UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

farmers എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
farmers എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, മാർച്ച് 13, വ്യാഴാഴ്‌ച

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കരടുവിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കരടുവിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും-മുഖ്യമന്ത്രി


തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ കരടുവിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിര്‍ത്തി തിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജൈവവൈവിധ്യബോര്‍ഡിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയും സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരവുമാണ് കരടുവിജ്ഞാപനം. 2013 നവംബര്‍ 13 ന് വിജ്ഞാപനം വന്നതിന് തൊട്ടുപിന്നാലെ ഈ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. എല്‍.ഡി.എഫ്. ആ യോഗത്തില്‍ പങ്കെടുത്തില്ല. പങ്കെടുത്ത ബി.ജെ.പി യാകട്ടെ മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം യു.ഡി.എഫ്. സര്‍ക്കാരാകട്ടെ നിശ്ചയദാര്‍ഢ്യത്തോടെ വിദഗ്ദ്ധസമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കരടുവിജ്ഞാപനം ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 13 ന് പുറത്തുവന്ന വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആദ്യം ആ നിര്‍ദ്ദേശങ്ങള്‍ 123 വില്ലേജുകള്‍ക്കും ബാധകമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന കരടുവിജ്ഞാപനത്തോടെ ഈ 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങള്‍, തോട്ടങ്ങള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവ പരിസ്ഥിതിലോലപ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 3115 ചതുരശ്ര കി.മീ. സ്ഥലമാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടത്.

13108 ചതുരശ്ര കി.മീ. സ്ഥലമാണ് ആദ്യം പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസത്തെ കരടുവിജ്ഞാപനത്തോടെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ വിസ്തൃതി 9993.7 ചതുരശ്ര കി.മീറ്ററായി കുറഞ്ഞു. ഇതില്‍ 9107 ചതുരശ്ര കി.മീ. സ്ഥലം വനവും 886.7 ചതുരശ്ര കി.മീ. സ്ഥലം പാറക്കെട്ടുകളും പുല്‍മേടുകളും ജലാശയങ്ങളുമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞദിവസം പുറത്തുവന്നത് കരടുവിജ്ഞാപനമായതിനാല്‍ അത് നടപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടോയെന്ന ചോദ്യത്തിന് അവകാശമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കരടുവിജ്ഞാപനത്തില്‍ ചില പ്രദേശങ്ങളെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിയുള്ളവര്‍ക്ക് അത് നല്‍കാം. അതിന് സമയം അനുവദിച്ചിട്ടുണ്ട്. പരാതി ശരിയോയെന്ന് പരിശോധിച്ച് വേണ്ട നടപടിയെടുക്കും. എന്നാല്‍ സര്‍ക്കാരിന് വിജ്ഞാപനം നടപ്പാക്കുന്നതിന് താമസമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

2014, മാർച്ച് 5, ബുധനാഴ്‌ച

വരള്‍ച്ച: ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കും

വരള്‍ച്ച: ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കും - മുഖ്യമന്ത്രി


തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള മൂന്നുലക്ഷം രൂപ വരെയുള്ള കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ ജൂണ്‍ 30 വരെ നിര്‍ത്തിവെയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതുപോലെ, മറ്റു വാണിജ്യബാങ്കുകളില്‍ നിന്നുള്ള അഞ്ചുലക്ഷം രൂപ വരെയുള്ള കാര്‍ഷിക-വിദ്യാഭ്യാസ വായ്പകളുടെ ജപ്തി നടപടികളും നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം വരള്‍ച്ചയെ നേരിടുന്ന അവസരത്തില്‍, ബാങ്കുകളില്‍നിന്ന് ജപ്തി നടപടികള്‍ വരുന്നതായുള്ള കാര്‍ഷിക-വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പരാതികള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. വരള്‍ച്ച നേരിടാന്‍ വേണ്ട നടപടികളെക്കുറിച്ച് നേരത്തെ തീരുമാനിച്ചിരുന്നു. അതിനനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ലക്ഷ്യം കര്‍ഷകര്‍ക്ക് പലിശരഹിത വായ്‌പ

സര്‍ക്കാരിന്റെ ലക്ഷ്യം കര്‍ഷകര്‍ക്ക് പലിശ രഹിതവായ്‌പ - മുഖ്യമന്ത്രി

അഗ്രികാര്‍ഡ് വിതരണം തുടങ്ങി 
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് കൃഷി വായ്പയും സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യവും ലഭ്യമാകുന്നതിനായി നടപ്പാക്കുന്ന അഗ്രികാര്‍ഡിന്റെ വിതരണം തുടങ്ങി. കൃഷിവകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത 18. 77 ലക്ഷം കര്‍ഷകര്‍ക്ക് കനറാ ബാങ്കാണ് കാര്‍ഡ് നല്‍കുന്നത്.

ബാങ്കുകളില്‍നിന്ന് 4.1 ശതമാനം പരിശനിരക്കില്‍ കാര്‍ഷിക വായ്പ, ഏഴു ശതമാനം നിരക്കില്‍ മധ്യകാല - ദീര്‍ഘകാല വായ്പ തുടങ്ങിയ ആനുകൂല്യങ്ങളും കാര്‍ഡുടമകള്‍ക്ക് ലഭിക്കും. ഈ വായ്പകളുടെ 50 ശതമാനം പലിശ സബ്‌സിഡി സര്‍ക്കാര്‍ നല്‍കും.

അഗ്രികാര്‍ഡിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര - സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിച്ചാല്‍ ഇത് സാധ്യമാവും. ഇക്കാര്യത്തില്‍ കൂടുതല്‍ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ പ്രത്യേകം അപേക്ഷ നല്‍കിയാല്‍ രജിസ്‌ട്രേഷന് അവസരം നല്‍കുമെന്നും രജിസ്റ്റര്‍ ചെയ്ത 18.77 ലക്ഷം കര്‍ഷകരുടെ എല്ലാ വിവരവും ഉള്‍പ്പെടുത്തി ഡാറ്റാ ബാങ്ക് കൃഷി വകുപ്പ് തയാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഡ് വിതരണോദ്ഘാടനം മന്ത്രി കെ.എം. മാണിയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം മന്ത്രി വി.എസ്. ശിവകുമാറും ഉദ്ഘാടനം ചെയ്തു. കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, പി.സി. വിഷ്ണുനാഥ് എം. എല്‍.എ, നഗരസഭാ കൗണ്‍സിലര്‍ പാളയം രാജന്‍, കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍, കനറാ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ്. റാവത്ത്, റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ ശര്‍മ, നബാര്‍ഡ് ജനറല്‍ മാനേജര്‍ എന്‍. രമേഷ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. രമേശ് തുടങ്ങിയവരും പങ്കെടുത്തു. 

മുന്‍വിജ്ഞാപനം പിന്‍വലിക്കലല്ല ആവശ്യം; കേരളം പറഞ്ഞമാറ്റം വരുത്തണം

മുന്‍വിജ്ഞാപനം പിന്‍വലിക്കലല്ല ആവശ്യം; കേരളം പറഞ്ഞമാറ്റം വരുത്തണം-മുഖ്യമന്ത്രി




കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്



*വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വരും
* ചെയ്യാവുന്നതെല്ലാം ചെയ്തു


തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് നവംബര്‍ 13ന്റെ വിജ്ഞാപനം പിന്‍വലിക്കലല്ല സംസ്ഥാനത്തിന്റെ ആവശ്യമെന്നും അതിന് കേരളം പറഞ്ഞ മാറ്റങ്ങള്‍ വരുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേന്ദ്ര തീരുമാനം വരുന്നതിന് മുമ്പ് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും വരും. രണ്ടില്‍ ഏത് റിപ്പോര്‍ട്ട് വേണമെന്ന് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതിയുടെ ഗ്രീന്‍ബെഞ്ച് നിലപാട് എടുത്തിരുന്നു. അപ്പോഴാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനായി വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പശ്ചിമഘട്ടത്തില്‍ വരുന്ന ആറു സംസ്ഥാനങ്ങളും ഒന്നിച്ച് നിലപാടെടുത്തിരുന്നു-മുഖ്യമന്ത്രി പറഞ്ഞു  യാഥാര്‍ഥ്യങ്ങള്‍ എല്ലാവരും മനസ്സിലാക്കണം. വികാരപരമായി അഭിപ്രായം പറഞ്ഞുപോകാന്‍ പറ്റുന്ന കാര്യമല്ലിത്-അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിന്റെ നിലപാട് വ്യക്തമായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുടെ പ്രതികരണം സാവകാശത്തിലാണ്. അതേസമയം കേരളം മുന്‍കൈയെടുത്ത് ചെയ്യാവുന്നതെല്ലാം ചെയ്തു.
മറ്റ് സംസ്ഥാനങ്ങളുടെ പ്രതികരണത്തിനായി കേന്ദ്രം കാത്തിരിക്കാന്‍ പാടില്ല. കേന്ദ്രത്തിന് കേരളം കൊടുത്ത റിപ്പോര്‍ട്ട് പഠിച്ച് അതിനനുസരിച്ച തീരുമാനം എടുക്കണം.

വനം ഏതെന്നും കൃഷിഭൂമി ഏതെന്നും പ്ലാന്‍േറഷന്‍ ഏതെന്നും എല്ലാം വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്. കേരളം പറഞ്ഞകാര്യങ്ങള്‍ കേന്ദ്രം അംഗീകരിക്കണം. ജനപങ്കാളിത്തത്തോടെ വനസംരക്ഷണം വേണം. പരിസ്ഥിതി സംരക്ഷണംവേണം. ജനങ്ങളെ ആട്ടിയോടിച്ചല്ല അത് ചെയ്യേണ്ടത്. ജനവാസകേന്ദ്രം, കൃഷിസ്ഥലം, പ്ലാന്‍േറഷന്‍സ് ഇത് മൂന്നും സംരക്ഷിക്കണം. ജനങ്ങളുടെ സഹകരണത്തോടെ വനസംരക്ഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്-മുഖ്യമന്ത്രി പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയിലൂടെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിവേണം നടപ്പിലാക്കേണ്ടതെന്നാണ് യു.ഡി.എഫിന്റെ നിലപാട്. പിണറായി വിജയന്‍ തന്ന കത്തിലും ഇതേ ആവശ്യമാണുള്ളത്-മുഖ്യമന്ത്രി വ്യക്തമാക്കി.

ഇ.എഫ്.എല്‍. നിയമഭേദഗതിയെക്കുറിച്ച് മന്ത്രിസഭ തീരുമാനമൊന്നും എടുത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

2014, മാർച്ച് 2, ഞായറാഴ്‌ച

നെല്ലിന്റെ സംഭരണവില 20 രൂപ പരിഗണനയില്‍

നെല്ലിന്റെ സംഭരണവില 20 രൂപ പരിഗണനയില്‍- മുഖ്യമന്ത്രി



തൃശ്ശൂര്‍: പൊന്നാനിയും തൃശ്ശൂരും അതിരിടുന്ന കോള്‍പ്പാടങ്ങളില്‍ നെല്‍ക്കൃഷിയുടെ സമൃദ്ധി ലക്ഷ്യമാക്കിക്കൊണ്ടുള്ള 425 കോടിയുടെ സമഗ്ര കോള്‍വികസനപദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കമിട്ടു. ഏനാമ്മാവ് ബണ്ടിന്റെ പരിസരത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും നിറഞ്ഞ സാന്നിധ്യമുണ്ടായി.

നെല്ലിന്റെ സംഭരണവില 20 രൂപയാക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ശനിയാഴ്ച രാത്രിതന്നെ ഇതുസംബന്ധിച്ച് ഡല്‍ഹിയുമായി ബന്ധപ്പെടുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നെല്‍ക്കൃഷി സര്‍ക്കാരിന് മുന്തിയ പരിഗണനാവിഷയമാണ്. ഒരു കിലോ നെല്ലിന് 13.10 രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കുമ്പോള്‍ 5.90 രൂപ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. 295 കോടിയാണ് ഈയിനത്തില്‍ സര്‍ക്കാരിന്റെ ബാധ്യത.

പദ്ധതിയും പണവും ഉണ്ടെങ്കിലും പല പദ്ധതികളും തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കുട്ടനാടന്‍ പാക്കേജും ഇടുക്കി പദ്ധതിയുമൊക്കെ ഇതിനുള്ള ഉദാഹരണങ്ങളാണ്. അതിനാല്‍ തൃശ്ശൂര്‍-പൊന്നാനി കോള്‍നില വികസനപദ്ധതി പൂര്‍ത്തിയാക്കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ജനപ്രതിനിധികളോട് അഭ്യര്‍ഥിച്ചു. കോള്‍ബണ്ടിന്റെ നിര്‍മാണത്തിന് മണ്ണെടുക്കുന്ന കാര്യത്തിലുള്ള സാങ്കേതികപ്രശ്‌നം തിരുവനന്തപുരത്ത് ചെന്നാലുടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. 425 കോടിയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികളുടെയും മറ്റ് കാര്‍ഷികവികസന പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെ സമാരംഭച്ചടങ്ങിന് പി.സി. ചാക്കോ എം.പി. ആധ്യക്ഷ്യം വഹിച്ചു.



നന്ദി, പി.സി. ചാക്കോയ്ക്ക്- മുഖ്യമന്ത്രി


തൃശ്ശൂര്‍: 425 കോടിയുടെ സമഗ്ര കോള്‍വികസനപദ്ധതി അംഗീകരിച്ച് പണം അനുവദിച്ചതിന് തന്റെയും സര്‍ക്കാരിന്റെയും നന്ദി പി.സി. ചാക്കോയ്ക്കാണെന്ന് മുഖ്യമന്ത്രി. പദ്ധതിയുടെ അംഗീകാരത്തിനുള്ള നന്ദി കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിനാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ പി.സി. ചാക്കോ പറഞ്ഞു. അതിനുള്ള മറുപടിയിലാണ് 'ചാക്കോയുടെ നന്ദി ശരത്പവാറിനാണെങ്കില്‍ എന്റെയും സര്‍ക്കാരിന്റെയും നന്ദി പി.സി. ചാക്കോയ്ക്കാണെന്ന്' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചത്. തനിക്കോ മന്ത്രിസഭാ അംഗങ്ങള്‍ക്കോ കോള്‍കൃഷിപദ്ധതിയുമായി ഡല്‍ഹിയില്‍ ഒരുതവണപോലും പോകേണ്ടിവന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2014, മാർച്ച് 1, ശനിയാഴ്‌ച

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം മാറ്റംവരുത്തിയേ മതിയാകൂ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം മാറ്റംവരുത്തിയേ മതിയാകൂ -മുഖ്യമന്ത്രി





തൃശ്ശൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും തീരദേശനിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ടിലും കേന്ദ്രം മാറ്റങ്ങള്‍ വരുത്തിയേ മതിയാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി നയിക്കുന്ന ജനപക്ഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, തീരദേശനിയന്ത്രണം എന്നിവയില്‍ കേരളം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവയില്‍ അന്തിമതീരുമാനം പെട്ടെന്നുണ്ടാകണം. മറ്റു സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയില്ല എന്ന കാരണം പറഞ്ഞ് ഇതു വൈകിക്കരുത്. മറ്റു സംസ്ഥാനങ്ങളുടെ വീഴ്ചയ്ക്ക് കേരളംകൂടി ശിക്ഷ അനുഭവിക്കുന്ന സ്ഥിതി വരരുത്. പരിസ്ഥിതിസംരക്ഷണം ജനകീയപങ്കാളിത്തത്തോടെ വേണം എന്നതാണ് കേരളത്തിന്റെ അഭിപ്രായം. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും എല്ലാം ഇതില്‍ പങ്കാളിത്തം വേണം.

രക്ഷായാത്ര നടത്തിയതുകൊണ്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രക്ഷപ്പെടില്ല. സി.പി.എമ്മിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധം ഫലത്തില്‍ ബി.ജെ.പി.യെ സഹായിക്കുകയാണ് ചെയ്യുന്നത്. സി.പി.എമ്മിന്റെ ശക്തിക്ഷയത്തിനു കാരണം ഈ വിരോധമാണ്. സ്വന്തം ശക്തിയില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് യു.ഡി.എഫില്‍നിന്ന് പലരെയും പ്രതീക്ഷിക്കുന്നത്.

ബി.ജെ.പി.ക്ക് കോണ്‍ഗ്രസ്സിനെ രാഷ്ട്രീയമായി നേരിടാന്‍ സാധിക്കില്ല. അതുകൊണ്ട് വര്‍ഗ്ഗീയത കരുവായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇന്ത്യ എന്നും ഉയര്‍ത്തിപ്പിടിച്ച മതേതരത്വം എന്ന മൂല്യം വിജയിക്കുന്ന അവസ്ഥ ഉണ്ടാക്കണം - മുഖ്യമന്ത്രി പറഞ്ഞു.

തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. എം.പി.മാരായ പി.സി. ചാക്കോ, കെ.പി. ധനപാലന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിരായ ശൂരനാട് രാജശേഖരന്‍, സി. ചന്ദ്രന്‍, വി. ബാലറാം, എം.പി. ജാക്‌സണ്‍, എം.എല്‍.എ.മാരായ പി.എ. മാധവന്‍, എം.പി. വിന്‍സെന്റ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ഇ.എഫ്.എല്‍. നിയമം അധാര്‍മികം



ഇ.എഫ്.എല്‍. നിയമം അധാര്‍മികം-മുഖ്യമന്ത്രി



തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബലപ്രദേശം സംബന്ധിച്ച നിയമം അധാര്‍മികമാണെന്നും ഈ വിഷയത്തില്‍ ആദ്യംമുതല്‍ താന്‍ ഈ നിലപാടാണെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബുധനാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്‌കരണം നടപ്പിലാക്കിയകാലത്തുപോലും ഭൂമി വിലകൊടുത്താണ് എടുത്തിട്ടുള്ളത്. ഇപ്പോള്‍ പട്ടയഭൂമിപോലും വിലകൊടുക്കാതെ എടുത്തു. ചെറുകിടക്കാരില്‍ നിന്ന് അങ്ങനെ ഏറ്റെടുത്ത സാഹചര്യത്തില്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അതേസമയം പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം നഷ്ടപ്പെടാനും പാടില്ല-മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, വിദഗ്ദ്ധസമിതിയെ നിയോഗിച്ച് അവരുടെ റിപ്പോര്‍ട്ടും കേന്ദ്രത്തിന് നല്‍കി. കൂടാതെ ഗ്രൗണ്ട് ലവല്‍ സ്റ്റഡി, സര്‍വേ എന്നിവ നടത്തി അതിന്റെ റിപ്പോര്‍ട്ടും കൊടുത്തു. പശ്ചിമഘട്ടത്തില്‍പ്പെട്ട ആറു സംസ്ഥാനങ്ങളില്‍ കേരളം മാത്രമേ ഇത്രയും ചെയ്തിട്ടുള്ളൂ. അതുകൊണ്ട് കേരളത്തിന്റെ കാര്യത്തില്‍ എത്രയും പെട്ടെന്ന് കേന്ദ്രം തീരുമാനമെടുക്കണം. പ്രത്യേക ഇളവല്ല, സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് ചോദിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ വനം സംസ്ഥാനത്തുണ്ട്. ജനങ്ങളുടെ സഹകരണത്തോടെ വനസംരക്ഷണം തുടരുകയും ചെയ്യും. അതിനാല്‍ മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നത് ശരിയാണെന്ന് കരുതുന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ നേരത്തെ അറിയിച്ചതുകൊണ്ട് ശിക്ഷിക്കണോ-മുഖ്യമന്ത്രി ചോദിച്ചു.ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞിട്ടുള്ളത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചു.

ഇത് രാഷ്ട്രീയമല്ല. അവിടെ താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തിന്റെ പ്രശ്‌നമാണ്. അവരുടെ നിലനില്പിന്റെ പ്രശ്‌നമാണ്. അതിന് പരിഹാരം കണ്ടേ മതിയാവൂ. ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ തീരുമാനം ഉണ്ടാകണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

വ്യാഴാഴ്ച കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. നമ്മുടെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കേരളത്തിന്റെ നിലപാട് കേന്ദ്രത്തിന് അറിയാം. അതനുസരിച്ചുള്ള പ്രതികരണം ഉണ്ടാവുമെന്നാണ് കരുതുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും പരാതികളോ നിര്‍ദ്ദേശങ്ങളോ ശമ്പളക്കമ്മീഷന് നല്‍കാനുണ്ടെങ്കില്‍ അത് ലഭിച്ചാല്‍ കമ്മീഷന് റഫര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാളികേര വികസന കോര്‍പ്പറേഷന്‍ പുനഃസ്ഥാപിക്കും


നാളികേര വികസന കോര്‍പ്പറേഷന്‍ പുനഃസ്ഥാപിക്കും 

തിരുവനന്തപുരം: കൃഷിവകുപ്പിന്റെ ആവശ്യം അംഗീകരിച്ച് സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നതാണ്. അത് പുനരാരംഭിക്കാനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ കൃഷിവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

നെല്ലിന് കിലോഗ്രാമിന് 20 രൂപ നല്‍കും: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

നെല്ലിന് കിലോഗ്രാമിന് 20 രൂപ നല്‍കും: 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  




തൃശൂര്‍ * നെല്ല്‌സംഭരണംവഴി കര്‍ഷകനു കിലോഗ്രാമിന് 20 രൂപയെങ്കിലും ലഭ്യമാക്കുകയാണു സര്‍ക്കാര്‍ലക്ഷ്യമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെമ്പൂക്കാവില്‍ നിര്‍മാണം ആരംഭിക്കുന്ന കാര്‍ഷിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നെല്ലിന്റെ സംഭരണവില ഉയര്‍ത്തണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല പ്രതികരണമാണു പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ 18 രൂപയാണു നല്‍കുന്നത്. ഇതില്‍ നാലു രൂപ സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയാണ്.

കേന്ദ്രം സംഭരണവില വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തുക വര്‍ധിപ്പിക്കും. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ ഉല്‍പാദനം വര്‍ധിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ക്ഷീരകര്‍ഷകരുടെ ആനുകൂല്യം വര്‍ധിപ്പിച്ചതോടെ പാലുല്‍പാദനം വര്‍ധിച്ചു. റബറിനു വിലയിടിവു വന്നപ്പോള്‍ സംഭരണത്തിനു സര്‍ക്കാര്‍ തീരുമാനമെടുത്തു. ഒരു കിലോ റബറിന് സംഭരണവില 10 രൂപ വര്‍ധിപ്പിച്ചു.

റബറിനു കിലോഗ്രാമിന് 17 രൂപ സംഭരണവില എത്തിക്കുന്നതും സര്‍ക്കാര്‍ ലക്ഷ്യമാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയിലൂടെ മാത്രമേ സാമ്പത്തിക കുതിപ്പ് സാധ്യമാകൂ. ഹൈടെക് കൃഷിസമ്പ്രദായത്തെ ജനങ്ങള്‍ താല്‍പര്യപൂര്‍വം ഉറ്റുനോക്കുന്നു. എട്ടു നിലയോടുകൂടി സമയബന്ധിതമായി കാര്‍ഷിക സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനായി മുഴുവന്‍ തുകയും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂൺ 12, ചൊവ്വാഴ്ച

മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്വീകാര്യമല്ല


 മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ ഇത് സംബന്ധിച്ച് മുന്‍ വൈദ്യുതമന്ത്രി കൂടിയായ എ.കെ. ബാലന്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അതിരപ്പള്ളി പദ്ധതി വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വ്യക്തമാക്കി. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ഒന്‍പത് നിര്‍ദേശങ്ങളിലുള്ള വിയോജിപ്പ് വ്യക്തമാക്കി ജനുവരി 31 ന് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കമ്മറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കമ്മറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ 1957 ന് മുന്‍പുള്ള പദ്ധതികള്‍ പോലും കേരളത്തിന് നഷ്ടമാകുമെന്ന് എ.കെ. ബാലന്‍ ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. ഇതോടെ ഭാവിയില്‍ ഇവിടെ യാതൊരു വികസന പ്രവര്‍ത്തനവും നടത്താന്‍ കഴിയാതെ വരും. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പ്രദേശം പരിസ്ഥിതി ദുര്‍ബലപ്രദേശം പോലുമല്ല. എന്നിട്ടും റിപ്പോര്‍ട്ടില്‍ ഇത്തരത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചീമേനി താപവൈദ്യുതി നിലയം അട്ടിമറിക്കാനാണ് ഇതെന്നും എ.കെ. ബാലന്‍ ആരോപിച്ചു. കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

2012, ഫെബ്രുവരി 15, ബുധനാഴ്‌ച

കാര്‍ഷികമേഖലയിലൂടെ മാത്രമേ കേരളത്തിന് രക്ഷയുള്ളൂ - മുഖ്യമന്ത്രി

തിരുവനന്തപുരം: കാര്‍ഷികമേഖലയില്‍ ഉണര്‍വോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ കേരളത്തെ സാമ്പത്തികശക്തിയാക്കി മാറ്റുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. ഇതിനായി കേരളീയര്‍ സ്വയംപര്യാപ്തത മുദ്രാവാക്യമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആഹ്വാനം ചെയ്തു.

സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷികമേഖലയില്‍ റബ്ബര്‍ കൃഷിയൊഴികെയുള്ളവയില്‍ സംസ്ഥാനത്തിന് അഭിമാനിക്കാനായൊരു നേട്ടവുമില്ല. മറ്റൊരു കൃഷിമേഖലയിലും സംസ്ഥാനത്തിന് അവകാശവാദമുയര്‍ത്താനാകാത്ത അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സ്വന്തമെന്നഭിമാനിച്ചിരുന്ന നാളികേരം, നെല്ല് എന്നിവയുടെ കാര്യത്തില്‍പോലും വന്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.

പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ കാര്യത്തിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമം കേരളം ആരംഭിക്കേണ്ടിയിരിക്കുന്നു. കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിന് ഏവരും തയ്യാറകണം. കാര്‍ഷികമേഖലയില്‍ അധ്വാനിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളെയും ജനം അറിയണം. അതിനുള്ള അവസരം മാധ്യമങ്ങള്‍ സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കുമുള്ള ആനുകൂല്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ അത്തരക്കാരിലെത്തുന്നില്ലെന്നതാണ് പ്രശ്‌നമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു.

കാര്‍ഷികമേഖല സംബന്ധിച്ചുള്ള രണ്ട് പുസ്തകങ്ങള്‍ മന്ത്രി കെ.പി.മോഹനന്‍, കെ. മുരളീധരന്‍ എം.എല്‍.എ. എന്നിവര്‍ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കെ. മുരളീധരന്‍ എം.എല്‍.എ., കൃഷിവകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പ്രിന്‍സിപ്പല്‍ ഫാം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.എം.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം തുടരും മനുഷ്യത്വമുള്ളവര്‍ അണിചേരണം


'എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം തുടരും' മനുഷ്യത്വമുള്ളവര്‍ അണിചേരണം






എന്‍ഡോസള്‍ഫാന്‍ കീടനാശിനികള്‍ക്കെതിരായ   പോരാട്ടത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി.


മനുഷ്യത്വമുള്ളവര്‍ ഈ ജനവിരുദ്ധമായ കീടനാശിനികള്‍ക്കെതിരെ  അണിചേരണമെന്ന് 
മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാലാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റബര്‍ വിലയിടിവിന് കാരണം ഇറക്കുമതിയല്ല

തിരുവനന്തപുരം: റബര്‍ വിലയിടിവിന് കാരണം ഇറക്കുമതിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റബര്‍ വിപണി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഊഹക്കച്ചവടമാണെന്നും അദ്ദേഹം പറഞ്ഞു.  വെയര്‍ഹൗസ് രസീത് സമ്പ്രദായത്തെപ്പറ്റി വെയര്‍ഹൗസിങ് ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവചേര്‍ന്ന് നടത്തിയ  സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ റബര്‍ വിപണി ശക്തമാണ്. റബര്‍വിലയിടിവിന് ഇറക്കുമതി കാരണമാകുന്നില്ല.

എന്നാല്‍, ഇറക്കുമതി വിലയിടിക്കുമെന്ന് തെറ്റായ പ്രചാരണം ഉണ്ടാകുമ്പോള്‍ കൂടുതല്‍ റബര്‍ വിപണിയിലെത്തുകയും വിലയിടിയുകയും ചെയ്യും. ഊഹക്കച്ചവടക്കാര്‍ വിലയിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. റബര്‍ കര്‍ഷകരെ ചൂഷണം  ചെയ്യുന്ന ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണം. കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്തെ ഒമ്പത് സംഭരണശാലകളില്‍ കര്‍ഷകര്‍ സൂക്ഷിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പകരം ലഭിക്കുന്ന രസീതിലൂടെ ബാങ്ക് വായ്പ ലഭിക്കുന്ന സമ്പ്രദായം 20 സംഭരണശാലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ പുതിയ ഫ്രൈറ്റ് സ്‌റ്റേഷന് സെപ്റ്റംബറില്‍ ശിലയിടുമെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് അറിയിച്ചു.

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

എന്‍ഡോസള്‍ഫാന്‍: കേന്ദ്രനിലപാടിനോട് യോജിപ്പില്ല


തിരുവനന്തപുരം: കേന്ദ്രത്തിന്റെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനവുമായി രംഗത്ത്. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് മൂലമല്ല കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായത് എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


കാസര്‍കോട്ടെ ചില മേഖലകളിലുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കീടനാശിനി തളിക്കുന്നത് മൂലമാണ് എന്നുതന്നെയാണ് തങ്ങളുടെ അഭിപ്രായം. അവിടത്തെ പ്രസ്തുത പഞ്ചായത്തുകളിലെ മനുഷ്യരുടെ ജീവിതവും രോഗാവസ്ഥയും വേദനാജനകമാണ്. ഇക്കാര്യത്തില്‍ കേന്ദ്രകൃഷി മന്ത്രാലയം എടുത്ത നിലപാടിനോടുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന നിലപാട് കഴിഞ്ഞദിവസമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. കൃഷി മന്ത്രാലയം ഡയറക്ടര്‍ വന്ദന ജെയിന്‍ ഇത് സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനോടാണ് മുഖ്യമന്ത്രി വിയോജിച്ചത്.


2011, ജൂലൈ 24, ഞായറാഴ്‌ച

പാടശേഖരങ്ങളിലെ മത്സ്യക്കൃഷി വ്യാപിപ്പിക്കും - മുഖ്യമന്ത്രി





തിരുവനന്തപുരം: ഈ വര്‍ഷം പതിനായിരം ഹെക്ടര്‍ പാടശേഖരങ്ങളിലേക്ക് മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവഴി 5000 ടണ്‍ ഉദ്പാദനം ലക്ഷ്യമിടുന്നു. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പാടശേഖരങ്ങളിലെ മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട് കൃഷി, ഗ്രാമവികസനം, ജലസേചനം, ഫിഷറീസ്, നബാര്‍ഡ്, എം.പി.ഇ.ഡി.എ എന്നീ ഏജന്‍സികളുടെ സംയുക്ത സമിതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാര്‍ഷികോത്പാദന കമ്മീഷണറായിരിക്കും കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൃഷിക്ക് ഒട്ടുംതന്നെ അനുയോജ്യമല്ലാത്ത പാടങ്ങളില്‍ മത്സ്യക്കൃഷി നടത്തുന്നതിന് കൃഷിവകുപ്പില്‍ നിന്നും അനുവാദം ലഭിക്കാത്ത സാഹചര്യം പരിശോധിച്ച് തീരുമാനമെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

2011, ജൂലൈ 19, ചൊവ്വാഴ്ച

റബര്‍ ഇറക്കുമതി കര്‍ഷകര്‍ക്ക് ദോഷം ചെയ്താല്‍ ഫലപ്രദമായി ഇടപെടും: മുഖ്യമന്ത്രി



Imageതിരുവനന്തപുരം: റബ്ബര്‍ ഇറക്കുമതി തീരുമാനത്തിനെതിരായുള്ള സംസ്ഥാനത്തിന്റെ വികാരം കേന്ദ്രത്തെ അറിയിക്കുമെന്നും തീരുമാനത്തിന്റെ പ്രത്യാഘാതം കര്‍ഷകരെ ദോഷം വരുത്തുന്നതാണെങ്കില്‍ ഫലപ്രദമായ ഇടപെടീല്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  സഭയില്‍ അറിയിച്ചു. 
റബറിന്റെ ആഭ്യന്തരവിലയില്‍ ഇടിവുതട്ടുന്ന വിധത്തിലുള്ള ഒരു നടപടിയും ഉണ്ടാവാന്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ നല്ല കിട്ടിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന വില താഴുന്നത് കര്‍ഷകര്‍ക്ക് താങ്ങാനാവില്ല. കഴിഞ്ഞ തവണ 40000 ടണ്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചെങ്കിലും 3500 ടണ്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. ആഭ്യന്തര വിലയെ ഇറക്കുമതി ബാധിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആഭ്യന്തര ഉപഭോഗം ഉല്‍പ്പാദനത്തേക്കാള്‍ കൂടുതലാണെന്ന റബര്‍ബോര്‍ഡിന്റെ കണക്കാണ് കേന്ദ്രം ഇറക്കുമതിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ഇത് ഒഴിവാക്കണം. കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിപക്ഷനേതാവുമായി കൂടിയാലോചിച്ച് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

2011, ജൂലൈ 6, ബുധനാഴ്‌ച

എന്‍ഡോസള്‍ഫാന്‍: മന്ത്രിസഭാ ഉപസമിതിയില്‍ കാര്‍ഷിക ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തും

Imageതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധനത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയില്‍ കാര്‍ഷിക ശാസ്ത്രജ്ഞരടങ്ങിയ വിദഗ്ധ സംഘത്തെ ഉള്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.
ആരോഗ്യ, കൃഷി, സാമൂഹിക ക്ഷേമമന്ത്രിമാരടങ്ങുന്ന മൂന്നംഗ സമിതിയാണ് പഠനം നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്റെ പശ്ചാത്തലത്തിലുള്ള ആരോഗ്യ, കാര്‍ഷിക, പുനരധിവാസ പ്രശ്‌നങ്ങളെക്കുറിച്ചായിരിക്കും സമിതി പഠിക്കുക. സംസ്ഥാനത്ത് കീടനാശിനി നയം രൂപീകരിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുമെന്നും ജോസഫ് വാഴയ്ക്കന്റെ ശ്രദ്ധ ക്ഷണിക്കലിനു മുഖ്യമന്ത്രി മറുപടി നല്‍കി. ജൈവകീടനാശിനികള്‍ കമ്പോളത്തില്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. കര്‍ഷകര്‍ക്കിടയില്‍ ജൈവകീടനാശിനികള്‍ക്കു സ്വീകാര്യത ലഭിക്കുന്നതിനുള്ള ബോധവല്‍ക്കരണ, പരിശീലന പരിപാടികളാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിവരുന്നത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയ്ക്കു ഫലപ്രദമായ ബദല്‍ കീടനാശിനി കമ്പോളത്തില്‍ സുലഭവമായി ലഭിക്കുന്നതിനു ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 2002ല്‍ ആരംഭിച്ച ഹാര്‍ട്ട് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നു വി.എസ് സുനില്‍കുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിനു മന്ത്രി അടൂര്‍ പ്രകാശ് മറുപടി നല്‍കി.