചൊവ്വാഴ്ച

ആദ്യം പുതിയ ഡാം; മറ്റ് കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ - മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം പണിത് തമിഴ്‌നാടിന് വെള്ളം നല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കരാര്‍ ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യുകയോ കോടതി തീരുമാനിക്കുകയോ ചെയ്യട്ടെയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് ആക്ഷന്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്. കോടതി നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഡാം എന്നകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും കേരളം തയ്യാറല്ല. തമിഴ്‌നാടിന് വെള്ളം നല്‍കുമെന്ന കാര്യത്തില്‍ ഒരു രഹസ്യ അജണ്ടയും കേരളത്തിനില്ല. എന്നാല്‍ നമ്മുടെ നിലപാടിന് വ്യത്യസ്തമായ പ്രചാരണമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. നമ്മുടെ നിലപാട് വ്യക്തമാക്കി തിങ്കളാഴ്ച തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട് ധനമന്ത്രി പനീര്‍ സെല്‍വവുമായി താന്‍ ബംഗളുരുവില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ നിലപാട് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ജയലളിതയെ ഇക്കാര്യം അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുമുണ്ട്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദം തകര്‍ക്കുന്നതരത്തില്‍ ഒരു നടപടിയും കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ അവധിക്കാലത്ത് സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പെരിയാറിനെക്കുറിച്ച് തയ്യാറാക്കിയ 'പുതിയ ഡാമിന് വേണ്ടി കാത്തിരിക്കാനാവില്ല' എന്ന ഗ്രന്ഥവും അദ്ദേഹം പ്രകാശനം ചെയ്തു. പാലോട് രവി എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

തമിഴ്‌നാടും കേരളവുമായുള്ള സാഹോദര്യത്തിന് കോട്ടം തട്ടരുത്- ഉമ്മന്‍ചാണ്ടി

തമിഴ്‌നാടും കേരളവുമായുള്ള സാഹോദര്യത്തിന് കോട്ടം തട്ടരുത്- ഉമ്മന്‍ചാണ്ടി

ചെന്നൈ:തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല സാഹോദര്യത്തിന് ഉലച്ചില്‍ തട്ടാന്‍ മുല്ലപ്പെരിയാര്‍ തര്‍ക്കം കാരണമാകരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉത്തമ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരം കണ്ടെത്താനാകുമെന്നതില്‍ സംശയമില്ലെന്നും ഇതിനുള്ള ആത്മാര്‍ഥമായ ശ്രമമാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ പ്രമുഖ ദിനപത്രങ്ങളില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അഭ്യര്‍ഥനയിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

''വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ തുടങ്ങി ഒട്ടേറെ മലയാളികള്‍ തമിഴ്‌നാട്ടിലും തിരിച്ച് ആയിരക്കണക്കിന് തമിഴ് കുടുംബങ്ങള്‍ കേരളത്തിലും സമാധാനപരമായി ജീവിതം നയിക്കുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല തീര്‍ഥാടനത്തിനെത്തുന്നത്. മലയാളി, തമിഴ് ജനതകള്‍ക്കിടയിലുള്ള പരസ്​പര വിശ്വാസത്തിലധിഷ്ഠിതമായ ഈ ആത്മബന്ധത്തെ കേരളം ഏറെ വിലമതിക്കുന്നു. ഇതിന് കോട്ടംതട്ടും വിധമുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. കേരളത്തില്‍ താമസിക്കുന്ന തമിഴ് ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതുപോലെ തമിഴ്‌നാട്ടിലെമ്പാടുമുള്ള മലയാളികളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നല്‍കാന്‍ തമിഴ്‌നാട് ഗവണ്‍മെന്റ് അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്''- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളുടെ ജലസേചന സ്രോത്രേസ്സായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വം കേരളത്തെ സംബന്ധിച്ചിടത്തോളം എറെ നിര്‍ണായകമാണെന്നും പുതിയ ഡാം നിര്‍മിച്ചുകൊണ്ടു മാത്രമേ ഇക്കാര്യത്തിലുള്ള ഭീതിയും ആശങ്കയും പരിഹരിക്കാനാകൂവെന്നും സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന പ്രസിദ്ധീകരിച്ച അഭ്യര്‍ഥനയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

തമിഴ്‌നാടിന് ഇപ്പോള്‍ ലഭിക്കുന്നത്ര വെള്ളം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും പുതിയ ഡാം നിര്‍മിക്കുകയെന്ന് കേരളം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി, ഉന്നതാധികാര സമിതി, കേന്ദ്ര ഗവണ്‍മെന്റ്, തമിഴ്‌നാട് സര്‍ക്കാര്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ രേഖാമൂലമുള്ള ഉറപ്പ് കേരളം ആവര്‍ത്തിച്ച് നല്‍കിയിട്ടുണ്ട്. ഇങ്ങനെ തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കണ്ടെത്താനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍: അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകരുത്-മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഒരൊറ്റ അനിഷ്ടസംഭവം പോലും കേരളത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി. അത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണം.

കേരളത്തില്‍ അനിഷ്ടസംഭവങ്ങള്‍ നടക്കുന്നുവെന്ന് പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചത്. ശബരിമല തീര്‍ഥാടകര്‍ക്ക് പൂര്‍ണസംരക്ഷണം ഉറപ്പാക്കണം. അവര്‍ക്ക് യാതൊരു ആശങ്കയും ഉണ്ടാകാന്‍ പാടില്ല. തമിഴ്‌നാട്ടില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ തടയുന്നതിന് തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഒരു രൂപയുടെ അരി വിലക്കയറ്റം പിടിച്ചുനിര്‍ത്തി - മുഖ്യമന്ത്രി

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കിയതോടെ പൊതു വിപണിയിലെ വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്-ന്യൂഇയര്‍ മെട്രോ പീപ്പിള്‍സ് ബസാറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ന്യായമായ വിലയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുകയെന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല. മറിച്ച് കടമയാണ്. ഇത് വലിയ കാര്യമായി കാണേണ്ട ആവശ്യമില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മനുഷ്യസാധ്യമായ എന്തും ചെയ്യും - മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഭക്ഷ്യമന്ത്രി ഷിബുബേബിജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും കോട്ടയത്തും ഉള്‍പ്പെടെ ആറിടങ്ങളില്‍ ബസാറുകള്‍ ഇതോടൊപ്പം പ്രവര്‍ത്തനം തുടങ്ങിയതായി മന്ത്രി പറഞ്ഞു. 13 ഇനം സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണംചെയ്യും. കഴിഞ്ഞ വര്‍ഷം 125 കോടി രൂപ സബ്‌സിഡിയിനത്തില്‍ സര്‍ക്കാരിന് ചെലവായി. ഇത്തവണ തുക ഇതിലും ഉയരും.

പച്ചക്കറിക്ഷാമം ഉണ്ടാകാതിരിക്കാന്‍ കര്‍ണാടകയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള രണ്ട് ഏജന്‍സികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ല

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ല



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്‌നപരിഹാരത്തിന് തമിഴ്‌നാടുമായി ഏതു രീതിയിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാലു ജില്ലകളിലായുള്ള 40 ലക്ഷം ജനങ്ങളുടെ സുരക്ഷ മാത്രമാണ് കേരളത്തിന്റെ ലക്ഷ്യമെന്നും കേരള- തമിഴ്‌നാട് ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയണമെന്നാണു കേരളം ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മലയാളികള്‍ക്കെതിരായ അക്രമം; ഉമ്മന്‍ചാണ്ടി ജയലളിതക്ക് കത്തയച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍
തമിഴ്‌നാട്ടിലെ മലയാളികള്‍ക്കെതിരെ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക്
കത്തയച്ചു.

തമിഴ്‌നാട്ടില്‍ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും
അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സ്ഥിതിഗതികള്‍
നിയന്ത്രണവിധയേമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി
കത്തയച്ചിരിക്കുന്നത്.


കേരളത്തില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാര്‍ക്ക് ആവശ്യമായ സുരക്ഷ
ഒരുക്കിയിട്ടുണ്ടെന്നും തമിഴരായ വനിതാ ജോലിക്കാരെ അപമാനിച്ചു എന്ന വാര്‍ത്ത
തെറ്റാണെന്നും കത്തില്‍ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.


ജനസമ്പര്‍ക്കപരിപാടി ഗിന്നസ്‌ ബുക്കില്‍

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ഗിന്നസ്‌ ബുക്കിലേക്ക്‌. ഒരു വേദിയില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ പരാതികള്‍ക്കു പരിഹാരം കണ്ടെത്തിയതിന്റെ പേരിലാണു ജനസമ്പര്‍ക്ക പരിപാടി ഗിന്നസ്‌ ബുക്കില്‍ ഇടം കണ്ടെത്തുന്നത്‌. പത്തു ജില്ലകളിലെ ജനസമ്പര്‍ക്ക പരിപാടി പൂര്‍ത്തിയായപ്പോള്‍ ഇതിനോടകം ലഭ്യമായ കണക്കുകള്‍ പ്രകാരം 2,38,000 പരാതികള്‍ക്കു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു.

ജനങ്ങളില്‍നിന്നു നേരിട്ടു ലഭിച്ച ഏറ്റവും കൂടുതല്‍ പരാതികള്‍ക്കു തല്‍സമയം പരിഹാരം കണ്ടെത്തിയ ഭരണകര്‍ത്താവെന്ന നിലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര്‌ ഗിന്നസ്‌ ബുക്കില്‍ ഉള്‍പ്പെടും. ഇതിനു മുമ്പ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയും ആന്ധ്രാപ്രദേശിലെ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ജനങ്ങളില്‍നിന്നു നേരിട്ടു പരാതി സ്വീകരിക്കുന്ന പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നെങ്കിലും ഇത്രയധികം ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല. കേരള മാതൃകയില്‍ ജനസംബര്‍ക്ക പരിപാടി ആവിഷ്‌കരിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആലോചിക്കുന്നുണ്ട്‌.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്‌, കോഴിക്കോട്‌, മലപ്പുറം, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലകളിലാണു ജനസമ്പര്‍ക്ക പരിപാടി ഇതുവരെ നടന്നത്‌. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതു തൃശൂര്‍ ജില്ലയിലാണ്‌. എണ്‍പത്തിമൂവായിരത്തിലേറെ പരാതികളാണ്‌ ത്യശൂരില്‍ മുഖ്യമന്ത്രിയെ കാത്തിരുന്നത്‌.

ഇതില്‍ 48,000 പരാതികള്‍ക്കും അന്നുതന്നെ പരിഹാരം കണ്ടെത്തി.എറണാകുളം ജില്ലയിലെ ജനസമ്പര്‍ക്കപരിപാടിയാണ്‌ ഏറ്റവും ദീര്‍ഘിച്ചത്‌.

തുടര്‍ച്ചയായി 19 മണിക്കൂറാണ്‌ ഒരു വേദിയില്‍ മാത്രം നിന്നു മുഖ്യമന്ത്രി പരാതി സ്വീകരിച്ചത്‌. കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലാണ്‌ ഇനി ജനസമ്പര്‍ക്കപരിപാടി നടത്താനുള്ളത്‌. ഇന്നാണ്‌ കോട്ടയത്തെ ജനസമ്പര്‍ക്ക പരിപാടി.

കോട്ടയത്ത്‌ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്‌ 60,429 പരാതികളാണ.്‌ തൃശൂര്‍ കഴിഞ്ഞാല്‍ കോട്ടയത്താണ്‌ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്‌. മൂന്നാം സ്‌ഥാനം മലപ്പുറത്തിനാണ്‌. വ്യക്‌തിഗത ആനുകൂല്യങ്ങളാണ്‌ ജനസമ്പര്‍ക്ക പരിപാടിയിലൂടെ വിതരണം ചെയ്യുന്നത്‌. ലഭിച്ച പരാതികളില്‍ ഭൂമിസംബന്ധമായ പരാതികളും റേഷന്‍ കാര്‍ഡിലെ എ.പി.എല്‍.-ബി.പി.എല്‍ പട്ടികയിലെ അപാകത പരിഹരിക്കണമെന്ന അപേക്ഷകളും പിന്നീടേ പരിഗണിക്കൂ.

2011 ഡിസംബർ 19, തിങ്കളാഴ്‌ച

ഉമ്മന്‍ചാണ്ടി പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി

ഉമ്മന്‍ചാണ്ടി പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി



ബംഗളൂരു: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കെ ഉമ്മന്‍ചാണ്ടി തമിഴ്നാട് ധനമന്ത്രി ഒ. പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി. പുതിയ ഡാം നിര്‍മിച്ചാല്‍ തമിഴ്നാടിന് ഇപ്പോള്‍ നല്‍കുന്ന വെള്ളം തുടര്‍ന്നും നല്‍കാന്‍ നിയമനിര്‍മാണം നടത്താന്‍ കേരളം തയാറാണെന്ന് ശെല്‍വത്തെ മുഖ്യമന്ത്രി അറിയിച്ചു. ബംഗളൂരുവില്‍ ധനവിനിയോഗം സംബന്ധിച്ച ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടത്തിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലനില്‍ക്കുന്ന വിവാദത്തിനിടെ ഉന്നതതലത്തില്‍ നടന്ന ആദ്യകൂടിക്കാഴ്ചയാണിത്. നിയമനിര്‍മാണം നടത്തി വെള്ളംനല്‍കുന്നതിലുള്ള ഉറപ്പ് സുപ്രീംകോടതിയെ അറിയിക്കും. മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേരളത്തിന്‍െറ ആശങ്ക തമിഴ്നാട് ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതാണ് സംസ്ഥാനത്തിന്‍െറ ആവശ്യം. അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്‍െറ ആശങ്ക കേരളത്തിന് അറിയാം. തമിഴ്നാടിന് വെള്ളമെന്നത് കേരളത്തിന്‍െറ കൂടി ആവശ്യമാണ്. പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും അയല്‍സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് എത്തുന്നത് എന്നതിനാല്‍ ഇപ്പോള്‍ നല്‍കുന്ന അതേ അളവില്‍ വെള്ളം നല്‍കാന്‍ കേരളം തയാറാണ്. പക്ഷേ, കേരളത്തിന്‍െറ ആശങ്കകൂടി തമിഴ്നാട് മനസ്സിലാക്കണം. ഡാമിന് താഴെയുള്ള നിരവധി പേരാണ് പരിഭ്രാന്തിയില്‍ കഴിയുന്നത്. പുതിയ അണക്കെട്ട് തമിഴ്നാടിനെക്കൂടി വിശ്വാസത്തിലെടുത്ത് നിര്‍മിക്കാം. വെള്ളം നല്‍കുന്നതിന് തമിഴ്നാട് എന്ത് നിബന്ധനവെച്ചാലും അത് അംഗീകരിക്കാന്‍ തയാറാണ്. എന്തെങ്കിലും തര്‍ക്കമുണ്ടാവുകയാണെങ്കില്‍ അന്തിമതീരുമാനം സുപ്രീംകോടതിക്ക് വിടാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാത്രിയാത്രാ നിരോധന സമയം കൂട്ടില്ല-ഉമ്മന്‍ചാണ്ടി

ബാംഗ്ലൂര്‍: ബന്ദിപ്പുര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധന സമയം കൂട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

തകര്‍ന്നുകിടക്കുന്ന ബദല്‍പാതയായ ഗുണ്ടല്‍പ്പേട്ട്-ഹുല്‍സൂര്‍-കുട്ട-മാനന്തവാടി റോഡ് ഏപ്രിലോടെ ഗതാഗത യോഗ്യമാക്കുമെന്നും ബൈരക്കുപ്പ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണത്തിനായി ഊര്‍ജിത പ്രവര്‍ത്തനം നടത്തുമെന്നും മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞതായും ഉമ്മന്‍ചാണ്ടി അറിയിച്ചു.

രാത്രിയാത്രാ നിരോധനം മൂലമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സദാനന്ദ ഗൗഡയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണ'യിലാണ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്. ഇതിനുശേഷം ഉമ്മന്‍ചാണ്ടിയാണ് പത്രലേഖകരെ കണ്ടത്.

രാത്രി ഒമ്പത് മുതല്‍ രാവിലെ ആറുവരെയാണ് ഇപ്പോഴത്തെ രാത്രിയാത്രാ നിരോധനം. ഈ സമയം ദീര്‍ഘിപ്പിച്ച് വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ ആക്കാനുള്ള നീക്കം ഉണ്ടായിരുന്നു. എന്നാല്‍, സമയം ദീര്‍ഘിപ്പിക്കില്ലെന്ന് സദാനന്ദ ഗൗഡ കേരളാ സംഘത്തിന് ഉറപ്പുനല്‍കി.

പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ കര്‍ണാടക സര്‍ക്കാറിന് ഇപ്പോള്‍ തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയില്ലെന്ന് സദാനന്ദ ഗൗഡ വിശദീകരിച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സുപ്രീംകോടതിയിലെ നിയമനടപടികള്‍ തീര്‍ന്നാല്‍ ഈ കാര്യത്തില്‍ അനുഭാവത്തോടെയുള്ള സമീപനം എടുക്കുമെന്നും ഗൗഡ അറിയിച്ചിട്ടുണ്ട്.

ബൈരക്കുപ്പ പാലത്തിനും അനുബന്ധ റോഡിനുമായി കര്‍ണാടകത്തിലെയും കേരളത്തിലെയും വനം-പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ജനവരി ആറിന് സ്ഥല പരിശോധന നടത്തും. കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷം ഇവരുടെ നിര്‍ദേശങ്ങള്‍ ജനപ്രതിനിധികള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യും. കേരളത്തില്‍ കെ.കരുണാകരനും കര്‍ണാടകത്തില്‍ വീരപ്പമൊയ്‌ലിയും മുഖ്യമന്ത്രിമാരായിരുന്ന സമയത്ത് ബൈരക്കുപ്പ പാലത്തിനായി തറക്കല്ലിട്ടിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

മൈസൂര്‍ -അരീക്കോട് 400 കെ.വി.ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ നിര്‍മാണം കുടക് ജില്ലയിലെ പ്രതിഷേധം മൂലം നിലച്ചിരിക്കുകയാണ്. ഇവിടത്തെ കര്‍ഷകരുമായും പ്ലാന്‍േറഷന്‍ ഉടമകളുമായും ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി ഗൗഡയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രി പി.കെ.ജയലക്ഷ്മി, എം.പി.മാരായ എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍, എം.എല്‍.എ.മാരായ എം.വി.ശ്രേയാംസ്‌കുമാര്‍, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.